| Saturday, 16th September 2023, 3:44 pm

ഡോണി എന്ന കഥാപാത്രം പെപ്പെയെ കൊണ്ട് ചെയ്യിപ്പിച്ചതിന് പിന്നില്‍ ഒരു ഉദ്ദേശമുണ്ടായിരുന്നു: നഹാസ് ഹിദായത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പെപ്പെ ശരിക്കും ഒരു സ്റ്റാര്‍ മെറ്റീരിയലാണെന്നും എല്ലാ ഇമോഷന്‍സും ഉള്ള നായകനാണെന്നും ആര്‍.ഡി.എക്സില്‍ പെപ്പയെ ഒരു ഫാമിലിമാനായി ഒപ്പിയെടുക്കാന്‍ താന്‍ ശമിച്ചിട്ടുണ്ടെന്നും സംവിധായകന്‍ നഹാസ് ഹിദായത്ത്. പെപ്പെ അടിക്കുന്നതിനെ ആളുകള്‍ അംഗീകരിക്കുന്നത് വലിയ കാര്യമാണെന്നും നഹാസ് ഹിദായത്ത് പറയുന്നു.

‘ഡോണി എന്ന ക്യാരക്ടറിന് പെപ്പെ നേരത്തെ തന്നെ ഫിക്‌സായിരുന്നു. ഈ പടം തുടങ്ങയത് തന്നെ പെപ്പെ കാരണമാണ്. ആദ്യം ഡേറ്റ് വാങ്ങിക്കുന്നതും അദ്ദേഹത്തിന്റേതാണ്. പെപ്പെ ഭയങ്കര ഇടിക്കാരന്‍ എന്ന ലേബലില്‍ ഒതുങ്ങി പോകുന്നുണ്ടായിരുന്നു. അത് വിട്ടിട്ട് പെപ്പെയുടെ പെര്‍ഫോമന്‍സ് ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു.

ഒരു കുട്ടിയുണ്ട്, ഒരു ഫാമിലിയുണ്ട്, അത്തരത്തില്‍ അദ്ദേഹത്തെ ഒരു ഫാമിലിമാനായിട്ട് ഒന്ന് എക്‌സ്പ്ലോര്‍ ചെയ്യിക്കണമെന്നുണ്ടായിരുന്നു. റോബര്‍ട്ട് എന്ന കഥാപാത്രം പെപ്പെ ചെയ്താല്‍ അത് നോര്‍മലായി പോവുമെന്നും അതേസമയം ഡോണി ചെയ്താല്‍ അതിന് സാധ്യതയുണ്ടെന്നും പറയുന്നത് ഞാന്‍ തന്നെയാണ്,’ നഹാസ് പറഞ്ഞു.

റോബര്‍ട്ടായി ഷെയ്നിലേക്കും സേവ്യറായി നീരജിലേക്കും എത്തിയതിനെ കുറിച്ചും നഹാസ് അഭിമുഖത്തില്‍ സംസാരിച്ചു. ആരും പ്രതീക്ഷിക്കാത്ത ഒരു കോമ്പോ വേണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും അങ്ങനെയാണ് പെപ്പെ-ഷെയ്ന്‍-നീരജ് എന്നിവരിലേക്ക് എത്തിയതെന്നും നഹാസ് പറയുന്നു.

‘ഡാന്‍സും പാട്ടമൊക്കെയുള്ള ഒരു പാക്കേജായിരിക്കും റോബര്‍ട്ട്. ഷെയ്നാണെങ്കില്‍ ഫൈറ്റൊന്നും അത്ര എകസ്പ്ലോറായിട്ടില്ല. അപ്പോള്‍ ഷെയ്ന്‍ വന്നാല്‍ രസമായിരിക്കുമെന്ന് തോന്നി. പിന്നെ ഷെയ്നിനെ ആലോചിച്ച് കൊണ്ട് തന്നെയാണ് രണ്ടാമത്തെ സ്റ്റേജ് എഴുതുന്നത്.

നീരജ് ശരിക്കും ആര്‍.ഡി.എക്‌സിലേക്ക് വിചാരിക്കാതെ വന്നതാണ്. ആളുകള്‍ പ്രതീക്ഷിക്കാത്ത ഒരു കോംമ്പോ വേണം. ഇവരുടെ മൂന്നുപേരുടെയും കോമ്പിനേഷന് ഒരു പുതുമയുണ്ടല്ലോ. നഞ്ചക്ക് കിട്ടിയാല്‍ നീരജ് എന്ത് ചെയ്യുമെന്ന് ആര്‍ക്കും അറിയില്ല. അത് തന്നെയാണ് നമുക്ക് വേണ്ടത്.

എന്റെ സൂപ്പര്‍ സ്റ്റാര്‍സ് ഇവരാണ്. എന്റെ മമ്മൂക്കയും ലാലേട്ടനും എല്ലാം ഇവരാണ്. അപ്പോള്‍ ഇവരെ വെച്ച് മാക്സിമം ചെയ്യിപ്പിക്കുക എന്നതായിരുന്നു എന്റെ ദൗത്യം’, നഹാസ് പറഞ്ഞു.

Content Highlight: RDX Director Nahas Hidayath about Peppe Character

We use cookies to give you the best possible experience. Learn more