| Friday, 25th August 2023, 5:42 pm

ഇത് സിനിമ സ്വപ്‌നം കണ്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ, സാധാരണക്കാരുടെ വിജയം; വികാരാധീനനായി നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സ് സിനിമയുടെ വിജയത്തില്‍ വികാരാധീനനായി നടന്‍ നീരജ് മാധവ്. സിനിമ സ്വപ്‌നം കണ്ട ഒരു കൂട്ടം ചെറുപ്പക്കാരുടെ, സാധാരണക്കാരുടെ വിജയമാണ് ഇതെന്നായിരുന്നു നീരജ് പ്രതികരിച്ചത്. ബാക്കിയെല്ലാം സിനിമകള്‍ കണ്ടിട്ട് ആളുകള്‍ പറയട്ടെയെന്നും ഈ സമയത്ത് തനിക്ക് ഇത്രയേ പറയാനുള്ളൂവെന്നും ഒരുപാട് സന്തോഷമെന്നും നീരജ് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമ അടിപൊളിയായിട്ടുണ്ടെന്നും തനിക്ക് കിട്ടിയ കയ്യടിയില്‍ സന്തോഷമുണ്ടന്നുമായിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ബാബു ആന്റണി പ്രതികരിച്ചത്. മികച്ച സിനിമയാണ് ഇത്. ഫൈറ്റും റൊമാന്‍സും ആക്ഷനും ഉള്‍പ്പെടെ എല്ലാം ഉണ്ട്.
ആളുകളുടെ കയ്യടി കിട്ടിയതില്‍ സന്തോഷമുണ്ട്, ബാബു ആന്റണി പറഞ്ഞു.

ഓണം ആര്‍.ഡി.എക്‌സ് കൊണ്ടുപോയി എന്നാണല്ലോ കേള്‍ക്കുന്നത് എന്ന ചോദ്യത്തിന് ഓണം ആര്‍.ഡി.എക്‌സ് തന്നെ കൊണ്ടുപോകുമെന്നും യഥാര്‍ത്ഥ മാസ് പടമാണ് ഇതെന്നും ഇനി ഇതിലും വലിയ പാന്‍ ഇന്ത്യന്‍ പടം വരുമെന്നുമായിരുന്നു ബാബു ആന്റണി പറഞ്ഞത്.

തിയേറ്ററില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആളുകള്‍ക്ക് ഈ സിനിമ ഇഷ്ടമാകുമെന്നതില്‍ സംശയമില്ല. നഹാസ് മനോഹരമായി ഈ ചിത്രം ഒരുക്കിയിട്ടുണ്ട്. ഇപ്പോഴാണ് ഞാന്‍ മുഴുവന്‍ സിനിമ കാണുന്നത്. യഥാര്‍ത്ഥ മാസ് പടമാണ് ഇത്. എല്ലാവരും തിയേറ്ററില്‍ കണ്ട് അഭിപ്രായം പറയണം, ബാബു ആന്റണി പറഞ്ഞു.

മിന്നല്‍ മുരളിക്ക് ശേഷം സോഫിയ പോള്‍ നിര്‍മിച്ച ചിത്രമാണ് ആര്‍.ഡി.എക്‌സ്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അന്‍പറിവിന്റെ മലയാളത്തിലുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.

ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ആര്‍.ഡി.എക്‌സ്. രണ്ടു കാലഘട്ടങ്ങളിലായി ഇവരുടെ ജീവിതത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.

ഷെയ്ന്‍ നിഗം, പെപ്പെ, നീരജ് മാധവ് എന്നിവരുടെ അത്യുഗ്രന്‍ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മികച്ച പാട്ടുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഒക്കെ ചേര്‍ന്ന ഒരു ഫെസ്റ്റിവല്‍ മൂവിയാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ ഹൈപ്പൊന്നും കൊടുക്കാതെ വന്ന പടത്തിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒരു യഥാര്‍ത്ഥ മാസ് സിനിമയാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കാണികളെ ആവേശം കൊള്ളിക്കുന്ന മികച്ചൊരു പാക്കേജാണ് ആര്‍.ഡി.എക്‌സ് എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവര്‍ പറയുന്നത്. ഒരു പക്കാ മാസ് മസാല സിനിമയാണ്, അടിയെന്ന് പറഞ്ഞാല്‍ നല്ല പൊടി പാറുന്ന അടിയാണ് ചിത്രം. ആര്‍.ഡി.എക്‌സ് പോലുള്ള സിനിമകളാണ് മികച്ച പ്രൊമോഷനിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇറക്കേണ്ടിയിരുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

രാജാവിനും മന്ത്രിമാര്‍ക്കും ഇനി മാറിയിരുന്ന് യുദ്ധം കാണാം, ബോക്‌സോഫീസ് ഇനിയാണ് കത്താന്‍ പോവുന്നത്. ഈ ഓണക്കപ്പ് പയ്യന്മാര്‍ തൂക്കിയെന്നാണ് സിനിമാഗ്രൂപ്പുകളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.

ചിത്രത്തിന്റെ ഒ.ടി.ടി സംപ്രേഷണാവകാശം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരുന്നു. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബറിവാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റര്‍ ചമന്‍ ചാക്കോ, ഛായാഗ്രഹണം അലക്സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം സാം സി.എസ്., വരികള്‍ മനു മഞ്ജിത്ത്,

Content Highlight: RDX Neeraj Madhav and Babu Antony response

We use cookies to give you the best possible experience. Learn more