ഫുട്ബാള്‍ ചരിത്രമാകാന്‍ മരക്കാന പുനര്‍ജനിച്ചു
DSport
ഫുട്ബാള്‍ ചരിത്രമാകാന്‍ മരക്കാന പുനര്‍ജനിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th April 2013, 8:47 pm

ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയങ്ങളില്‍ ഉള്‍പ്പെടുന്ന ബ്രസീലിലെ മരക്കാന സ്റ്റേഡിയം നീണ്ട ഒരിടവേളക്കു ശേഷം വീണ്ടും കാണികള്‍ക്കു വേണ്ടി തുറന്നു കൊടുത്തു.

ബ്രസീലിയന്‍ ഫുട്‌ബോളിലെ അതികായകന്മാരായ റൊണാള്‍ഡോയും ബെറ്റോയും നയിച്ച ടീമുകള്‍ തമ്മിലുള്ള സൗഹൃദമത്സരത്തോടെയാണ് പുനര്‍നിര്‍മ്മിച്ച സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നത്. []

മത്സരത്തില്‍ റൊണാള്‍ഡോയുടെ ടീം 8-5ന് ബെബറ്റോയുടെ ടീമിനെ തോല്‍പ്പിച്ചു. ഫുട്ബാള്‍ ചരിത്രത്തിലെ ഒട്ടേറെ നാഴിക കല്ലുകള്‍ ഇതിനകം തന്നെ മരക്കാന സ്റ്റേഡിയത്തിന്റെ പേരിലുണ്ട്.

1950ല്‍ ലോകകപ്പ് ബ്രസീലിലെത്തിയപ്പോള്‍ തങ്ങളുടെ ഫുട്‌ബോള്‍ പ്രണയം ഊര്‍ജ്ജമാക്കി നാട്ടുകാരുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് മരക്കാന സ്‌റ്റേഡിയം.
രണ്ട് ലക്ഷം കാണികളാണ് അന്ന് ഫൈനല്‍ മത്സരം കാണാനെത്തിയത്.

വെറും രണ്ട് വര്‍ഷം കൊണ്ടായിരുന്നു അന്ന് ബ്രസീല്‍ ഈ സ്‌റ്റേഡിയം നിര്‍മ്മിച്ചത്. 1969ല്‍ പെലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ആയിരാമത്തെ ഗോള്‍ നേടിയതും മരകാന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ്.

2014ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലും, 2016ലെ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകളും നടത്താന്‍ തീരുമാനിച്ചിരിക്കുന്നതും മരക്കാന സ്റ്റേഡിയത്തില്‍ വെച്ചാണ്.

എന്നാല്‍ മരകാന സ്‌റ്റേഡിയം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഈ കാര്യക്ഷമത മൂലമല്ല. മൂന്ന് വര്‍ഷത്തോളം സമയമെടുത്താണ് മരകാനയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായത്.

അറ്റകുറ്റപണികള്‍ക്കുശേഷം 78,838 കാണികള്‍ക്കാണ് മരകാനയില്‍ കളികാണാനാവുക. സ്‌റ്റേഡിയത്തിന് അനുബന്ധമായി ഷോപ്പിംഗ് കോംപ്ലക്‌സും കാര്‍ പാര്‍ക്കിംഗും നിര്‍മ്മിച്ചതോടെയാണ് സ്‌റ്റേഡിയത്തിന്റെ ശേഷി കുറഞ്ഞത്.

ബ്രസീലിയന്‍ അഭിമാനസ്തംഭമായ മരകാനയുടെ അറ്റകുറ്റപണികള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാനാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. 30,000 പേര്‍ മാത്രമാണ് ഉദ്ഘാടനമത്സരം കാണാനെത്തിയിരുന്നതെന്നും, മത്സരം നടക്കുമ്പോഴും സ്‌റ്റേഡിയത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നുണ്ടായിരുന്നെന്നും മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.

കോണ്‍ഫെഡറേഷന്‍ കപ്പിന് മുന്നോടിയായി ജൂണ്‍ രണ്ടിന് നടക്കുന്ന ബ്രസീല്‍, ഇംഗ്ലണ്ട് സൗഹൃദമത്സരമാണ് ഇനി മരക്കാനയില്‍ നടക്കുന്ന പ്രധാന മത്സരം.

ജൂണ്‍ 30 മുതലാണ് കോണ്‍ഫെഡറേഷന്‍ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ലോകകപ്പ് ഫുട്‌ബോളിനു ഇനി വര്‍ഷം മാത്രം അവശേഷിക്കെ മരക്കാന സ്‌റ്റേഡിയത്തിനു പുറമേ മറ്റു സ്റ്റേഡിയങ്ങളുടെ അറ്റക്കുറ്റ പണികളും ധൃതിയില്‍  പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ബ്രസീല്‍ ഫുട്ബാള്‍ അക്കാഡമി.