Film News
100 കോടി; ആര്‍.ഡി.എക്‌സ് ചരിത്രത്തിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 23, 12:40 pm
Saturday, 23rd September 2023, 6:10 pm

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍.ഡി.എക്‌സിന്റെ കളക്ഷന്‍ 100 കോടിയായി. ഇതോടെ മലയാള സിനിമയുടെ ചരിത്രത്തിലേക്ക് തന്നെയാണ് ചിത്രം കാലെടുത്ത് വെക്കുന്നത്. 100 കോടി കളക്ട് ചെയ്യുന്ന നാലാമത് മലയാള ചലച്ചിത്രമായിരിക്കുകയാണ് ആര്‍.ഡി.എക്‌സ്.

2018, ലൂസിഫര്‍, പുലിമുരുകന്‍ എന്നിവയാണ് ആര്‍.ഡി.എക്‌സിന് മുമ്പ് ഈ നേട്ടം കൈ വരിച്ചത്. വലിയ ഹൈപ്പോ താരനിരയോ പ്രതീക്ഷകളുടെ അമിത ഭാരമോ ഇല്ലാതെ വന്ന് 100 കോടി കളക്ഷനിട്ടത് ചിത്രത്തിന് ഇരട്ടി മധുരമായിരിക്കുകയാണ്.

ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍.ഡി.എക്സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കഥ പറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ആദ്യ ദിനം ലഭിച്ചത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കണ്ട കിടിലന്‍ ആക്ഷന്‍ സിനിമയെന്നും, രോമാഞ്ചം തരുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നുമൊക്കെയാണ് സിനിമ കണ്ടവര്‍ പറഞ്ഞത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: RDX’s collection has crossed 100 crores