| Thursday, 31st August 2023, 8:42 pm

ഓണത്തല്ല് തുടരുന്നു; ആര്‍.ഡി.എക്സ് ഇതുവരെ നേടിയത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍.ഡി.എക്‌സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി കഥ പറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ആദ്യ ദിനം ലഭിച്ചത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കണ്ട കിടിലന്‍ ആക്ഷന്‍ സിനിമയെന്നും, രോമാഞ്ചം തരുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നുമൊക്കെയാണ് സിനിമ ആദ്യ ദിനം കണ്ടവര്‍ പറഞ്ഞത്.

ഇപ്പോഴിതാ ആറുദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് നേടിയ കളക്ഷനാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിലീസിന് ശേഷം ആര്‍.ഡി.എക്‌സിന് കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷന്‍ ആറാം ദിവസം ആയിരുന്നു. 4 കോടിയില്‍ ഏറെയാണ് ഇന്നലെ മാത്രം ചിത്രത്തിന് ലഭിച്ചത്.

കേരളത്തിലെ ആറ് ദിവസത്തെ കളക്ഷന്‍ പരിഗണിച്ചാല്‍ ചിത്രം 18 കോടി നേടിയിട്ടുണ്ടെന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ പറയുന്നത്.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്നുള്ള ആകെ കണക്കുകള്‍ പ്രകാരം 30 കോടിയിലേക്ക് വൈകാതെ എത്തും ചിത്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഓഗസ്റ്റ് 25 ന് ഓണം റിലീസ് ആയിട്ടാണ് ചിത്രം എത്തിയത്.

ചുരുങ്ങിയ എണ്ണം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഒരു സിനിമയെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇതെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.

ചിത്രം ഇനിയും ബോക്‌സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. മുഴുവന്‍ ഓണവധി കഴിയുമ്പോള്‍ 2023ല്‍ മികച്ച ലാഭം നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ആര്‍.ഡി.എക്സും എത്തുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.

മറ്റ് ഓണ ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടും ഇത്രയും രൂപ കളക്ഷനായി ലഭിച്ചതിനെ ശുഭസൂചനയായിട്ടാണ് ട്രാക്കര്‍മാര്‍ കാണുന്നത്.

ജനപ്രീതി കണക്കിലെടുത്ത് വലിയ തിയേറ്ററുകളും കൂടുതല്‍ സ്‌ക്രീനുകളും സിനിമക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ആര്‍.ഡി.എക്‌സ് നിര്‍മിക്കുന്നത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്‌സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്.

Content Highlight: Rdx movie latest collection reports
We use cookies to give you the best possible experience. Learn more