തിരുവനന്തപുരം: കവിയൂര്‍ പെണ്‍വാണിഭക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് കോടതി. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് ഉത്തരവിട്ടത്. []
കവിയൂര്‍ കേസില്‍ രാഷ്ട്രീയ ഉന്നതര്‍ അനഘയെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കോടതി പറഞ്ഞു.
അനഘ പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും കോടതി ഉത്തരവിട്ടു. കേസില്‍ മൂന്നാം തവണയാണ് തുടരന്വേഷണത്തിന് നിര്‍ദേശിക്കുന്നത്.
അനഘയുടെ ഇളയച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഹരജി ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
അതേസമയം ക്രൈം നന്ദകുമാറും സി.പി.ഐ.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എം.എ ബേബിയും നല്‍കിയിരുന്ന ഹരജികള്‍ കോടതി തള്ളി.
കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ക്രൈം നന്ദകുമാര്‍ ഹരജി നല്‍കിയത്. അതേസമയം കേസില്‍ ക്രൈം നന്ദകുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് കാണിച്ചായിരുന്നു സി.പി.ഐ.എം നേതാക്കള്‍ ഹരജി സമര്‍പ്പിച്ചത്.
കേസിലെ പ്രധാന പ്രതിയായ ലതാ നായരുടെ മൊഴിയില്‍ ക്രൈം നന്ദകുമാറിനെതിരേ പരാമര്‍ശമുണ്ടെന്നും അതുകൊണ്ടുതന്നെ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
നന്ദകുമാര്‍ ജയിലില്‍ പോയി ലതാനായരെ കാണുകയും ഉന്നത രാഷ്ട്രീയക്കാര്‍ക്കെതിരേ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ഇതിന് പണം വാഗ്ദാനം ചെയ്തുവെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ.എം നേതാക്കള്‍ ക്രൈം നന്ദകുമാറിനെതിരേ കോടതിയെ സമീപിച്ചത്.
അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി മാത്രമാണ് പീഡിപ്പിച്ചതെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും സി.ബി.ഐ വാദിച്ചിരുന്നു.
അതേസമയം സി.ബി.ഐയുടെ ഈ കണ്ടെത്തല്‍ തെറ്റാണെന്നും അതിനാല്‍ തന്നെ ഇത് ഒഴിവാക്കണമെന്നും ഇത്തരം കണ്ടെത്തല്‍ കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നതാണെന്നും കാണിച്ചാണ് അനഘയുടെ ഇളയച്ഛന്‍ ഹരജി നല്‍കിയത്.