| Wednesday, 30th August 2023, 1:40 pm

ആ പോസ് ബ്രൂസ് ലിയ്ക്കുള്ള ട്രിബ്യൂട്ട് ; ചിലത് ഞാന്‍ തന്നെ ഗവേഷണത്തിലൂടെ കണ്ടെത്തി; ആര്‍.ഡി.എക്‌സിലെ ആക്ഷനില്‍ തഗ്ഗുമായി നീരജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസായി എത്തിയ ആര്‍.ഡി.എക്‌സ് മികച്ച പ്രേക്ഷക പ്രതികരണവുമായി നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിലെ യുവതാര നിര അണിനിരന്ന ചിത്രത്തെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. യാതൊരു അവകാശവാദവുമില്ലാതെ തിയേറ്ററിലെത്തിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗവും പെപ്പെയും നീരജ് മാധവുമൊക്കെ തകര്‍ത്തുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മാസ് ആക്ഷന്‍ സീക്വന്‍സുകളാല്‍ സമ്പന്നമായ ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്ന കഥാപാത്രം കൂടുതല്‍ നഞ്ചക്ക് ഉപയോഗിച്ചുള്ള ഫൈറ്റുകളായിരുന്നു ചെയ്തത്. വെറും 15 ദിവസം കൊണ്ടാണ് നീരജ് നഞ്ചക്കിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചെടുത്തതെന്ന് നിര്‍മാതാവ് സോഫിയാ പോളും സംവിധായകന്‍ നഹാസുമൊക്കെ പറഞ്ഞിരുന്നു.

നഞ്ചക്ക് വെച്ചുള്ള സീന്‍ അഭിനയിച്ചപ്പോള്‍ ആരെയാണ് മനസില്‍ കണ്ടതെന്ന ചോദ്യത്തിന് രസകരമായ മറുപടി പറയുകയാണ് നീരജ്. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രൂസ് ലിയെ കുറിച്ചും അദ്ദേഹത്തിന് നല്‍കിയ ട്രിബ്യൂട്ടിനെ കുറിച്ചുമൊക്കെ താരം സംസാരിച്ചത്.

നഞ്ചക്ക് സീക്വന്‍സ് ചെയ്തപ്പോള്‍ നീരജ് എന്താണ് സ്വയം വിചാരിച്ചത്, പേട്ടയിലെ രജനീകാന്തിനെപ്പോലെയാണോ അതോ എന്റര്‍ ദി ഡ്രാഗണിലെ ബ്രൂസ് ലിയെപ്പോലെയാണോ അതോ ജനനായകനിലെ ബാബു ആന്റണിയെപ്പോലെയാണോ എന്ന ചോദ്യത്തിന് ഇതൊന്നും വിചാരിച്ചില്ലെന്നും തന്റെ തലയ്ക്ക് ഇത് വന്ന് കൊള്ളല്ലേ എന്ന് മാത്രമായിരുന്നു വിചാരം എന്നുമായിരുന്നു നീരജിന്റെ മറുപടി.

കാരണം ഇത് കൊണ്ടു കഴിഞ്ഞാല്‍ ഭയങ്കര വേദനയാണെന്നും ഇവരുമായിട്ടൊന്നും നമുക്ക് നമ്മളെ കംപയര്‍ ചെയ്യാന്‍ പറ്റില്ലെന്നുമായിരുന്നു ചിരിയോടെ നീരജ് പറഞ്ഞത്.

ബ്രൂസ് ലിയുടെ ഒരു ഐക്കോണിക് പോസ് ഒന്ന് രണ്ട് സ്ഥലങ്ങളില്‍ എടുത്തിട്ടുണ്ട്. ആ സ്‌റ്റെപ്പ് ബാബു ആന്റണി ചേട്ടനും പണ്ടുള്ള ചില സിനിമകളിലൊക്കെ ഉപയോഗിച്ചിരുന്നു. അതൊരു ട്രിബ്യൂട്ടാക്കി നമ്മള്‍ ചെയ്തതാണ്. ബാക്കി സീക്വന്‍സസ് എല്ലാം കുറച്ച് ഇന്‍സ്‌പെയര്‍ഡ് അല്ലാതെ പുതിയ പോസാണ് ട്രൈ ചെയ്തത്. അത് ഞാന്‍ തന്നെ ഗവേണഷത്തിലൂടെ കണ്ടെടുത്തതാണ് (ചിരി), എന്നായിരുന്നു നീരജിന്റെ മറുപടി.

