Movie Day
ചെയ്യുകയാണെങ്കില്‍ മുഴുവന്‍ ഫൈറ്റും ഞങ്ങള്‍ തന്നെ ചെയ്യും; വേറെ ആരെയും ഏല്‍പ്പിക്കരുതെന്ന് അന്‍പറിവ് പറഞ്ഞു: സോഫിയാ പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 02, 09:57 am
Saturday, 2nd September 2023, 3:27 pm

ബീസ്റ്റ്, കെ.ജി.എഫ്, വിക്രം തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്ത ഇരട്ട സഹോദരങ്ങളായ അന്‍പറിവായിരുന്നു ഓണം റിലീസായ ആര്‍.ഡി.എക്‌സില്‍ പ്രേക്ഷകര്‍ക്ക് ഇടിയുടെ മാലപ്പടക്കം സമ്മാനിച്ചത്.

സിനിമയിലേക്കുള്ള അന്‍പറിവിന്റെ എന്‍ട്രിയെകുറിച്ച് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നിര്‍മ്മാതാവ് സോഫിയ പോള്‍.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റിങ്ങിന്റെ സമയത്ത് തന്നെ നല്ല ഒരു ആക്ഷന്‍ ഡയറക്ടറെ തന്നെ കൊണ്ടുവരണമെന്ന തീരുമാനത്തിലാണ് ഇവരിലേക്ക് എത്തുന്നതെന്നാണ് സോഫിയ പറയുന്നത്. പ്രധാനപ്പെട്ട ഒന്നോ രണ്ടോ ഫൈറ്റ് അന്‍പറിവിനെ വെച്ച് ചെയ്യിക്കാമെന്നായിരുന്നു തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ അവരോട് കഥ പറഞ്ഞ ശേഷം ചെയ്യുകയാണെങ്കില്‍ മുഴുവന്‍ ഫൈറ്റും അവര്‍ തന്നെ കൊറിയോഗ്രാഫി ചെയ്യുമെന്ന് അറിയിക്കുകയായിരുന്നെന്നും സോഫിയ പോള്‍ പറഞ്ഞു.

‘ അവരെ ഞങ്ങള്‍ വിളിച്ചു സംസാരിച്ചു. അതിന് ശേഷം നഹാസ് സ്‌ക്രിപ്റ്റ് വായിച്ച് കേള്‍പ്പിച്ചു കൊടുത്തു. അത് അവര്‍ക്ക് ഭയങ്കര ഇഷ്ട്ടമായി. സബ്ജക്ട് കേട്ടപ്പോള്‍ തന്നെ ‘വി വില്‍ ഡു ദിസ്’ എന്ന് പറഞ്ഞു.

‘മിന്നലിന് മാം ഞങ്ങളെ കോണ്ടാക്ട് ചെയ്തിരുന്നു എന്ന് അവര്‍ പറഞ്ഞു. അന്ന് നമ്മള്‍ക്ക് അത് ചെയ്യാന്‍ പറ്റിയില്ലല്ലോ, അതുകൊണ്ടു ഇത് എന്തായാലും ചെയ്യുമെന്നും’ അവര്‍ പറഞ്ഞു. കഥ ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് അവര്‍ ഓക്കേ പറഞ്ഞത്.

പണ്ട് ഒരുപാടു സിനിമകള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വരുമ്പോള്‍ അത് നല്ല സിനിമയിലൂടെ ആകണമെന്ന് അവരും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് അവര്‍ ഈ പടം ചെയ്യുമെന്ന് വളരെ കോണ്ഫിഡന്‍സോടെയാണ് പറഞ്ഞത്.

അവര്‍ ഇത് ഏറ്റെടുത്തതായിരുന്നു ഞങ്ങളുടെ വലിയ സന്തോഷം. ആ സമയത്ത് അവര്‍ സലാര്‍ ചെയ്യുന്നുണ്ടായിരുന്നു പിന്നെ ഞങ്ങളുടെ മൂവി തുടങ്ങിയപ്പോള്‍ തന്നെ ലിയോയും സ്റ്റാര്‍ട്ട് ചെയ്തു. അപ്പോള്‍ ഞങ്ങള്‍ക്ക് ടെന്‍ഷനായി. പടം ഹോള്‍ഡ് ചെയ്യേണ്ടി വരുമോ എന്നൊക്കെ ആലോചിച്ചു.

എന്നാലും നമ്മള്‍ റെഡി ആയിരുന്നു. ഇവര്‍ തന്നെ ചെയ്യണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആര്‍.ഡി.എക്‌സിലെ പ്രധാനപ്പെട്ട രണ്ട് ആക്ഷന്‍ സീക്വന്‍സുകള്‍ അവരെ വെച്ച് ചെയ്യിക്കാനയിരുന്നു പ്ലാന്‍ ചെയ്തത്. സിനിമയില്‍ മൊത്തത്തില്‍ ആറ് ആക്ഷന്‍ സീനുകളുണ്ട്. ഇന്റര്‍വെല്ലിന് ശേഷം വരുന്ന ആക്ഷനും പിന്നെ ക്ലൈമാക്‌സിലെ അടിയും.

ഞങ്ങള്‍ ഇതുപറഞ്ഞപ്പോള്‍ ചെയ്യുകയാണെങ്കില്‍ മുഴുവനും അവര്‍ തന്നെ ചെയ്യുമെന്ന് പറഞ്ഞു. അവരുടെ ആ മറുപടി കേട്ടപ്പോള്‍ ഞങ്ങളും ഹാപ്പിയായി. അവര്‍ തന്നെ മുഴുവന്‍ ആക്ഷനും ചെയ്യുക എന്ന് പറയുന്നത് എക്‌സ്‌പെന്‍സ് കൂട്ടുന്ന പരിപാടിയാണ്. പക്ഷേ ടെക്നിക്കലി ഈ സിനിമയെ സപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ഈ പടം നന്നാവൂ എന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ പ്രൊഡക്ഷന്‍ ഹൗസിനും അത് നിര്‍ബന്ധമായിരുന്നു. ക്വാളിറ്റി വൈസ് അത് നല്ലതായിരിക്കണമെന്ന് തോന്നി,’ സോഫിയ പോള്‍ പറഞ്ഞു.

അന്‍പറിവിന്റെ ആക്ഷന്റെ പ്രത്യേകതയും സോഫിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. ‘അന്‍പറിവിന്റെ ആക്ഷന്‍ കൊറിയോഗ്രഫി നേരിട്ട് കാണുന്നത് നല്ല അനുഭവമാണ്. ഒരാള്‍ മോണിറ്ററിന്റെ മുന്നിലായിരിക്കും മറ്റേയാള്‍ ആക്ഷന്‍ ചെയ്യും. അങ്ങനെ മാറി മാറിയായിരിക്കും ചെയ്യുക. അതുകാരണം കുറച്ച ഫാസ്റ്റാണ് അവരുടെ വര്‍ക്ക്. ആ കമ്മ്യൂണിക്കേഷനും നമുക്ക് ഭയങ്കര ഫാസ്റ്റ് ആയി തോന്നും. അവര്‍ നമ്മളോട് ഏഴ് ദിവസം എന്ന് പറഞ്ഞാല്‍ അഞ്ചു ദിവസം കൊണ്ട് തീര്‍ത്തു തന്നിരിക്കും. അത്രയ്ക്കും ഫാസ്റ്റാണ് അവര്‍,’ സോഫിയ പോള്‍ പറഞ്ഞു.

Content Highlight: RDX Producer Sofia Paul about anbariv action choreography