ആര്‍.ഡി.എക്‌സ് സിനിമ സൃഷ്ടിച്ച ഓളം ഇതുവരെയും അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ ഉള്‍പ്പെടെ കഴിഞ്ഞത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം കൂടിയായിരുന്നു നഹാസിന്റെ ആദ്യ സംവിധാന സംരംഭമായ ആര്‍.ഡി.എക്‌സ്.
സിനിമ കണ്ട് തന്നെ അഭിനന്ദിച്ചവരെ കുറിച്ചും സിനിമയ്ക്കായി എടുക്കുന്ന എഫേര്‍ട്ടുകളെ കുറിച്ചുമൊക്കെ ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നഹാസ്. ഒട്ടും പ്രതീക്ഷിക്കാത്ത ചിലര്‍ തന്നെ വിളിച്ച് അഭിനന്ദിച്ചെന്നും അക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഒരാള്‍ നടന്‍ കമല്‍ഹാസനാണെന്നുമാണ് നഹാസ് പറയുന്നത്.
‘ ഐഡന്റിന്റി ക്രൈസസ് മാറിയെന്നതാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം. ഷോര്‍ട്ട് ഫിലിമുകള്‍ എടുത്തു നടന്ന എനിക്ക് ഡയറക്ടര്‍ എന്ന് പറഞ്ഞ് ഒരാള്‍ക്ക് ധൈര്യത്തോടെ കൈ കൊടുക്കാന്‍ പറ്റുന്നു എന്നത് തന്നെയാണ് വലിയ കാര്യം.
പിന്നെ നമ്മള്‍ പ്രതീക്ഷിക്കാത്ത ആളുകളില്‍ നിന്നും പടം കണ്ടിട്ട് കോളുകള്‍ വന്നു. കമല്‍ഹാസന്‍ സാര്‍ എന്നെ വിളിച്ചിരുന്നു. അത് ഭയങ്കര മൊമന്റ് ആയിരുന്നു. ആര്‍.ഡി.എക്‌സ് ഡയറക്ടര്‍ എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. അത് ആരുടെ വായില്‍ നിന്നാണ് കേള്‍ക്കുന്നത് എന്ന് ഓര്‍ക്കണം. വല്ലാത്തൊരു മൊമന്റായിരുന്നു അത്. ഇത് ഞാന്‍ ഇതുവരെ ഒരു അഭിമുഖങ്ങളിലും പറഞ്ഞിട്ടില്ല. ഇവിടെ പറയാമെന്ന് തോന്നി,’ നഹാസ് പറഞ്ഞു.
സിനിമയുടെ എഡിറ്റ് കഴിയുന്നതുവരെ ഭയങ്കര എഫേര്‍ട്ട് ഉണ്ടായിരുന്നെന്നും ഫുള്‍ ടൈം കൂടെയിരുന്നുള്ള പരിപാടി ആയിരുന്നു എല്ലാമെന്നും നഹാസ് പറഞ്ഞു. ‘ എഡിറ്റ് കഴിയുന്നതോടെ സിനിമ വളരുന്നത് നമ്മള്‍ക്ക് നോക്കി കണ്ടുകൊണ്ടിരിക്കാം. എഡിറ്റ് കഴിഞ്ഞ് മ്യൂസിക് കഴിഞ്ഞ് വരുമ്പോള്‍ സിനിമ കുറച്ചുകൂടി ബെറ്റര്‍ ആയി വരുന്നതായി തോന്നി.
സൗണ്ട് ചെയ്ത് കഴിയുമ്പോള്‍, ഫൈനല്‍ മിക്‌സിങ് കഴിയുമ്പോഴെല്ലാം സിനിമ ബെറ്റര്‍ ആയി വരികയാണ്. പിന്നെ പ്രിവ്യൂ കഴിഞ്ഞപ്പോള്‍ നമ്മള്‍ ചിന്തിച്ചതല്ലാതെ വേറെ കുറേ പോയിന്റുകള്‍ ആളുകള്‍ നമ്മളോട് പറയുന്നു. ഈ ഏരിയ നന്നായി വര്‍ക്കായി, ആ ഏരിയ വര്‍ക്കായി ഇതിങ്ങനെ അല്ലേ എന്നൊക്കെ ചോദിച്ച് നമ്മുടെ സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ വരുന്നു. അത് വലിയ എക്‌സൈറ്റ്‌മെന്‍രായിരുന്നു.
പിന്നെ തിയേറ്ററില്‍ ഓഡിയന്‍സിനൊപ്പം കാണുമ്പോഴാണ് എല്ലാം ഓക്കെയാണെന്ന തോന്നല്‍ വന്നത്. എഡിറ്റിങ് കഴിഞ്ഞതിന് ശേഷം എല്ലാ പ്രോസസും എക്‌സൈറ്റ്‌മെന്റാണ് നമുക്ക് നല്‍കുക. തിയേറ്ററില്‍ നിന്ന് കയ്യടി കിട്ടി പുറത്തിറങ്ങുന്നത് വരെയുള്ള സമയം ഭയങ്കര ഹാര്‍ഡ് ആണെങ്കില്‍ പോലും എന്‍ജോയ് ചെയ്താണ് പോയ്‌ക്കൊണ്ടിരിക്കുന്നത്,’ നഹാസ് പറഞ്ഞു.
Content Highlight: RDX Director Nahas Hidayath about Kamal hassan Call