ആസിയാനു പിന്നാലെ ആര്‍.സി.ഇ.പിയും; കേരളത്തിനു നഷ്ടം എത്ര?
Economics
ആസിയാനു പിന്നാലെ ആര്‍.സി.ഇ.പിയും; കേരളത്തിനു നഷ്ടം എത്ര?
ഹരിമോഹന്‍
Thursday, 31st October 2019, 6:20 pm
കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് ആര്‍.സി.ഇ.പി കരാര്‍. ഇന്ത്യയില്‍നിന്നുള്ള പ്രൊഫഷണലുകള്‍ക്കു ചില രാജ്യങ്ങളിലെ സേവനമേഖലകളിലേക്കുള്ള വാതില്‍ തുറന്നുകിട്ടുമെങ്കില്‍പ്പോലും തദ്ദേശീയ ഉത്പാദനത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള മുന്നോട്ടുപോക്ക് കേരളം അടക്കം കാര്‍ഷികമേഖലയെ ആശ്രയിച്ചു നില്‍ക്കുന്ന സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന കേരളത്തിന് ഇതു തിരിച്ചടിയാകും. മാത്രമല്ല, അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്ഘടന എന്നതു ദിവാസ്വപ്‌നം മാത്രമായി അവശേഷിക്കുകയും ചെയ്യും.

നവംബര്‍ നാലിന് ബാങ്കോക്കില്‍ ആസിയാന്‍ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടി ആരംഭിക്കാനിരിക്കെ, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തിരക്കിട്ട ജോലിയിലാണ്. ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (ആര്‍.സി.ഇ.പി) 25 ചാപ്‌റ്റേഴ്‌സും പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണവര്‍. അതില്‍ 21 ചാപ്‌റ്റേഴ്‌സും നിലവില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ആസിയാനിലെ ബ്രൂണെ, മ്യാന്‍മാര്‍, കംബോഡിയ, ഇന്തൊനീഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും അവരുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ഇന്ത്യ, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ന്യൂസിലന്‍ഡ്, ദക്ഷിണകൊറിയ എന്നിവയെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവന്നു വലിയ സ്വതന്ത്ര വ്യാപാരമേഖല രൂപീകരിക്കുകയാണ് ആര്‍.സി.ഇ.പിയുടെ പ്രഖ്യാപിതലക്ഷ്യം.

തുടക്കം രണ്ടായിരാമാണ്ടില്‍, ഒടുക്കം ആര്‍.സി.ഇ.പിയിലേക്ക്

രണ്ടായിരാമാണ്ടിന്റെ പകുതിയോടെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാറുകളുണ്ടാക്കാന്‍ തുടങ്ങിയിരുന്നു. ഇതിലേറ്റവും ഒടുവില്‍ വന്നതാണ് ആര്‍.സി.ഇ.പി കരാര്‍. കയറ്റുമതി വിപണിയില്‍ പാര്‍ശ്വവത്കരിക്കപ്പെടാതിരിക്കാനാണ് ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ഭാഗമാകാന്‍ 2010-ല്‍ തീരുമാനിക്കുന്നത്. ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യു.ടി.ഒ) സമ്മതിച്ചിട്ടുള്ള ഇറക്കുമതിത്തീരുവാ നിരക്കുകള്‍ ഉദാരീകരിച്ച് പങ്കാളിത്തരാജ്യങ്ങളില്‍നിന്നു കുറഞ്ഞ തീരുവയിലോ തീരുവയില്ലാതെയോ ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യാമെന്നതാണ് ആര്‍.സി.ഇ.പിയോടുള്ള അനുകൂല സമീപനത്തിന് ഇന്ത്യയെ പ്രേരിപ്പിച്ചത്. അതുവഴി ഇന്ത്യയിലെ കയറ്റുമതി മേഖലയുടെ മത്സരക്ഷമത വര്‍ധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്.

അതേസമയം, കരാറിലെ മറ്റു പങ്കാളിത്തരാജ്യങ്ങളും തീരുവ കുറയ്ക്കുന്നതോടെ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ആഗോളവിപണി വികസിക്കും. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടു കൊണ്ടാണ് ആസിയാന്‍ രാജ്യങ്ങളും ദക്ഷിണകൊറിയയും ജപ്പാനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിലൂടെ ഇന്ത്യ ഭൂരിഭാഗം ഉത്പന്നങ്ങള്‍ക്കുമുള്ള ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ചത്.

