| Friday, 29th December 2023, 7:37 pm

ഗവര്‍ണറെന്ന വാക്ക് മാറ്റണം; ബി.ജെ.പിയുടെ പരാതിയില്‍ കൊച്ചിന്‍ കാര്‍ണിവലിലെ നാടകത്തിന് വിലക്കേര്‍പ്പെടുത്തി ആര്‍.ഡി.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിന്‍ കാര്‍ണിവലിലെ നാടകത്തില്‍ നിന്ന് ഗവര്‍ണറെന്ന വാക്ക് നീക്കം ചെയ്യണമെന്ന ഉത്തരവുമായി ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ. ‘ഗവര്‍ണറും തൊപ്പിയും’ എന്ന നാടകത്തിനെതിരെയാണ് ആര്‍.ഡി.ഒ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബി.ജെ.പി മട്ടാഞ്ചേരി കമ്മിറ്റി നല്‍കിയ പരാതിയിലാണ് ആര്‍.ഡി.ഓയുടെ ഉത്തരവ്. നാടകത്തിന് പിന്നില്‍ ഭരണഘടനാപരമായ ചുമതല വഹിക്കുന്ന ഒരു വ്യക്തിയെ അവഹേളിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവരെ ചൂണ്ടിക്കാട്ടുന്ന രീതിയിലുള്ള സംസാര രീതിയോ, വേഷ വിധാനങ്ങളോ, മതപരമോ, രാഷ്ട്രീയപരമോ ആയ ഉള്ളടക്കങ്ങള്‍ നാടകത്തില്‍ ഉണ്ടാവരുതെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. നാടകത്തിന്റെ പേരില്‍ നിന്ന് ഗവര്‍ണര്‍ എന്ന വാക്ക് നീക്കം ചെയ്യണമെന്നും നാടകത്തില്‍ എവിടെയും ഈ വാക്ക് പരാമര്‍ശിക്കരുതെന്നുമാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.

അതേസമയം നാടകത്തില്‍ രാഷ്ട്രീയമില്ലെന്ന് നാടക് കൊച്ചി സമിതി അറിയിച്ചു. കൂടാതെ വെള്ളിയാഴ്ച തീരുമാനിച്ചിരുന്ന നാടകത്തിന്റെ പ്രദര്‍ശനം മാറ്റിവെച്ചെന്നും നാടകത്തിന്റെ ഉള്ളടക്കത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ലെന്നും നാടക് കൊച്ചി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് വരും ദിവസങ്ങളില്‍ നാടകത്തിന്റെ പ്രദര്‍ശനം നടത്തുമെന്നും സമിതി അംഗങ്ങള്‍ അറിയിച്ചു.

Content Highlight: RDO bans drama in Cochin Carnival on BJP’s complaint

We use cookies to give you the best possible experience. Learn more