| Thursday, 14th September 2023, 1:09 pm

ആ സീനില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് അന്‍പറിവ് പറഞ്ഞു, വേണ്ടെന്ന് ഞാനും; ആര്‍.ഡി.എക്‌സ് ഫൈറ്റിനെ കുറിച്ച് വിഷ്ണു അഗസ്ത്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സ് സിനിമയിലെ ഫൈറ്റ് രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തില്‍ പോള്‍സണ്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിഷ്ണു അഗസ്ത്യ. ക്ലൈമാക്‌സിലെ ഫൈറ്റ് രംഗത്തിലെ ഒരു സീനില്‍ വേണമെങ്കില്‍ ഡ്യൂപ്പിനെ വെച്ച് ചെയ്യാമെന്ന് അന്‍പറിവ് പറഞ്ഞെങ്കിലും അത് വേണ്ടെന്ന് പറഞ്ഞ് താന്‍ തന്നെ ചെയ്യുകയായിരുന്നു എന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞു. ആ സീന്‍ കഴിഞ്ഞതോടെ അന്‍പറിവും സംവിധായകന്‍ നഹാസുമെല്ലാം അടുത്തെത്തി അഭിനന്ദിച്ചെന്നും താരം പറഞ്ഞു.

‘ അന്‍പറിവിനെപ്പോലൊരു മാസ്റ്റര്‍ വരുമ്പോള്‍ നമ്മള്‍ പ്രിപ്പയേര്‍ഡ് ആവേണ്ടതുണ്ട്. എങ്കിലും 10 ദിവസം കൊണ്ട് വലുതായൊന്നും പ്രിപ്പയര്‍ ചെയ്യാനും പറ്റില്ല. എന്നാലും അവര്‍ ഉപയോഗിക്കുന്ന ടെര്‍മിനോളജിയും എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും പെട്ടെന്ന് കിട്ടാനൊക്കെ ചിലപ്പോള്‍ അത് സഹായിച്ചേക്കും.

നമ്മള്‍ പതുക്കെ പതുക്കെ സിനിമകള്‍ ചെയ്ത് ഒരിക്കല്‍ അന്‍പറിവ് മാസ്റ്റര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് വിചാരിക്കുന്ന സമയത്താണ് പെട്ടെന്ന് അദ്ദേഹത്തെപ്പോലൊരാള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം കിട്ടുന്നത്. എന്നാല്‍ നമ്മള്‍ ആ രീതിയില്‍ എക്യുപ്ഡും അല്ല. അതില്‍ നിന്നുണ്ടാവുന്ന പേടിയിലാണ് ഫൈറ്റ് പഠിക്കാന്‍ പോകുന്നത്.

എങ്ങനെ നന്നായി വീഴാം, എന്തൊക്കെ ചെയ്യാം എന്നതൊക്കെ പഠിക്കാന്‍ പറ്റി. മാത്രമല്ല ഇഞ്ച്വറിയൊന്നും ഇല്ലാതെ വരാന്‍ പറ്റി. ഇന്‍സെക്യൂരിറ്റിയില്‍ നിന്നുണ്ടായതാണ് ഇത്. ശ്രാവണ്‍ സത്യ എന്ന ട്രെയിനറില്‍ നിന്നാണ് പഠിച്ചത്. അദ്ദേഹം സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യുന്ന ആളാണ്. ഒരു ക്രാഷ് കോഴ്‌സ് എന്ന് വേണമെങ്കില്‍ പറയാം.