എട്ടുവര്‍ഷത്തിനുശേഷവും മത്സരക്ഷമമല്ലാത്ത വ്യവസായമേഖല

ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാരക്കരാറിലേര്‍പ്പെട്ട് എട്ടുവര്‍ഷത്തിനുശേഷം ഇന്ത്യയുടെ വ്യാപാര പുരോഗതി വിലയിരുത്തുമ്പോള്‍ ഇറക്കുമതി ഉദാരമാക്കിയത് ആഭ്യന്തര വ്യവസായങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിച്ചിട്ടില്ലെന്നു വ്യക്തമാകും. ഇന്ത്യയില്‍ മാത്രമല്ല, കരാറിലുള്‍പ്പെട്ട പങ്കാളിത്തരാജ്യങ്ങളിലോ ആഗോളതലത്തിലോ ഇത്തരത്തില്‍ വ്യവസായങ്ങളുടെ മത്സരക്ഷമത മെച്ചപ്പെട്ടിട്ടില്ലെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മത്സരക്ഷമത കുറഞ്ഞുവെന്നു മാത്രമല്ല, ഇന്ത്യയിലെ 64 ഉത്പാദന മേഖലകളില്‍ 52 എണ്ണത്തിന്റെയും കയറ്റുമതിവരുമാനം കൂപ്പുകുത്തുകയും വ്യാപാരക്കമ്മി 2015-2018 കാലയളവില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. 1996-2001 കാലയളവിലെ 20 ശതമാനമെന്ന നിലയില്‍നിന്നാണ് ഇങ്ങനെയൊരു വീഴ്ചയെന്ന് കേന്ദ്രസര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്രതലത്തില്‍ മത്സരം വര്‍ധിക്കുന്നുവെന്നും ഇറക്കുമതിയെ ആശ്രയിച്ച് ആഭ്യന്തര ഉത്പന്നങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുമെന്നു പ്രത്യാശിക്കുന്നതും വെറുതെയാണെന്നു വസ്തുതകളും കണക്കുകളും വ്യക്തമാക്കുന്നു.

നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിക്കുമെന്നതാണു സ്വതന്ത്ര വ്യാപാരക്കരാറുകളെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കരാറുകളിലെ ഉദാരീകരണ നയങ്ങള്‍ പങ്കാളിത്തരാജ്യങ്ങളില്‍ വേരുറപ്പിക്കാന്‍ ബഹുരാഷ്ട്രക്കമ്പനികള്‍ക്കു സഹായകമാകുകയും അതുവഴി വിദേശനിക്ഷേപം ഇന്ത്യയിലേക്കെത്തിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇതു തദ്ദേശ ഉത്പാദന വ്യവസായങ്ങള്‍ക്ക് ആഗോള വിതരണ ശൃംഖലയില്‍ (ജി.വി.സി) കൂടുതലിടം നേടാനുമാകുമെന്നതും പ്രതീക്ഷയാണ്.

എന്നാല്‍ വികസ്വര രാജ്യങ്ങളിലെ കമ്പനികള്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിലൂടെയോ അല്ലാതെയോ ജി.വി.സിയില്‍ പ്രവേശിക്കുന്നതും വിജയിക്കുന്നതും അവയുടെ നിലവിലെ വ്യവസായ സാങ്കേതികക്ഷമതയെ ആശ്രയിച്ചാണു നിലനില്‍ക്കുന്നത്. അങ്ങനെ വരുമ്പോള്‍ മത്സരക്ഷമതയില്‍ വന്‍തോതില്‍ പിന്നാക്കം പോയിരിക്കുന്ന ഇന്ത്യയെക്കാള്‍ കൂടുതല്‍ വികസിതവും വൈവിധ്യമേറിയതുമായ വിതരണാടിത്തറ ചൈന ഉള്‍പ്പെടെയുള്ള ആര്‍.സി.ഇ.പിയിലെ മറ്റു രാജ്യങ്ങള്‍ക്കുണ്ട്.

ഈ സാഹചര്യങ്ങളില്‍ സ്വതന്ത്രവ്യാപാരക്കരാറുകള്‍ക്കു കീഴില്‍ ഇന്ത്യയുടെ പ്രാദേശിക ഉത്പാദനത്തിനുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതെയാകും. ആര്‍.സി.ഇ.പി. കരാറുകൊണ്ട് ഉണ്ടാകുമെന്നു പറയപ്പെടുന്ന നേട്ടങ്ങളെ ഖണ്ഡിക്കുന്നതാണ് ഇത്.

