| Monday, 28th August 2023, 9:04 pm

ഇടി മാത്രമല്ല പ്രണയവും ഉണ്ട്; ആര്‍.ഡി. എക്‌സിലെ റൊമാന്റിക് ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍.ഡി.എക്‌സ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി കഥപറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ആദ്യ ദിനം ലഭിച്ചത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കണ്ട കിടിലന്‍ ആക്ഷന്‍ സിനിമയെന്നും, രോമാഞ്ചം തരുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നുമൊക്കെയാണ് സിനിമ ആദ്യ ദിനം കണ്ടവര്‍ പറഞ്ഞത്.

ഇപ്പോഴിതാ സിനിമയിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നീല നിലാവേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ആയിരിക്കുന്നത്.

ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന്‍ ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സാം സി. എസ് ആണ്. ഗാനവും വീഡിയോയിലെ ഷെയ്‌നിന്റെ ഡാന്‍സിനും പ്രശംസ ഏറെയാണ്.

മലയാളത്തില്‍ കുറേ നാളുകള്‍ക്കു ശേഷമാണ് നായിക – നായകന്‍മാരുടെ കെമിസ്ട്രിയും ഗ്രെയിസും, ഡാന്‍സും, പാട്ടും എല്ലാം കൂടി ഒത്തുവന്ന ഒരു റൊമാന്റിക് സോങ് വന്നിരിക്കുന്നതെന്നാണ് ഒരു കമന്റ്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്‌സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്.

Content Highlight: Rdx movie video song is out now

We use cookies to give you the best possible experience. Learn more