ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ ഒന്നിക്കുന്ന ആര്‍.ഡി.എക്‌സ് റിലീസിന് ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിങ് ഓഫ് കൊത്തയ്‌ക്കൊപ്പമാണ് ഓണം റിലീസായി ആര്‍.ഡി.എക്‌സും തിയേറ്ററിലെത്തുന്നത്.
കിങ് ഓഫ് കൊത്ത പോലെ വലിയൊരു സ്‌കേലില്‍ പുറത്തിറങ്ങുന്ന ചിത്രത്തിനൊപ്പം ക്ലാഷ് റിലീസായി ആര്‍.ഡി.എക്‌സും എത്തുമ്പോള്‍ ഭയമുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചിത്രത്തിലെ പ്രധാന താരങ്ങളായ പെപ്പെയും നീരജ് മാധവും ഷെയ്ന്‍ നിഗവും.
കൊത്തയ്‌ക്കൊപ്പമുള്ള റിലീസിനെ എന്തിന് ഭയക്കണമെന്നായിരുന്നു താരങ്ങള്‍ ഒരേസ്വരത്തില്‍ ചോദിച്ചത്. ഭയമല്ല തങ്ങള്‍ക്ക് എക്‌സൈറ്റ്‌മെന്റാണ് ഉള്ളതെന്നായിരുന്നു മൂവരുടേയും മറുപടി. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.
‘ഭയമില്ല. ഞങ്ങള്‍ എല്ലാവരും എക്‌സൈറ്റഡാണ്. ഭയക്കേണ്ട കാര്യമൊന്നുമില്ല. സന്തോഷമാണ് ഉള്ളത്. എന്നെ സംബന്ധിച്ച് ഓണത്തിന് റിലീസ് ചെയ്യുന്ന എന്റെ ആദ്യ പടമാണ് ഇത്. മമ്മൂക്കയും ലാലേട്ടനും പോലുള്ള സൂപ്പര്‍സ്റ്റാറുകളുടെ പടമാണ് നമ്മള്‍ ഓണത്തിന് സാധാരണയായി തിയേറ്ററില്‍ പോയി കാണുന്നത്. ആ സ്ഥലത്ത് നമ്മള്‍ ഒരു പാര്‍ട്ടിസിപ്പന്റ് ആവുന്നത് തന്നെ വലിയ കാര്യമാണ്. സിനിമ എങ്ങനെയുണ്ടെന്ന് ജനങ്ങളാണ് വിധിയെഴുതേണ്ടത്. അവിടെ നമ്മള്‍ എന്തുപറഞ്ഞിട്ടും കാര്യമില്ല,’ ഷെയ്ന്‍ നിഗം പറഞ്ഞു.
‘യൂത്തിനാണെങ്കിലും കുടുംബ പ്രേക്ഷകര്‍ക്കാണെങ്കിലും എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് ആര്‍.ഡി.എക്‌സ്. ഫാന്‍ ഫേവറൈറ്റ്‌സ് അവരുടെ ഇഷ്ട ചിത്രം കണ്ട് കഴിഞ്ഞ ശേഷം ആര്‍.ഡി.എക്‌സും നിങ്ങള്‍ക്ക് വന്ന് കാണാം. എത്രത്തോളം എന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ ഇതൊരു എബൗവ് ആവറേജ് സിനിമയായിരിക്കുമെന്നതില്‍ സംശയമില്ല,’ താരങ്ങള്‍ പറഞ്ഞു.
രണ്ട് കാലഘട്ടങ്ങളാണ് ചിത്രം പറയുന്നതെന്നും 1997-98 കാലഘട്ടം അഭിനയിക്കുമ്പോള്‍ താന്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നെന്നും ഷെയ്ന്‍ നിഗം പറഞ്ഞു.
രണ്ട് കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. ഒന്ന് 1997-98 ഉം പിന്നെ 2005 ഉം അതില്‍ 2005 ലെ ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്. 1997 കാലഘട്ടത്തെ എടുക്കുമ്പോള്‍ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു. മറ്റൊന്നുമല്ല ഇപ്പോള്‍ വീണ്ടും ആ വിന്റേജ് ലുക്ക് തിരിച്ചുവരുന്നുണ്ട്. യൂത്തിനെ നോക്കുമ്പോള്‍ മനസിലാകും. അപ്പോള്‍ ആ കാലഘട്ടത്തെ സിനിമയിലൂടെയെങ്കിലും ഒന്ന് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി, ഷെയ്ന്‍ നിഗം പറഞ്ഞു.
നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊടിപാറുന്ന ആക്ഷന്‍ രംഗങ്ങളുമായി എത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇതരഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകരും അവകാശപ്പെടുന്നത്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.
കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബറിവാണ് ആര്‍.ഡി.എക്‌സിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: RDX and King of Kotha Clash release shane nigam neeraj madhav and peppe comment