സ്ഥിരം നായകന്റെ കൂട്ടുകാരന്‍ വേഷങ്ങള്‍ മടുത്തിട്ടാണോ തമിഴിലും ഹിന്ദിയിലും സിനിമ ചെയ്യാന്‍ തുടങ്ങിയത് എന്ന ചോദ്യത്തിന് അങ്ങനെ അല്ലെന്നും തമിഴിലും ഹിന്ദിയിലും തുടങ്ങുന്നതിന് മുന്‍പ് തന്നെ താന്‍ ഇവിടെ ആ പരിപാടി അവസാനിപ്പിച്ചിരുന്നെന്നായിരുന്നു താരത്തിന്റെ മറുപടി.

ഹിന്ദിയിലേക്കും തമിഴിലേക്കുമൊക്കെ പോകുന്നതിന് മുന്‍പ് ഞാന്‍ മലയാളത്തില്‍ തന്നെ നായകനായി രണ്ട് പടം ചെയ്തിരുന്നു. കൂട്ടുകാരന്‍, കൊമേഡിയന്‍ പരിപാടി എനിക്ക് മടുത്തിരുന്നു. വേറെ രീതിയിലുള്ള ചില പരിപാടികള്‍ ചെയ്യാന്‍ പറ്റുമെന്ന കോണ്‍ഫിഡന്‍സും ഉണ്ടായിരുന്നു. ഞാന്‍ അത് പറഞ്ഞപ്പോള്‍ വെറുതെ ഇപ്പോള്‍ ചെയ്യുന്നതും കൂടി ഇല്ലാതാക്കേണ്ട എന്ന് പറഞ്ഞായിരുന്നു പലരും പേടിപ്പിച്ചത്.

2015 ല്‍ എട്ട് സിനിമ ഞാന്‍ ചെയ്തു. പലതും എനിക്ക് ഇഷ്ടപ്പെടാത്ത കഥാപാത്രമായിരുന്നു. ഗോയിങ് വിത്ത് ദി ഫ്‌ളോ ആയിരുന്നു. അതിന് ശേഷമാണ് മെക്‌സിക്കന്‍ അപാരതയും ഊഴവും ചെയ്യുന്നത്. വ്യത്യസ്തമായ വേഷങ്ങളായിരുന്നു അത് രണ്ടും. പിന്നീട് നായകനായി പൈപ്പിന്‍ ചോട്ടിലെ പ്രണയം ചെയ്തു. ലവകുശ ട്രൈ ചെയ്തു. അതില്‍ നിന്ന് ചേഞ്ച് കിട്ടുന്നില്ലെന്ന് തോന്നി. വരുന്നതൊന്നും എക്‌സൈറ്റിങ് ആകുന്നില്ല.

ഒരു നടനെന്ന നിലയില്‍ ഗ്രോത്ത് കിട്ടുന്നില്ലെന്ന തോന്നല്‍ വന്നു. ഞാന്‍ ഈ പ്രൊഫഷന്‍ ചൂസ് ചെയ്യുന്നത് കാശോ ഫെയ്‌മോ ഉണ്ടാക്കാനല്ല. പേഴ്‌സണല്‍ സാറ്റിസ്ഫാക്ഷന്‍ വേണമെന്ന് കൂടി ആലോചിച്ചിട്ടാണ്. ആ സമയത്ത് നല്ല അവസരം പുറത്തുനിന്ന് വന്നു. അങ്ങനെ ഒരു റൗണ്ട് കറങ്ങി തിരിച്ചുവന്നു, നീരജ് മാധവ് പറഞ്ഞു.

Content Highlight: RDX fight Tribute to Bruce Lee Says Neeraj madhav

We use cookies to give you the best possible experience. Learn more