ഇറക്കുമതി കൂടി, കയറ്റുമതി അവിടെത്തന്നെ

തൊണ്ണൂറുകളില്‍ മൊത്തം ആര്‍.സി.ഇ.പി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഏതാണ്ട് തുല്യമായിരുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ടില്‍ കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി വര്‍ധിക്കാന്‍ തുടങ്ങി. 2010-ല്‍ കയറ്റുമതി 5,000 കോടി ഡോളറും ഇറക്കുമതി 10000 കോടി ഡോളറുമായിരുന്നു. അങ്ങനെ ഇന്ത്യയുടെ വിദേശവ്യാപാര കമ്മി 5,000 കോടിയായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നമ്മുടെ കയറ്റുമതി ഏതാണ്ട് അതേനിലയില്‍ തുടര്‍ന്നു. അതേസമയം ഇറക്കുമതി തുടര്‍ച്ചയായി ഉയര്‍ന്ന് 2018-ല്‍ 20,000 കോടി ഡോളറിലെത്തി. എന്നുവെച്ചാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി 15,000 കോടി ഡോളറായി ഉയര്‍ന്നു.

നമ്മുടെ ഈ വ്യാപാര കമ്മിയില്‍ സ്വതന്ത്രവ്യാപാര ബന്ധമുള്ള ആസിയാന്‍ രാജ്യങ്ങളുമായിട്ടുള്ള കമ്മി 2,200 കോടി ഡോളറാണ്. ബാക്കി 12,800 കോടി ഡോളര്‍ മറ്റ് ആര്‍.സി.ഇ.പി രാജ്യങ്ങളുമായുള്ള കമ്മിയാണ്. ചൈനയുമായുള്ള കമ്മി മാത്രം 6,600 കോടി വരും. ഇപ്പോള്‍ ഈ രാജ്യങ്ങളിന്മേലുള്ള ഇറക്കുമതിക്കു മേല്‍ 40 ശതമാനം വരെ തീരുവ ചുമത്താന്‍ ഡബ്ല്യു.ടി.ഒ കരാര്‍ പ്രകാരം നമുക്ക് അവകാശമുണ്ട്. ആര്‍.സി.ഇ.പി കരാര്‍ വരുന്നതോടെ ഈ അവകാശം കുത്തനെ വെട്ടിക്കുറക്കപ്പെടും. ഫലം ചൈന, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇറക്കുമതി കുത്തനെ ഉയരും.

ഇന്ത്യയില്‍ നിന്ന് ആര്‍.സി.ഇ.പി രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി കഴിഞ്ഞ ഒരു ദശകത്തില്‍ 5,000 കോടി ഡോളറിന്മേല്‍ തട്ടിക്കളിക്കുകയായിരുന്നുവെന്നതു നേരത്തെ തന്നെ സൂചിപ്പിച്ചു കഴിഞ്ഞു. എന്നുവെച്ചാല്‍ കയറ്റുമതി കുറച്ചു കൂടിയേക്കാം. എന്നാല്‍ ഇറക്കുമതിയായിരിക്കും കുത്തനെ ഉയരുക എന്നതാണ് ഇതുവരെയുള്ള അനുഭവം സൂചിപ്പിക്കുന്നത്.

ആസിയാന്‍ രാജ്യങ്ങളുമായിട്ടുള്ള വ്യാപാരത്തില്‍ സ്വതന്ത്രവ്യാപാര കരാറിനുശേഷം എന്തു സംഭവിച്ചുവെന്ന് പരിശോധിച്ചാല്‍ ഇതു ബോധ്യമാകും ആസിയാന്‍ രാജ്യങ്ങളിന്‍മേലുള്ള കയറ്റുമതിയെ അപേക്ഷിച്ച് അവിടെ നിന്നുള്ള ഇറക്കുമതി ഗണ്യമായി ഉയര്‍ന്നു. ഇതിന്റെ ഫലമായി ഈ രാജ്യങ്ങളുമായുള്ള വ്യാപാരകമ്മി 2010-ല്‍ 500 കോടി ഡോളറായിരുന്നത് 2018 ആയപ്പോഴേയ്ക്കും 2200 കോടി ഡോളറായി ഉയര്‍ന്നു.

