ന്യൂദല്‍ഹി: ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാറിനെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ബില്‍ക്കീസ് ബാനു കേസിലെ 11 പ്രതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ശിക്ഷ ഇളവ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലായിരുന്നു സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നത്.
ഈ വിമര്‍ശനങ്ങള്‍ പുനപരിശോധിക്കണമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാറിന്റെ ആവശ്യം. ഈ ഹരജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നു, പ്രതികളിലൊരാള്‍ ഗുജറാത്ത് സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു, പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ അധികാരമുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ അധികാരം ഗുജറാത്ത് സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നു എന്നിങ്ങനെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍.
ഗുജറാത്ത് സര്‍ക്കാറിനെതിരായ ഈ പരാമര്‍ശങ്ങള്‍ പുനപരിശോധിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹരജിയില്‍ മെറിറ്റില്ലെന്നും നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ തെറ്റുകളൊന്നുമില്ലെന്ന് കണ്ടെത്തിയാണ് സുപ്രീംകോടതി ഈ ആവശ്യം നിരാകരിച്ചത്.
മാത്രവുമല്ല, പുനപരിശോധന ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ഉജ്വല്‍ ഭുയാനും അടങ്ങിയ ബെഞ്ചാണ് ഗുജറാത്ത് സര്‍ക്കാറിന്റെ ഹരജി തള്ളിയത്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായുണ്ടായ ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിക്കൊണ്ട് 2022 ആഗസ്റ്റ് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടത്. പിന്നീട് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതികള്‍ക്ക് വിവിധ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കി.
എന്നാല്‍ 2024 ജനുവരി 8ന് ഈ ശിക്ഷ ഇളവ് സുപ്രീം കോടതി റദ്ദാക്കുകയും പ്രതികളോട് രണ്ട് മാസത്തിനുള്ളില്‍ ജയിലില്‍ ഹാജരാകാന്‍ ഉത്തരവിടുകയുമായിരുന്നു. പ്രതികള്‍ ജയിലില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യവും കോടതി തള്ളി.