ബാങ്കോക്ക്: ഇന്ത്യയില്ലെങ്കില്‍പ്പോലും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍.സി.ഇ.പി) ഇല്ലാതെ മുന്നോട്ടുപോകുമെന്നു വ്യക്തമാക്കി ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍. അടുത്തവര്‍ഷം തന്നെ കരാറില്‍ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞതായി ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്തു.
15 രാജ്യങ്ങളാണു കരാറുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യയുമായി സംസാരിച്ചതെന്ന് ഉപ വിദേശകാര്യ മന്ത്രി ലേ യുചെങ് ബാങ്കോക്കില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇന്ത്യ എപ്പോള്‍ തയ്യാറാകുന്നുവോ അപ്പോള്‍ അവര്‍ക്കു ചേരാമെന്നും അദ്ദേഹം വ്യക്തമാക്കി. ഈയാഴ്ചതന്നെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബാങ്കോക്കില്‍ ആസിയാന്‍ രാഷ്ട്രത്തലവന്മാര്‍ നടത്തിയ ഉച്ചകോടിക്കു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. മറ്റ് ആസിയാന്‍ രാഷ്ട്രത്തലവന്മാരുടെ പ്രതിനിധിയായാണ് ചൈന മാധ്യമങ്ങളെ കണ്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ചില പ്രശ്‌നങ്ങളുണ്ട്. അവ ഈ വര്‍ഷം തന്നെ അവസാനിക്കില്ല. എന്നാല്‍ 15 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യ എപ്പോള്‍ തയ്യാറാകുന്നുവോ അപ്പോള്‍ സ്വാഗതമെന്ന തുറന്ന നിലപാടാണു ഞങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്.’- അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി വ്യാപാരയുദ്ധം നടക്കുന്നതിനാല്‍ ചൈനയ്ക്ക് ഈ കരാര്‍ നിര്‍ണായകമാണ്. അതേസമയം കേന്ദ്രസര്‍ക്കാര്‍ കരാറുമായി മുന്നോട്ടുപോകാനാണ് താത്പര്യപ്പെടുന്നതെങ്കിലും, രാജ്യത്തിനുള്ളില്‍ നിന്നുള്ള പ്രതിഷേധമാണ് അവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കേരളമടക്കം വിവിധ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഇതോടകം തന്നെ ആര്‍.സി.ഇ.പിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്‍.ഡി.എയുടെ ഭാഗമായ ശിവസേനയും ആര്‍.സി.ഇ.പിക്കെതിരെ നിലപാടെടുത്തത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആസിയാനിലെ ബ്രൂണെ, മ്യാന്‍മാര്‍, കംബോഡിയ, ഇന്തൊനീഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും അവരുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ഇന്ത്യ, ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണകൊറിയ എന്നിവയെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവന്നു വലിയ സ്വതന്ത്ര വ്യാപാരമേഖല രൂപീകരിക്കുകയാണ് ആര്‍.സി.ഇ.പിയുടെ പ്രഖ്യാപിതലക്ഷ്യം.
ഫോട്ടോ കടപ്പാട്: ബ്ലൂംബെര്‍ഗ്