പ്രതിഷേധവുമായി കേരളം

ആര്‍.സി.ഇ.പിക്കെതിരെ ഏറ്റവും ആദ്യം രംഗത്തുവന്നവരില്‍ കേരളവുമുണ്ട്. കരാറിനെതിരെ ബുധനാഴ്ച (ഒക്ടോബര്‍ 30) കേരളാ നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമില്ലാതെയായിരുന്നു പ്രമേയം പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ വിട്ടുനിന്നപ്പോള്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ കേരളാ ജനപക്ഷത്തിന്റെ എം.എല്‍.എ പി.സി ജോര്‍ജ് പ്രമേയത്തിലൊപ്പിട്ടു.

രാജ്യത്തിന്റെ വിശാല താത്പര്യം കണക്കിലെടുത്തു കരാര്‍ ഒപ്പിടാനുള്ള നീക്കത്തില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് സഭ ഒന്നാകെ ആവശ്യപ്പെടുകയായിരുന്നു. പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഒപ്പുവെയ്ക്കുന്ന കരാര്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നു പറഞ്ഞു. കാര്‍ഷിക മേഖലയിലും വ്യവസായ മേഖലയിലും ഇതു വലിയ തിരിച്ചടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിനും ഈ കരാറിനോടു വിരുദ്ധാഭിപ്രായമാണ് ഉള്ളത്. ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കുന്ന കരാറാണ് ഇതെന്നും ഇതില്‍ നിന്നു കേന്ദ്രം പിന്മാറണമെന്നും കോണ്‍ഗ്രസ് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.

കരാര്‍ എതിര്‍ക്കാന്‍ കാരണമാകുന്നത്

കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കരാര്‍. ഇന്ത്യയില്‍നിന്നുള്ള പ്രൊഫഷണലുകള്‍ക്കു ചില രാജ്യങ്ങളിലെ സേവനമേഖലകളിലേക്കുള്ള വാതില്‍ തുറന്നുകിട്ടുമെങ്കില്‍പ്പോലും തദ്ദേശീയ ഉത്പാദനത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള മുന്നോട്ടുപോക്ക് കേരളം അടക്കം കാര്‍ഷികമേഖലയെ ആശ്രയിച്ചു നില്‍ക്കുന്ന സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ മുന്നേറുന്ന കേരളത്തിന് ഇതു തിരിച്ചടിയാകും. മാത്രമല്ല, അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്ഘടന എന്നതു ദിവാസ്വപ്‌നം മാത്രമായി അവശേഷിക്കുകയും ചെയ്യും.

വാണിജ്യവിള ഉത്പന്നങ്ങള്‍ ഇപ്പോള്‍ത്തന്നെ ആസിയാന്‍ രാജ്യങ്ങളില്‍ നിന്നു സുലഭമായി ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. കരാര്‍ വരുന്നതോടെ ഇതു കൂടുതല്‍ ശക്തിപ്പെടും. കാരണം, രാജ്യങ്ങള്‍ കൂടുംതോറും ഏതു രാജ്യങ്ങളില്‍ ഉത്പാദിപ്പിച്ച ചരക്കുകളാണോ വിപണനം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുക കൂടുതല്‍ പ്രയാസകരമാകുമെന്നതിനാലാണ് ഇതെന്ന് ധനമന്ത്രി തോമസ് ഐസക്ക് ഡൂള്‍ന്യൂസിനോടു പറഞ്ഞു. ഇതിനുപുറമേ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഗോതമ്പും ചോളവുമെല്ലാം ഇറക്കുമതി ചെയ്യപ്പെടും. പേറ്റന്റ് നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍ കൃഷിക്കാരുടെ വിത്തവകാശത്തിന്മേലും കരിനിഴല്‍ വീഴ്ത്തും. അതുകൂടാതെ മത്സ്യ ഇറക്കുമതിയും ഗണ്യമായി ഉയരും.

