ന്യൂദല്‍ഹി: വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമായ ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും പോളിങ് ബൂത്തുകളില്‍ നാളെ വീണ്ടും വോട്ടെടുപ്പ് നടത്തും. ഉത്തര്‍പ്രദേശിലെ കയ്റാന മണ്ഡലത്തിലെ 73 ബൂത്തുകളിലും മഹാരാഷ്ട്രയിലെ ഭണ്ഡാറ ഗോണ്ഡ്യയിലെ 49 പോളിങ് സ്റ്റേഷനുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചത്.
ബി.ജെ.പിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും ഒരുപോലെ നിര്‍ണായകമായ കയ്റാന മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 54.17% ആയിരുന്നു പോളിങ്. വോട്ടിങ് യന്ത്രത്തില്‍ തകരാറുണ്ടെന്ന ആക്ഷേപം ശക്തമായതിനെ തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിച്ചത്.
വോട്ടിങ് യന്ത്രങ്ങളിലല്ല മറിച്ച് വിവിപാറ്റ് യന്ത്രങ്ങളിലാണ് തകരാറെന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി. റാവത്ത് അറിയിച്ചു. ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ച യന്ത്രങ്ങള്‍ പുതിയതും ആദ്യമായി ഉപയോഗിക്കുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കയ്റാനയില്‍ റീപോളിങ് ആവശ്യമാണെന്നു രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ഥി തബസും ഹസനും വിവിധ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. 175 ബൂത്തുകളിലാണ് വോട്ടിങ് ദിനത്തില്‍ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
വോട്ടുയന്ത്രവുമായി ബന്ധിപ്പിച്ച വിവിപാറ്റുകളെക്കുറിച്ചായിരുന്നു കൂടുതലും പരാതി. വോട്ടുയന്ത്രങ്ങള്‍ തകരാറിലാക്കി വോട്ടെടുപ്പ് മുടക്കി വോട്ടര്‍മാരെ തിരിച്ചയക്കുന്ന തന്ത്രം സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.