സമ്പത്ത് കസ്റ്റഡി മരണം വീണ്ടും അന്വേഷിക്കണമെന്ന് കോടതി
Kerala
സമ്പത്ത് കസ്റ്റഡി മരണം വീണ്ടും അന്വേഷിക്കണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2013, 3:56 pm

sambathഎറണാകുളം: സമ്പത്ത് കസ്റ്റഡി മരണം വീണ്ടും അന്വേഷിക്കണമെന്ന് കോടതി. എറണാകുളം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.

സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. []

കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം അപൂര്‍ണമാണ്. അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്ന പല കാര്യങ്ങളിലും തൃപ്തിയില്ലെന്നും കോടതി വ്യക്തമാക്കി.

ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ബാറ്റണ്‍ ശാസ്ത്രീയപരിശോധയനയ്ക്ക് വിധേയമാക്കിയിട്ടില്ല. ഈ ബാറ്റണ്‍ ഉപയോഗിച്ചാണ് സമ്പത്തിനെ മര്‍ദ്ദിച്ചത്.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സാക്ഷിമൊഴികള്‍ ഉണ്ടായിട്ടും പരിഗണിക്കാതിരുന്നതെന്താണെന്ന് കോടതി ചോദിച്ചു. കൊല്ലപ്പെട്ട ഷീലയുടെ സഹോദരന്‍ സതീഷിനെ എഡിജിപി മുഹമ്മദ് യാസിന്‍ എട്ടുതവണ വിളിച്ചതെന്തിനാണെന്ന് സി.ബി.ഐ കൃത്യമായി അന്വേഷിച്ചില്ലെന്നും കോടതി പറഞ്ഞു.

സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി പറയുന്നത്.

ആദ്യം സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍, ഡി.ഐ.ജി വിജയ് സാക്കറെ എന്നിവര്‍ പ്രതികളായിരുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഇവരെ ഒഴിവാക്കുകയായിരുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവുകളുണ്ടായിട്ടും സി.ബി.ഐ ഒഴിവാക്കുകയായിരുന്നുവെന്ന് മുരുകേശന്റെ ഹരജിയില്‍ പറയുന്നു. അതിനാല്‍ കുറ്റപത്രം തിരിച്ചുനല്‍കി ഇരുവരെയും പ്രതികളാക്കാന്‍ ഉത്തരവിടണമെന്നാണ് ആവശ്യം.

2010 മാര്‍ച്ച് 29നാണ് സമ്പത്ത് പോലീസ്‌കസ്റ്റഡിയില്‍ മരിച്ചത്. പോലീസ് ഉദ്യോഗസ്ഥരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.

മുഹമ്മദ് യാസിന്‍ തൃശ്ശൂര്‍ ഐ.ജിയും വിജയ് സാഖറെ പാലക്കാട് എസ്.പിയും ആയിരുന്നപ്പോഴാണ് പുത്തൂര്‍ ഷീല കൊലക്കേസില്‍ പ്രതിയായ സമ്പത്ത് പാലക്കാട് പോലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

പാലക്കാട്ടെ പുത്തൂര്‍ സായൂജ്യത്തില്‍ വി.ജയകൃഷ്ണന്റെ ഭാര്യയെ 2010 മാര്‍ച്ച് 23നാണ് വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷീലയുടെ അമ്മ കാര്‍ത്ത്യായനി തലയ്ക്കടിയേറ്റ നിലയിലുമായിരുന്നു വീടിനകത്ത് കിടന്നിരുന്നത്. കവര്‍ച്ചയായിരുന്നു ലക്ഷ്യം.

കൊലപാതകം നടന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഷീലയുടെ മൊബൈല്‍ കടയില്‍ ജോലിക്കെത്തിയതായിരുന്നു സമ്പത്ത്.

എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട സമ്പത്ത് കസ്റ്റഡിയില്‍ മരിച്ചതോടെ കേസന്വേഷണം വഴി മാറുകയായിരുന്നു.  രണ്ടാംപ്രതി കനകരാജിന് കോടതി വധശിക്ഷ വിധിച്ചു.

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. തെളിവില്ലാത്തതിനാല്‍ മൂന്നാം പ്രതി മണികണ്ഠനെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

ഒന്നാം പ്രതി സമ്പത്തിന്റെ ബന്ധുവാണ് കനകരാജന്‍. കോടതി വെറുതെ വിട്ട മണികണ്ഠന്‍ സമ്പത്തിന്റെ സഹോദരീ ഭര്‍ത്താവാണ്.