ആസിയാന്‍ കരാറിനെതിരെ കേരളത്തില്‍ സി.പി.ഐ.എം സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ നിന്ന് (ഫോട്ടോ: ദ ഹിന്ദു)


ഇത്രയും രാജ്യങ്ങള്‍ ഒന്നിച്ചുവരുമ്പോള്‍ ഏതു രാജ്യത്തുനിന്നാണ് ഉത്പന്നങ്ങള്‍ വരുന്നതെന്നു കണ്ടുപിടിക്കാന്‍ പ്രയാസമാണെന്നും അത് വാണിജ്യ വിളകളുടെ വില പിന്നെയും തകരാന്‍ കാരണമാകുമെന്നും ഐസക് ഡൂള്‍ന്യൂസിനോടു പറഞ്ഞു. ഗ്വാട്ടിമാലയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഏലം വരുന്നുണ്ട്. ഇത്തരത്തില്‍ രാജ്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തിലേക്ക് ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.സി.ഇ.പി ചര്‍ച്ചകളുടെ സുതാര്യതയില്ലായ്മയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റില്‍ (ഐ.എസ്.ഐ.ഡി) കണ്‍സള്‍ട്ടന്റ് ഡോ. സ്മിത ഫ്രാന്‍സിസ് പറഞ്ഞു. നിക്ഷേപത്തിന്റെ സ്വഭാവം, ഇ-കൊമേഴ്‌സ്, ബൗദ്ധിക സ്വത്തവകാശം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ചര്‍ച്ച അതീവ രഹസ്യമായാണു പുരോഗമിക്കുന്നതെന്നും സ്മിത പറയുന്നു.

ക്ഷീരമേഖലയുടെ നട്ടെല്ലൊടിക്കുന്ന കരാര്‍

കരാറിനെ എതിര്‍ക്കുന്നവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറ്റവും പ്രിയപ്പെട്ട ഗുജറാത്തിലെ അമൂല്‍ കമ്പനിയും പെടും. അതിനു കാരണം അവര്‍ കൈകാര്യം ചെയ്യുന്ന ക്ഷീരമേഖലയെ ബാധിക്കുമെന്നതിനാലാണ്. അതൊരു യാഥാര്‍ഥ്യമാണ്. കരാര്‍ ഏറ്റവും തീവ്രമായി അനുഭവപ്പെടാന്‍ പോകുന്നതു ക്ഷീരമേഖലയിലായിരിക്കും. കേരളത്തിനെയും കരാറിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ ഘടകമാണ്.

നേരത്തേ പറഞ്ഞതുപോലെ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും നിന്നുള്ള പാല്‍, പാലുത്പന്ന ഇറക്കുമതിയാകും അതിനുകാരണം. വന്‍കിട വാണിജ്യാടിസ്ഥാനത്തിലുള്ള ഇവിടങ്ങളിലെ ക്ഷീരമേഖലയിലെ ഉത്പാദനച്ചെലവ് താഴ്ന്നതാണ്. ഇത്തരം പാലുത്പന്നങ്ങളുടെ ഇറക്കുമതിക്കു തടയിട്ടുകൊണ്ടാണ് ഇന്ത്യയില്‍ ധവളവിപ്ലവം വിജയിപ്പിച്ചത്. ഈ നേട്ടങ്ങള്‍ അതിനെ ബാധിക്കും.

ഏറ്റവും വലിയ ഇംപാക്ട് കേരളത്തിന്റെ ക്ഷീരമേഖലയിലായിരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് തന്നെ പറഞ്ഞുകഴിഞ്ഞു. ‘ഭയങ്കര ലാഭകരമായിട്ടുള്ള ഉത്പാദനമൊന്നുമല്ല ക്ഷീരമേഖലയില്‍ നടക്കുന്നത്. സര്‍ക്കാര്‍ സബ്‌സിഡിയൊക്കെ കൊടുത്താണ് അതു നടന്നുപോകുന്നത്. പക്ഷേ കരാര്‍ വന്നുകഴിഞ്ഞാല്‍ ആദായകരമല്ലാത്ത രീതിയിലേക്കു മാറും. സബ്‌സിഡിക്കു പോലും രക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്കു മാറും.’- അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ഇക്കാര്യത്തില്‍ കേരളാ പ്ലാനിങ് ബോര്‍ഡ് അംഗവും മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഡീനും പ്രൊഫസറുമായ ആര്‍. രാമകുമാര്‍ ഡൂള്‍ന്യൂസിനോടു പ്രതികരിച്ചതിങ്ങനെ- ‘കേരളം എന്നുപറയുന്നതു പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തതയിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴേക്കും ദിനംപ്രതി ഒമ്പതുലക്ഷം ലിറ്റര്‍ കുറവ് നമ്മള്‍ നേരിട്ടിരുന്നു. അതിപ്പോള്‍ നമ്മള്‍ കുറച്ച് നാല്, അഞ്ച് ലിറ്ററിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഈ സര്‍ക്കാര്‍ അടുത്തവര്‍ഷം പോകുമ്പോഴേക്ക് രണ്ടു ലക്ഷം ലിറ്ററിലേക്കെത്തിക്കാന്‍ കഴിയും. രണ്ടുവര്‍ഷം കൂടി കഴിയുമ്പോഴേക്ക് അത് സീറോ ആക്കാന്‍ കഴിയും. അതായത്, 2023 ആകുമ്പോഴേക്ക് ക്ഷീരമേഖലയില്‍ കേരളം സ്വയം പര്യാപ്തത കൈവരിക്കും.

