റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും എയര്‍സെല്ലും യോജിക്കുന്നു: ആസ്തി 65,000 കോടി
Daily News
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും എയര്‍സെല്ലും യോജിക്കുന്നു: ആസ്തി 65,000 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th September 2016, 9:42 am

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്-എയര്‍സെല്‍ കൂട്ടുകെട്ട് ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ രൂപീകരണത്തിനു വഴിവെക്കും.


 

ന്യൂദല്‍ഹി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെലും ലയിക്കുന്നു. 65,000 കോടിയുടെ ആസ്തിയാണ് പുതിയ കമ്പനിക്ക് കണക്കാക്കുന്നത്.

രണ്ടു ഗ്രൂപ്പുകള്‍ക്കും 50 ശതമാനം ഓഹരി വീതമാകും ഉണ്ടാവുക. പുതിയ കമ്പനിയുടെ ബോര്‍ഡില്‍ ഇരു വിഭാഗങ്ങളില്‍ നിന്നും തുല്യപങ്കാളിത്തമുണ്ടാവും.

“റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്-എയര്‍സെല്‍ കൂട്ടുകെട്ട് ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയുടെ രൂപീകരണത്തിനു വഴിവെക്കും. 12 പ്രധാന സര്‍ക്കിളുകളുടെ വരുമാനത്തിന്റെ കാര്യത്തില് രാജ്യത്തെ മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍ എന്ന റാങ്കിങ്ങിലെത്താന്‍ സഹായകരമാകും.” ഇരുകമ്പനികളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. 110 മില്യണ്‍ ഉപഭോക്താക്കളാണ് ഇതിനുള്ളത്. എന്നാല്‍ എയര്‍ സെല്ലിന് അഞ്ചാം റാങ്കാണ്. 84 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് അവര്‍ക്കുള്ളത്.

റിലന്‍സ് കമ്മ്യൂണിക്കേഷന്‍സിന് 9.8% മാര്‍ക്കറ്റ് ഷെയറാണുള്ളത്. എയര്‍സെല്ലിന് 8.5% ഷെയറാണുള്ളത്.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ തന്നെ ഇരു കമ്പനികളും തമ്മില്‍ ലയന ചര്‍ച്ച നടത്തുവരുന്നുണ്ടായിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രവര്‍ത്തനം തുടങ്ങിയതിനു തൊട്ടു പിന്നാലെയാണു റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും ചേര്‍ന്നു പുതിയ കമ്പനി രൂപീകരിക്കുന്നത്.