മലയാള സിനിമകള്‍ക്ക് വലിയ കളക്ഷന്‍ നേടാനുള്ള അവസരമാണ് ഉത്സവ സീസണുകള്‍. ഇത്തവണയും ഓണം ലക്ഷ്യം വെച്ച് ഒരുപിടി സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്തിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിങ് ഓഫ് കൊത്ത, നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍.ഡി.എക്‌സ്, നിവിന്‍ പോളി നായകനായി എത്തിയ രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്നിവ ആയിരുന്നു ഇത്തവണത്തെ ഓണം റിലീസുകള്‍.
റിലീസ് ചെയ്ത് ആദ്യ വരാന്ത്യം പിന്നിടുമ്പോള്‍ ആര്‍.ഡി. എക്സും, കിങ് ഓഫ് കൊത്തയുമാണ് മത്സര രംഗത്തുള്ളത്. ഇതില്‍ കിങ് ഓഫ് കൊത്ത സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ആര്‍.ഡി. എക്‌സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇതുവരെയുള്ള ഇരു ചിത്രങ്ങളുടെയും കളക്ഷനും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കിങ് ഓഫ് കൊത്ത ഇതിനോടകം തന്നെ 30 കോടിയോളം രൂപ സ്വന്തമാക്കിയപ്പോള്‍ ആര്‍.ഡി.എക്സ് ആകട്ടെ 8 കോടിയോളം രൂപ സ്വന്തമാക്കി കഴിഞ്ഞു.
വളരെ കുറഞ്ഞ സ്‌ക്രീനുകളില്‍ നിന്ന് ആര്‍.ഡി.എക്‌സിന് ഈ നേട്ടം സ്വന്തമാക്കാനായത് വലിയ നേട്ടം ആയിട്ടാണ് സിനിമാ ട്രാക്കിങ് പേജുകള്‍ വിലയിരുത്തുന്നത്.
ഓണം അവധി കഴിയുന്നതോടെ മികച്ച കളക്ഷന്‍ ആര്‍.ഡി. എക്സ് സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്‌സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കിങ് ഓഫ് കൊത്തയിലേക്ക് വന്നാല്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമകളില്‍ ഏറ്റവും വലിയ റിലീസ് ആയിട്ടാണ് കിങ് ഓഫ് കൊത്ത എത്തിയത്.
ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.