അതു കൂടുതല്‍ കേരളത്തിലെ ചെറുകിട കര്‍ഷകനുണ്ടാക്കുന്ന പാലാണ്. അത് ഒന്നോ രണ്ടോ പശുക്കളെ വെച്ചുകൊണ്ട്, സ്വന്തം പുരയിടത്തിലെ കൃഷി കൊണ്ട് ഉണ്ടാക്കുന്ന പാലാണ്. അതു നമ്മള്‍ സഹകരണസംഘങ്ങള്‍ വഴിയാണ് എത്തിക്കുന്നത്. അതായത്, ഈ കര്‍ഷകനു നല്ല വില കൊടുക്കാനും നമുക്കു കഴിയുന്നുണ്ട്. ഇന്ത്യയില്‍ പാലിനു ഏറ്റവും കൂടുതല്‍ വില കിട്ടുന്ന കര്‍ഷകന്‍ ഒരുപക്ഷേ കേരളത്തിലായിരിക്കും. ഏകദേശം 37 രൂപ ലിറ്ററിന് സഹകരണ സംഘങ്ങളില്‍ക്കൂടി വാങ്ങാന്‍ കഴിയും. അതായത്, ഉപഭോക്താവ് കൊടുക്കുന്ന വിലയുടെ 70-80 ശതമാനം കര്‍ഷകനും കൊടുക്കാന്‍ സാധിക്കുന്നുണ്ട്. പുറത്തുനിന്നുള്ള സഹായമില്ലാതെ കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നു എന്നുള്ളതാണു കാര്യം. 2023 കഴിയുമ്പോഴേക്കും നമ്മള്‍ സര്‍പ്ലസാകും. അതിനെ അടിസ്ഥാനമാക്കി ഒരു വ്യവസായമുണ്ടാക്കാന്‍ പറ്റും, പാലധിഷ്ഠിത ഉത്പന്നങ്ങള്‍ തുടങ്ങിയവയൊക്കെ.

പക്ഷേ, കരാര്‍ വന്നുകഴിഞ്ഞാല്‍ ന്യൂസിലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് പാല്‍, പാല്‍പ്പൊടി, വെണ്ണ, ബട്ടര്‍ ഓയില്‍, ചീസ് എന്നിവ ഇറക്കുമതി ചെയ്യപ്പെടും. ന്യൂസിലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയുക പാല്‍പ്പൊടിക്ക് കിലോയ്ക്ക് 150 രൂപയെന്ന നിലയ്ക്കായിരിക്കും. പക്ഷേ ഇവിടെയിപ്പോള്‍ 280 രൂപ വരെ പാല്‍പ്പൊടിക്കു വിലയുണ്ട്. പിന്നെ 38 രൂപയ്ക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന പാലിന് ഇറക്കുമതി വരുമ്പോള്‍ 19-20 രൂപയാകും.’- അദ്ദേഹം പറഞ്ഞു.

കേരളം നേരിടുന്ന ചൈനീസ് വെല്ലുവിളി

ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നുമുള്ള വ്യവസായ ഉത്പന്നങ്ങളുടെ ഇറക്കുമതിയാണ് കുത്തനെ ഉയരുകയെന്നതാണു വാസ്തവം. അമേരിക്ക ചൈനീസ് ഇറക്കുമതിയുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അതുകൊണ്ട് ഇന്ത്യന്‍ കമ്പോളം ചൈനക്ക് ആവശ്യമാണു താനും. ചൈനയിലെ കൂലി ഉയര്‍ന്നത് നമ്മുടെ മത്സരശേഷിയെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു വാദിക്കുന്നവരുണ്ട്. ചൈനയിലെ കൂലി കൂടുന്നുവെന്നതു ശരിതന്നെ. പക്ഷേ, അവരുടെ ചെറുകിട വ്യവസായ മേഖലയില്‍പ്പോലും വമ്പിച്ച ആധുനികവത്കരണവും ഉത്പാദനക്ഷമതാ വര്‍ധനവും നടക്കുകയാണ്. അരൂരിലെ സുവനീര്‍ ബാഗുകളുടെ നിര്‍മ്മാണകേന്ദ്രം നേരിടുന്ന ചൈനീസ് വെല്ലുവിളിയെക്കുറിച്ച് രണ്ടാഴ്ചമുമ്പ് ഐസക് തന്നെ പറഞ്ഞിരുന്നു.

