ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 24 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കോഹ്‌ലിയും സംഘവും നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 18.2 ഓവറില്‍ 150ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് പഞ്ചാബിനെ തകര്‍ത്തത്.
മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാകും മുമ്പേ പി.ബി.കെ.എസ് നാലിന് 43 എന്ന നിലയിലായി. അഥര്‍വ ടെയ്‌ഡെ, ലിയാം ലിവിങ്സ്റ്റണ്‍, മാത്യു, വാനിന്ദു ഹസരങ്ക എന്നിവരെ സിറാജ് ഔട്ട് ആക്കി. 46 റണ്‍സ് നേടിയ പ്രഭ്സിമ്രാനാണ് ടോപ് സ്‌കോറര്‍. ജിതേശ് ശര്‍മ 41 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സാം കറണ്‍ പോയതോടെ അഞ്ചിന് 76 എന്ന നിലയിലായി പഞ്ചാബ്.
അതേസമയം, ആര്‍.സി.ബിയില്‍ കോഹ്‌ലിയും ഡൂപ്ലെസിയും മികച്ച തുടക്കമിട്ടുകൊണ്ട് മത്സരത്തില്‍ തിളങ്ങി. വിരാടിന്റെയും ഡൂപ്ലെസിയുടെയും വെടിക്കെട്ട് ആര്‍ധ സെഞ്ച്വറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. 47 പന്തില്‍ നിന്ന് 59 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. 56 പന്തില്‍ നിന്ന് 84 റണ്‍സെടുത്ത് ഡൂപ്ലസിയും കയ്യടി നേടി. എന്നാല്‍ മികച്ച തുടക്കം ലഭിച്ച ആര്‍.സി.ബിക്ക് വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 137 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഹാഫ് സെഞ്ച്വറി നേടി ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. സീസണിലെ നാലാം സെഞ്ച്വറിയാണ് വിരാടും ഡൂപ്ലെസിയും അടിച്ചെടുത്തത്.
അര്‍ധ സെഞ്ച്വറിക്ക് ശേഷം ആറാം ഓവറില്‍ 60ല്‍ എത്തിയ ആര്‍.സി.ബി പക്ഷേ 12ാം ഓവറിലാണ് 100 കടന്നത്. 10 മുതല്‍ 15 വരെയുള്ള അഞ്ചോവറില്‍ 39 റണ്‍സ് മാത്രമാണ് ആര്‍.സി.ബിക്ക് നേടാനായത്. ഡൂപ്ലെസിയായിരുന്നു മത്സരത്തില്‍ കൂടുതല്‍ അപകടകാരി. വിരാടിന്റെ വിക്കറ്റായിരുന്നു ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. പഞ്ചാബ് കിങ്‌സിന്റെ ഹര്‍പ്രീത് ബ്രാര്‍ ആണ് വിരാടിനെ പുറത്താക്കിയത്. അപകടകാരിയായ മാക്‌സ്വെല്ലിനെയും മുട്ടുകുത്തിച്ച് ബ്രാര്‍ ആര്‍.സി.ബിക്ക് തിരിച്ചടി സമ്മാനിച്ചു.
പതിനെട്ടാം ഓവറില്‍ നേഥന്‍ എല്ലിസിനെ സിക്‌സ് അടിച്ചതിന് പിന്നാലെ വീണ്ടും സിക്‌സിന് ശ്രമിച്ച ഡൂപ്ലെസി (56 പന്തില്‍ 84) മടങ്ങി. അഞ്ച് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ഡൂപ്ലെസി 84 റണ്‍സടിച്ചത്.
അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് കരുതിയ ദിനേശ് കാര്‍ത്തിക്കും മടങ്ങിയതോടെ 200 കടക്കുമെന്ന് തോന്നിച്ച ആര്‍.സി.ബി 174 റണ്‍സിലൊതുങ്ങി. അവസാന നാലോവറില്‍ 37 റണ്‍സെ ആര്‍.സി.ബിക്ക് നേടാന്‍ സാധിച്ചിട്ടുള്ളൂ. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാര്‍ രണ്ടും അര്‍ഷദീപും നേഥന്‍ എല്ലിസും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Content Highlights: RCB wins against PBKS in IPL