സിനിമയില്‍ പറന്നുവീണ് തലകുത്തി മറിയുന്ന രംഗങ്ങളുണ്ട്. അതുപോലെ ഫൈനലില്‍ ഒരു ആക്ട് ഉണ്ട്. ഞാന്‍ ഇങ്ങനെ കറങ്ങിപ്പോകുന്നത്. രണ്ട് മൂന്ന് തവണയുണ്ട് ഇത്. ഡ്യൂപ്പിനെ വെക്കണോ, വെച്ചാല്‍ അത്ര ശരിയാകാന്‍ സാധ്യതയില്ല എന്ന് അന്‍പറിവ് മാസ്റ്റര്‍ പറഞ്ഞു. ഡ്യൂപ്പിനെ വെക്കരുതെന്നും ഞാന്‍ തന്നെ ചെയ്യാമെന്നും പറഞ്ഞപ്പോള്‍ ഓക്കെ ചെയ്യാമെന്ന് അവരും പറഞ്ഞു.

അവര്‍ റോപ്പ് കെട്ടുമ്പോഴൊക്കെ എന്നോട് കംഫര്‍ട്ടിബിള്‍ ആണോ എന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ആദ്യത്തെ വട്ടം ചെയ്തപ്പോള്‍ ശരിയായില്ല. അത് ഒന്നൂടെ ചെയ്തു. രണ്ടാമത്തെ തവണ ഓക്കെ പറഞ്ഞു. ചെയ്തു കഴിഞ്ഞു അദ്ദേഹം അടുത്ത് വന്ന്. ഗുഡ് പോള്‍സണ്‍ എന്ന് പറഞ്ഞു. ഇത്തരം രംഗങ്ങള്‍ സാധാരണ ഡ്യൂപ്പുകള്‍ ചെയ്യാറുണ്ട്. ഞാന്‍ ചെയ്തപ്പോള്‍ അവര്‍ ഹാപ്പിയായി. ഒരുപാട് അഭിനന്ദിച്ചു. നഹാസൊക്കെ വന്ന് നന്നായി എന്നു പറഞ്ഞു. തിയേറ്ററില്‍ കാണുമ്പോള്‍ നിനക്ക് ആ സാറ്റിസ്ഫാക്ഷന്‍ കിട്ടുമെന്നൊക്കെ എന്നോട് പറഞ്ഞു.

പോള്‍സണ്‍ എന്ന് തന്നെയാണ് അന്‍പറിവ് സെറ്റില്‍ എന്നെ വിളിക്കുന്നത്. കാര്‍ണിവല്‍ ഫൈറ്റ് ആകുമ്പോഴേക്കും സിനിമയിലെ എല്ലാ ആക്ടേഴ്‌സിന്റേയും ലുക്ക് മാറിയല്ലോ. കംപ്ലീറ്റ് മേക്ക് ഓവറാണ്. പഴയ ഏജിലേക്ക് വരണമല്ലോ. അന്ന് എന്നെ കണ്ടപ്പോള്‍ അന്‍പ് മാസ്റ്റര്‍ അറിവ് മാസ്റ്ററുടെ അടുത്ത്, ഡേയ് പോള്‍സണെ പാറഡാ.. എന്ന് പറഞ്ഞു. താടിയെടുത്തിട്ട് എന്നെ മനസിലാവുന്നേയില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്.

റിലീസിന് ശേഷമാണ് ഞാന്‍ ട്രെയിനിങ്ങിന് പോയ കാര്യം നഹാസ് അറിയുന്നത്. നന്നായി എന്ന് പറഞ്ഞു. നമ്മള്‍ ചെറിയ ചെറിയ പരിപാടികള്‍ ചെയ്തിട്ടുണ്ടാകും. ഇത്രയും വലിയ നടന്മാര്‍ക്കും ടെക്‌നീഷ്യന്‍സിനും മുന്നില് പോയി നില്‍ക്കുമ്പോള്‍ നമ്മള്‍ വര്‍ക്കബിള്‍ ആയിട്ടുള്ള ആളാവണം. ചില ഇന്‍സെക്യൂരിറ്റീസ് നല്ലതാണ്. അത് അങ്ങനെ തന്നെ കീപ്പ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്,’ വിഷ്ണു അഗസ്ത്യ പറഞ്ഞു.

Content Highlight: RDX Star Vishnu Agasthya about Fight Scenes and Dupe

We use cookies to give you the best possible experience. Learn more