| Saturday, 19th August 2023, 10:12 pm

'ലൊക്കേഷന്‍ കണ്ടപ്പോള്‍ വിജയ്‌യുടെ സിനിമയാണോ എന്ന് തോന്നി, പേടിച്ചുപോയി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സ് എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഷൈന്‍ നിഗവും പെപ്പെയും നീരജ് മാധവും. സിനിമയില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മിക്കപ്പെടുന്നത് ക്ലൈമാക്‌സ് സീനാണെന്ന് മൂവരും പറഞ്ഞു. വിജയ് യുടെ സിനിമയെ പോലെ ഒക്കെയായിരുന്നു ലൊക്കേഷനെന്ന് പെപ്പെ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൂവരും.

ക്ലൈമാക്‌സാണ് ആദ്യം ഷൂട്ട് ചെയ്യുന്നതെന്നും ഫുള്‍ ടൂളൂമായി ഞങ്ങളെ ഗുണ്ടകള്‍ വലയുന്ന ആ സീനില്‍ ആകെ പേടിച്ചുപോയെന്നും നീരജ് മാധവന്‍ പറഞ്ഞു.

‘ക്ലൈമാക്‌സാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്, ഇത് നൈറ്റ് ഷൂട്ടായിരുന്നു. ഞങ്ങള്‍ വൈകുന്നേരം ലൊക്കേഷനിലേക്ക് എത്തുമ്പോള്‍ ദൂരത്ത് നിന്ന് തന്നെ ലൈറ്റ് കാണാമായിരുന്നു. ഒരു ഗ്രൗണ്ട് ഫുള്‍ ലൈറ്റപ്പ് ചെയ്ത്, പടത്തിന്റെ അകത്തുള്ള വണ്ടികള്‍ ഷൂട്ടിങ്ങിനുള്ള വണ്ടികള്‍. അപ്പോള്‍ വന്ന് കണ്ടപ്പോള്‍ നമുടെ പടമാണോ ഇതെന്ന് തോന്നി.

അതിന്റെ അകത്തൊരു സീനുണ്ട് കുറേ പേര്‍ ഞങ്ങളെ ഒരു വണ്ടിയില്‍ വട്ടം ചുറ്റുകയാണ്. വണ്ടിയുടെ അകത്ത് നിന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ ശരിക്കും ഒരു ഭീകരത അനുഭവപ്പെട്ടു. വണ്ടിയില്‍ നിന്ന് ആ സീന്‍ നോക്കിയിട്ട് പടച്ചോനെ എന്ത് ചെയ്യും എന്നായി. ഫുള്‍ ടൂളുമായി ഞങ്ങളെ വളയുന്ന ഒരു സീനുണ്ട് ക്ലൈമാക്‌സില്‍. ആ ഷോട്ടില്‍ ഇവര്‍ വളഞ്ഞുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വണ്ടിയില്‍ ഇരിക്കുകയാണ്. ഇവര്‍ ചുറ്റിലും വന്നിട്ട് എല്ലാവരും കൂടി ക്യാരക്ടറായി നില്‍ക്കുവാണ്, ഇത് കണ്ടിട്ട് ഞങ്ങള്‍ പേടിച്ചുപോയി, ശരിക്കുമൊക്കെ ആയിരുന്നു അങ്ങനെയെങ്കില്‍ എന്ത് ചെയ്യും,’ നീരജ് പറഞ്ഞു.

ഞങ്ങള്‍ ലൊക്കേഷനിലേക്ക് വരുമ്പോള്‍ കാണുന്നത് ഒരു ലോഡ് വണ്ടികള്‍. ക്രെയിന്‍ പോലത്തെ സെറ്റപ്പിനകത്ത് വലിയ ലൈറ്റൊക്കെ സെറ്റ് ചെയ്തിട്ടുണ്ട്. ഒറ്റയടിക്ക് നോക്കുമ്പോള്‍ വിജയ് യുടെ പടം പോലെയൊക്കെ, നമുക്ക് തന്നെ ഇതൊക്കെ കണ്ടിട്ട് പേടിയായെന്ന് പെപ്പെ പറഞ്ഞു.

അഭിമുഖത്തില്‍ സിനിമയിലെ ഡാന്‍സിനെ കുറിച്ച് ഷൈന്‍ നിഗവും സംസാരിച്ചു. കുറച്ച് നാളായിരുന്നു ഡാന്‍സൊക്കെ ചെയ്തിട്ടെന്നും അതിനാല്‍ സ്‌റ്റെപ്പുകള്‍ പഠിച്ചെടുക്കാന്‍ സമയമെടുത്തെന്നും ഷൈന്‍ പറഞ്ഞു.

‘സ്റ്റെപ്പുകള്‍ പഠിച്ചെടുക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. കാരണം കുറച്ച് നാളായി ചെയ്യുന്നുണ്ടായിരുന്നില്ല. പിന്നെ ഈ ഹലബല്ലു പാട്ടിന്റെ സ്പീഡ് കുറച്ച് കൂടുതലായിരുന്നു. അതിലേക്ക് സെറ്റ് ചെയ്‌തെടുക്കാന്‍ റിഹേഴ്‌സലുകള്‍ കുറച്ച് കൂടുതല്‍ പോകേണ്ടി വന്നു. പിന്നെ വെയിലുള്ള സമയത്തായിരുന്നു ഷൂട്ട്. വെയില്‍ അത്യാവശ്യം നല്ലോണം പതഞ്ഞ് നില്‍ക്കുന്ന സമയത്ത് ഇത് ചെയ്യുമ്പോള്‍ അത്ര സുഖമുണ്ടാവില്ല,’ ഷൈന്‍ നിഗം പറഞ്ഞു.

Content Highlights: RDX team talks about climax scene in the film

We use cookies to give you the best possible experience. Learn more