മുന്നില്‍ നിന്ന് നയിച്ച് കോഹ്‌ലി; ഉയര്‍ത്തെണീറ്റ് ബാംഗ്ലൂര്‍; ജയം എട്ട് വിക്കറ്റിന്
മൊഹാലി: തുടര്‍ച്ചയായ ആറു മത്സരങ്ങളുടെ പരാജയം ഏല്‍പ്പിച്ച ക്ഷീണത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ അവരുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരം ആധികാരികമായാണ് ബാംഗ്ലൂര്‍ ജയിച്ചുകയറിയത്. ഐ.പി.എല്ലിലെ ഈ സീസണിലെ ബാംഗ്ലൂരിന്റെ ആദ്യ ജയമാണിത്.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുന്നില്‍ നിന്ന് പടനയിച്ചതും എ.ബി ഡിവില്ലിയേഴ്‌സ് മുന്‍കാലങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചതും പഞ്ചാബ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം നാലുപന്ത് ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കാന്‍ ബാംഗ്ലൂരിനെ സഹായിച്ചു. കോഹ്‌ലി 53 പന്തില്‍ 67 റണ്‍സെടുത്തപ്പോള്‍ ഡിവില്ലിയേഴ്‌സ് 38 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
എട്ട് ഫോറുകളുടെ സഹായത്തോടെയാണ് കോഹ്‌ലി അത്രയും റണ്‍സെടുത്തതെങ്കില്‍ ഡിവില്ലിയേഴ്‌സ് അഞ്ച് ഫോറുകളും രണ്ട് സിക്‌സറുകളും നേടി. നാലാമനായി ഇറങ്ങിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് (16 പന്തില്‍ 28) ബാംഗ്ലൂരിന്റെ വിജയറണ്‍ നേടിയത്.
നേരത്തേ ടോസ് നേടിയ ബാംഗ്ലൂര്‍ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അര്‍ഹിച്ച സെഞ്ചുറി ഒരു റണ്‍ അകലെ വെച്ച് നഷ്ടമായ ക്രിസ് ഗെയ്‌ലിന്റെ (99) മികവില്‍ 173 റണ്‍സെന്ന മികച്ച ടോട്ടലിലെത്താന്‍ പഞ്ചാബിനായി.
64 പന്തില്‍ 10 ഫോറുകളുടെയും അഞ്ച് സിക്സറുകളുടെയും അകമ്പടിയോടെയാണ് ഗെയ്ല്‍ 99 റണ്‍സെടുത്തത്.
ബാംഗ്ലൂരിനുവേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് നേടി.
കളിച്ച ആറു മത്സരങ്ങളില്‍ ആറും തോറ്റ ബാംഗ്ലൂരിന് ക്വാളിഫയര്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്നു. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി പോലും ചോദ്യം ചെയ്യപ്പെട്ടിടത്തു നിന്നാണ് അദ്ദേഹം തന്നെ മുന്നില്‍ നിന്നും നയിച്ചതും ബാംഗ്ലൂര്‍ വിജയവഴിയില്‍ തിരിച്ചെത്തിയതും.
ഏഴു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ബാംഗ്ലൂര്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാലു വിജയങ്ങളുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്തും.