ഇപ്പോള്‍ത്തന്നെ ചൈനയില്‍ നിന്നു വരുന്ന ഒരുപാട് സാധനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭിക്കും. ഉദാഹരണത്തിനു തുണി പോലുള്ള സാധനങ്ങള്‍, ചെറിയ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ അവിടെനിന്ന് ഇങ്ങോട്ടുവരും. അപ്പോള്‍ നമ്മുടെ വില താഴുമെന്നും ആര്‍. രാമകുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ഫാര്‍മമേഖലയും തകരും

കരാര്‍ മരുന്നു വ്യവസായത്തെയും ബാധിക്കുമെന്നതാണു യാഥാര്‍ഥ്യം. ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേറ്റുകള്‍ക്കായി പുതിയ കുത്തകകളെ അവതരിപ്പിക്കാനും വികസിപ്പിക്കാനുമായി ബൗദ്ധികസ്വത്തവകാശ വ്യവസ്ഥകൂടി കരാറിലുള്‍പ്പെടുത്താന്‍ ജപ്പാനില്‍നിന്നും ദക്ഷിണകൊറിയയില്‍നിന്നും കാര്യമായ സമ്മര്‍ദ്ദമുണ്ട്. കുറഞ്ഞവിലയില്‍ മറ്റിടങ്ങളില്‍നിന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യപ്പെടുന്നതിലേക്ക് ഇത്തരം വ്യവസ്ഥകള്‍ നയിക്കുന്നതോടെ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം ദുര്‍ബലമാകും.

കരാറില്‍ ഉറച്ചുനില്‍ക്കാന്‍ കാരണമെന്ത്?

പ്രധാനമായും മൂന്നു കാരണങ്ങളാണ് ഇതിനുള്ളതെന്ന് ആര്‍. രാമകുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

1) തുടക്കം മുതല്‍ മോദിസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് ജിയോ പൊളിറ്റിക്‌സിലാണ് എന്നതാണ്. അതുകൊണ്ട് അവര്‍ കരുതുന്നത് എന്താണെന്നു വെച്ചുകഴിഞ്ഞാല്‍, ഈ ഇന്ത്യന്‍ വിദേശ നയത്തിന്റെ പ്രധാനപ്പെട്ട നയമെന്നതു കിഴക്കോട്ടു നോക്കുക എന്നതാണ്. എന്നുവെച്ചാല്‍ തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കു നോക്കുക. കരാറില്‍ നിന്നു മാറിനിന്നാല്‍ ഒരു വലിയ ആഗോളശക്തിയായി മാറാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ മങ്ങുമെന്ന ചിന്ത വിദേശനയം നടപ്പാക്കലിലുണ്ട്. അപ്പോള്‍ നമ്മുടെ കര്‍ഷകരുടെയും ചെറുകിട ഉത്പാദകരുടെയും താത്പര്യങ്ങള്‍ എന്നതിലുപരി ഈ ജിയോ പൊളിറ്റിക്കല്‍ പരിഗണനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം അവര്‍ നല്‍കുന്നു.

2) സേവന മേഖലയില്‍ കുറേയധികം സാധ്യതകള്‍ കരാര്‍ മൂലം ഉണ്ടാകുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് കാര്‍ഷിക മേഖല, വ്യവസായ മേഖല എന്നിവയെ ബലികൊടുത്താലും സേവനമേഖലയ്ക്ക് അല്‍പ്പം ഗുണമുണ്ടാകട്ടെ എന്ന ചിന്തയാണ്.

3) നമ്മള്‍ ഈ കരാറില്‍ നിന്നു വിട്ടുനിന്നുകഴിഞ്ഞാല്‍ നമ്മുടെ വിപണിയധിഷ്ഠിത നയത്തില്‍ നിന്ന് വഴിമാറുന്നു എന്ന തോന്നല്‍ അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ ചിന്തിക്കുന്നു.

 

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