| Tuesday, 5th September 2023, 4:19 pm

ബേസിലേട്ടന്‍ ഇമോഷണലായിരുന്നു: ആര്‍.ഡി.എക്‌സ് കണ്ട ശേഷം എന്നെ വിളിച്ച് ഒരു കാര്യം പറഞ്ഞു: നഹാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍.ഡി.എക്‌സ് സിനിമ കണ്ട ശേഷം തനിക്ക് ലഭിച്ച പ്രതികരണങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ച പ്രതികരണം സംവിധായകനും തന്റെ ഗുരുവുമായ ബേസില്‍ ജോസഫിന്റേതാണെന്ന് സംവിധായകന്‍ നഹാസ് ഹിദായത്ത്. വേറെ ഏതൊക്കെ കോള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും താന്‍ ഏറ്റവും വിലമതിക്കുന്നത് ബേസില്‍ ജോസഫില്‍ നിന്നും ലഭിച്ച വാക്കുകള്‍ക്കാണെന്നും നഹാസ് പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ബാക്കി ആരൊക്കെ വിളിച്ചാലും ബേസിലേട്ടന്റെ വിളിയാണ് എനിക്ക് പ്രധാനപ്പെട്ടത്. നമ്മുടെ ആശാന്‍ നമ്മളോട് നല്ലത് പറയുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമില്ലേ. നമ്മളുടെ നല്ലത് ആഗ്രഹിച്ച് നമ്മുടെ കുറ്റം ചൂണ്ടിക്കാണിക്കുന്ന ഒരാളില്‍ നിന്നും നല്ലൊരു വാക്ക് കിട്ടാനാണ് ഏറ്റവും പാട്. എന്റെ മുന്‍പത്തെ എക്‌സ്പീരിയന്‍സ് അങ്ങനെ ആയിരുന്നു. ആളുടെ വായില്‍ നിന്ന് നല്ലൊരു വാക്ക് എന്ത് ചെയ്തിട്ടും എനിക്ക് കിട്ടിയിട്ടില്ലായിരുന്നു.

ബേസിലേട്ടന്‍ സിനിമ കണ്ടിറങ്ങിയ ഉടനെ എന്നെ വിളിച്ചു. ഭയങ്കര ഇമോഷണലായിരുന്നു അദ്ദേഹം. കയ്യടിച്ചാണ് പടം കണ്ടതെന്നും എന്തുവാണ് നീ ചെയ്തുവെച്ചത് എന്നൊക്കെ ചോദിച്ചു.

ഇപ്പോള്‍ തന്നെ എന്നെ കാണണമെന്ന് പറഞ്ഞു. നഹാസേ… എന്ന് പറഞ്ഞ് ബേസിലേട്ടന്റെ ഭാര്യ എലിസബത്ത് അലറുന്നുണ്ടായിരുന്നു. ഞങ്ങള്‍ നല്ല കൂട്ടാണ്. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവര്‍ കേക്കൊക്കെ സെറ്റാക്കിയിരുന്നു.

ആളുകളെയൊക്കെ പടം ഹിറ്റായ കാര്യം വിളിച്ചു പറയുന്നുണ്ട്. പുള്ളിയുടെ പടം ഹിറ്റായ രീതിയിലാണ് സെലിബ്രേറ്റ് ചെയ്തത്. പുള്ളിയുടെ മുഖത്തെ എക്‌സൈറ്റ്‌മെന്റ് കണ്ടപ്പോഴായിരുന്നു എനിക്ക് ഏറ്റവും സന്തോഷമായത്,’ നഹാസ് ഹിദായത്ത് പറഞ്ഞു.

സിനിമയില്‍ തനിക്ക് ഏറ്റവും ചാലഞ്ചിങ് ആയിട്ടുള്ള സീനിനെ കുറിച്ചും നഹാസ് സംസാരിച്ചു. നമ്മള്‍ എടുത്തത് ആക്ഷന്‍ പടമാണ്. ഈ ഫൈറ്റുകള്‍ എല്ലാം ആളുകള്‍ കണ്ടിരിക്കണമെങ്കില്‍ ഇതിന്റെ കോ റീസണ്‍സ് സ്‌ട്രോങ് ആവുക എന്നതായിരുന്നു.

ഈ പടത്തില്‍ കാര്‍ണിവല്‍ ഉണ്ട്, പള്ളിപ്പെരുന്നാള്‍ ഉണ്ട്, അതിനേക്കാളൊക്കെ മുകളില്‍ ഭയങ്കര ഡീറ്റെയിലിങ്ങും ആളുകളുമായി കണക്ടാവേണ്ടതുമായ സീന്‍ വീട്ടില്‍ കയറി തല്ലുന്ന സീന്‍ ആയിരുന്നു. അതില്‍ ആ കുട്ടിയുടേയും ഫാമിലിയുടേയും ഇമോഷന്‍സ് വരണം. ഇത് വര്‍ക്കായില്ലെങ്കില്‍ പടമേ വര്‍ക്കാവില്ലെന്ന അവസ്ഥയാണ്.

ഭയങ്കര ഇംപോര്‍ട്ടന്റ് സീനാണ്. ആദ്യത്തെ 20 മിനുട്ടില്‍ ആ കുടുംബത്തോട് ഇഷ്ടം തോന്നണം. ആ ഫാമിലിയെ ഉപദ്രവിക്കുന്നു, കുട്ടിക്ക് അത് സംഭവിക്കുന്നു. അപ്പോള്‍ ആ വിഷമം ഓഡിയന്‍സിന് വരണം. അവന്മാര്‍ക്കിട്ട് രണ്ട് കിട്ടണം എന്ന് ഓഡിയന്‍സിന് തോന്നണം. ഇനി നിങ്ങള്‍ ഇടിച്ചോ എന്ന അനുമതി ഓഡിയന്‍സില്‍ നിന്ന് വരുന്ന രീതിയില്‍ അതിനെ പ്ലാന്‍ ചെയ്യണം. അങ്ങനെയാണ് ആ സീന്‍ ഒരുക്കിയത്,’ നഹാസ് പറയുന്നു.

ആര്‍.ഡി.എക്‌സില്‍ വിഷ്ണു അഗസ്ത്യ അവതരിപ്പിച്ച പോള്‍സന്റെ ക്യാരക്ടര്‍ ഡിസൈന്‍ ചെയ്യാനായിരുന്നു ഏറ്റവും സമയമെടുത്തതെന്നും ഡിസ്‌ക്രിപ്ഷന്‍ എഴുതിയതില്‍ ഏറ്റവും കൂടുതല്‍ ഉള്ളതും അദ്ദേഹത്തിന്റേതായിരുന്നെന്നും ഫ്‌ളാഷ് ബാക്കൊക്കെ ഉണ്ടായിരുന്നെന്നും നഹാസ് പറഞ്ഞു.

Content Highlight: RDX Director Nahas Hidayath about Basil Joseph

We use cookies to give you the best possible experience. Learn more