അമൂലിന് പോലും പിടിച്ചു നില്‍ക്കാനാവില്ല; കര്‍ഷകരുടെ നട്ടൊല്ലൊടിക്കാന്‍ രണ്ടാം ആസിയാന്‍ കരാര്‍ വരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ഷകരുടെയും സംരംഭകരുടെയും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെയും എതിര്‍പ്പ് നിലനില്‍ക്കെ രണ്ടാം ആസിയാന്‍ കരാറെന്ന് വിളിക്കാവുന്ന ആര്‍.സി.ഇ.പി കരാറുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ആസിയന്‍ കരാറടക്കം ഇന്ത്യ ഇതുവരെ ഒപ്പിട്ട സ്വതന്ത്രവ്യാപാര കരാറുകള്‍ രാജ്യത്തിന് നേട്ടമുണ്ടാക്കിയിട്ടില്ലെന്നും രാജ്യത്തുനിന്നുള്ള കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആര്‍സിഇപി ഗുണംചെയ്യില്ലെന്നും നിതി ആയോഗ് തന്നെ വിലയിരുത്തിയിട്ടും ക്ഷീര കര്‍ഷകരുടെ നടുവൊടിക്കുന്ന കരാറുമായി മുന്നോട്ടു പോകാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബ്രൂണെ, മ്യാന്‍മര്‍, കംബോഡിയ, ഇന്‍ഡോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീന്‍സ്, സിങ്കപ്പുര്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ പത്ത് ആസിയാന്‍ രാജ്യങ്ങളും ചൈന, ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണകൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളും ചേര്‍ന്നുള്ള സ്വതന്ത്ര വ്യാപാരക്കരാറാണ് ആര്‍സിഇപി.

ആര്‍സിഇപി കരാര്‍ വന്നാല്‍ ഇന്ത്യയുടെ ക്ഷീരമേഖലയെ ഏറെ ദോഷകരമായി ബാധിക്കും. ഈ രംഗത്ത് മുന്നിലുള്ള ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പാലും പാലുല്‍പന്നങ്ങളും വന്ന് ഇന്ത്യന്‍ വിപണി നിറയും.

നിലവില്‍ കടുത്ത മാന്ദ്യം നേരിടുന്ന ഇന്ത്യന്‍ വിപണിയില്‍ പുറംരാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞവിലയില്‍ വരാന്‍ ആര്‍സിഇപി കരാര്‍ വഴിയൊരുക്കുമെന്നാണ് കര്‍ഷകരുടെയും വ്യാപാരികളുടെയും ആശങ്ക.

ആസിയന്‍ കരാര്‍ വന്നശേഷം മലേഷ്യ, ഇന്തോനേഷ്യ, വിയത്നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍വിപണി കീഴടക്കി. ക്ഷീരോല്‍പ്പന്നമേഖലയില്‍ പ്രബലരായ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സ്വതന്ത്രവ്യാപാര കരാര്‍ ഇന്ത്യന്‍ ക്ഷീരമേഖലയ്ക്ക് ഭീഷണിയാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

കരാര്‍ പ്രകാരം ഈ രാജ്യങ്ങള്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും തീരുവയില്ലാതെ ഇറക്കുമതി ചെയ്യാം. രാജ്യത്തെ പാല്‍ വിപണിയില്‍ വന്‍ വിലയിടിവിന് ഇത് വഴിവെക്കുമെന്നും കേരളത്തിലെ പത്ത് ലക്ഷത്തോളം ക്ഷീര കര്‍ഷകരെ ദോഷകരമായി ഇത് ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

തുണിവ്യവസായത്തിനും ഉരുക്ക് മേഖലയ്ക്കും വിദേശ ഉല്‍പ്പന്നങ്ങള്‍ തിരിച്ചടിയാകും. സുഗന്ധവ്യഞ്ജനം, കശുവണ്ടി, സമുദ്രോല്‍പ്പന്നം, പൗള്‍ട്രി മേഖലകളെയും കരാര്‍ പ്രതികൂലമായി ബാധിക്കും.

ആസിയാന്‍ കരാര്‍ വന്നതോടെ വസ്ത്ര വ്യവസായമേഖല വന്‍ പ്രതിസന്ധിയിലാണ്. ആര്‍സിഇപി കരാര്‍ കൂടി വരുന്നതോടെ രാജ്യത്തിന്റെ കമ്പോളം ഏതാണ്ട് പൂര്‍ണമായും വിദേശ രാജ്യങ്ങള്‍ക്ക് തുറന്നുകൊടുക്കപ്പെടും. കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇറക്കുമതി ക്രമാതീതമായാല്‍ തടയാനുള്ള സംവിധാനം വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത്തരം നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ സാധ്യത വിരളമാണ്. കരാറിലെ 25 ഭാഗങ്ങളില്‍ 21 എണ്ണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

നിലവില്‍ പാല്‍വിപണിയില്‍ സര്‍ക്കാറിനും സഹകരണ മേഖലക്കും കൃത്യമായ നിയന്ത്രണമുണ്ട്. കരാര്‍ വരുന്നതോടെ ഇത് ഇല്ലാതാവും. മില്‍മ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും തിരിച്ചടി നേരിടും. മില്‍മക്ക് കീഴിലെ 3172 പ്രാഥമിക സഹകരണ സംഘങ്ങളും ഇതോടെ തകരും. ക്ഷീര ഗ്രാമം,ഡയറി സോണുകള്‍ തുടങ്ങിയ പദ്ധതികളേയും ആര്‍സിഇപി കരാര്‍ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

കേന്ദ്ര സര്‍ക്കാറിലെ പതിമൂന്ന് സെക്രട്ടറിമാരുടെ എതിര്‍പ്പ് മറികടന്നാണ് ആര്‍സിഇപി കരാറുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ധവള വിപ്‌ളവത്തിന്റെ ലോകോത്തര മാതൃകയായ അമൂലിന് പോലും ആര്‍സിഇപി കരാര്‍ തിരിച്ചടിയാവുമെന്നാണ് ക്ഷീരരംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍.