| Friday, 7th June 2024, 12:12 pm

ഇക്കൊല്ലം ഇത് എത്രാമത്തെയാണെന്ന് വല്ല പിടിയുമുണ്ടോ? റീ റിലീസ് കൊണ്ട് പിടിച്ചു നില്‍ക്കേണ്ടി വരുന്ന തമിഴ് ഇന്‍ഡസ്ട്രി

അമര്‍നാഥ് എം.

പഴയകാലത്തെ മികച്ച സിനിമകള്‍ ഒന്നുകൂടി തിയേറ്ററില്‍ നിന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് സിനിമാപ്രേമികള്‍ ഉണ്ടാകും. തിയേറ്ററുകളില്‍ നിന്ന് കിട്ടുന്ന കൈയടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും ഇടയിലിരുന്ന് ഇഷ്ടനടന്റെ പഴയ സിനിമകള്‍ കാണുന്നതിന്റെ സുഖം വേറെ തന്നെയാണ്. ഈ വര്‍ഷം ആ ആഗ്രഹം കൂടുതല്‍ നിറവേറിയത് തമിഴ്‌നാട്ടുകാര്‍ക്കാണ്. ജനുവരി മുതല്‍ ജൂണ്‍ വരെ ഇരുപതോളം പഴയ സിനിമകളാണ് റീ റിലീസ് ചെയ്തത്.

വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഗൗതം മേനോന്‍- സിലമ്പരസന്‍ കോമ്പോയുടെ വിണ്ണൈത്താണ്ടി വരുവായ ആയിരുന്നു ഈ വര്‍ഷം ആദ്യം റീ റിലീസ് ചെയ്ത തമിഴ് സിനിമ. 14 വര്‍ഷം മുമ്പ് എങ്ങനെയാണോ ഈ സിനിമയെ സ്വീകരിച്ചത് അതുപോലെ തന്നെ ഇത്തവണയും കാര്‍ത്തികിനെയും ജെസ്സിയെയും പ്രേക്ഷകര്‍ സ്വീകരിച്ചു. ഇതിനോടൊപ്പം ഗൗതം മേനോന്റെ ആദ്യ സിനിമയായ മിന്നലേയും, ധനുഷ് ചിത്രം 3യും റീ റിലീസ് ചെയ്തിരുന്നു.

മാര്‍ച്ച് മാസത്തില്‍ തമിഴില്‍ പുതിയ റിലീസുകളൊന്നും ഇല്ലാത്തതിനാല്‍ ധനുഷ് ചിത്രം യാരെടീ നീ മോഹിനിയും, സൂര്യയുടെ വാരണം ആയിരവും വീണ്ടും വെള്ളിത്തിരയിലെത്തി. എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ തകര്‍ത്തോടുന്നതിനാല്‍ ഈ സിനിമകള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല.

എന്നാല്‍ ഏപ്രില്‍ മാസത്തില്‍ റീ റിലീസ് ചെയ്ത വിജയ് ചിത്രം ഗില്ലി ബോക്‌സ് ഓഫീസില്‍ വലിയ കുതിപ്പ് നടത്തി. 20ാം വാര്‍ഷികത്തോടനുബന്ധിച്ച് റിലീസായ ഗില്ലി 15 കോടിയോളമാണ് വേള്‍ഡ് വൈഡായി കളക്ട് ചെയ്തത്. റീ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായി ഗില്ലി മാറി. കേരളത്തിലും ആരാധകര്‍ വേലുവിന്റെ വരവ് ആഘോഷമാക്കി മാറ്റി. ദളപതിയുടെ ഇന്‍ട്രോ സീനും, അപ്പഡി പോട് എന്ന പാട്ടുമെല്ലാം തിയേറ്ററുകളെ ഒരിക്കല്‍ കൂടി പൂരപ്പറമ്പാക്കി മാറ്റി.

വിജയ്‌യുടെ സിനിമക്ക് പിന്നാലെ അജിത്തിന്റെ ഹിറ്റ് ചിത്രങ്ങളും റീ റിലീസിന് തയാറായി. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് അജിത്തിന്റെ ഹിറ്റ് സിനിമകളായ ബില്ല, ദീന എന്നീ സിനിമകള്‍ റീ റിലീസ് ചെയ്തു. എന്നാല്‍ ഗില്ലി നേടിയ വലിയ വിജയം ആവര്‍ത്തിക്കാന്‍ ഈ രണ്ട് സിനിമകള്‍ക്കും സാധിച്ചില്ല. എങ്കിലും ഈ സിനിമകള്‍ 4കെ ദൃശ്യമികവില്‍ ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാന്‍ ആരാധകര്‍ക്ക് അവസരമുണ്ടായി.

ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയതിനോടൊപ്പം ഇന്‍ഡസ്ട്രിയല്‍ ഹിറ്റും കൂടിയായി മാറിയ കമല്‍ ഹാസന്‍- ഷങ്കര്‍ ചിത്രം ഇന്ത്യനും ഒടുവില്‍ റീ റിലീസിന് തയാറെടുക്കുകയാണ്. ഇന്ത്യന്റെ രണ്ടാം ഭാഗം അടുത്ത മാസം റിലീസാകുന്നതിന് മുന്നോടിയായാണ് ആദ്യ ഭാഗം തിയേറ്ററുകളിലെത്തുന്നത്. സേനാപതിയെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ പറ്റാത്തവര്‍ക്ക് ഇതൊരു നല്ല അവസരമാകും.

എ.ആര്‍. മുരുകദോസ്-സൂര്യ എന്നിവരൊന്നിച്ച സൗത്ത് ഇന്ത്യന്‍ സെന്‍സേഷണല്‍ ഹിറ്റ് ചിത്രമായ ഗജിനിയും റീ റിലീസ് ചെയ്യുന്നുണ്ട്. 4കെ റീമാസ്‌റ്റേര്‍ഡ് വേര്‍ഷനാണ് തിയേറ്ററുകളിലെത്തുന്നത്. ഇതിന് പിന്നാലെ വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് പോക്കിരിയും റീ റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന തമിഴ് ഇന്‍ഡസ്ട്രിയുടെ ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് അവസ്ഥ പരിതാപകരമാണ്.

വിജയ്, രജിനി, അജിത്, സൂര്യ, കമല്‍ ഹാസന്‍ എന്നിവരുടെ സിനിമകള്‍ ഫെസ്റ്റിവല്‍ റിലീസ് ഇല്ലാത്തത് തമിഴ് ഇന്‍ഡസ്ട്രിയെ സാരമായി ബാധിച്ചിട്ടുണ്ട്. സിനിമകളൊന്നും ഇല്ലാതെ തിയേറ്ററുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയില്‍ നിന്ന് ഇന്‍ഡസ്ട്രിയെ പിടിച്ചു നിര്‍ത്തിയത് മലയാള സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സും, പിന്നെ ഇത്തരം റീ റിലീസുകളുമാണ്. 2024ന്റെ രണ്ടാം പകുതിയില്‍ ഇറങ്ങുന്ന ബ്രഹ്‌മാണ്ഡ സിനിമകള്‍ ഇതിനൊരു മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം.

Content Highlight: Re release of old movies giving life for the Tamilnadu box office in 2024

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more