| Friday, 17th May 2024, 4:19 pm

ബെംഗളൂരു ചെന്നൈയെ തോല്‍പ്പിക്കും; വെറുതെ പറഞ്ഞതല്ല, കാരണമുണ്ട്!

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ത്രസിപ്പിച്ച ഐ.പി.എല്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചൈസികള്‍ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.

13 മത്സരങ്ങളില്‍ നിന്ന് 9 വിജയവും മൂന്നു തോല്‍വിയുമായി കൊല്‍ക്കത്ത 19 പോയിന്റിന് മുന്നിലാണ്. രാജസ്ഥാന്‍ റോയല്‍സ് 13 മത്സരങ്ങളില്‍ നിന്ന് എട്ടു വിജയവും 5 തോല്‍വിയുമായി 16 പോയിന്റോടെ രണ്ടാം സ്ഥാനത്തും, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 13 മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയുമായി 15 പോയിന്റോടെ മൂന്നാം സ്ഥാനവും ഉറപ്പിച്ചു.

നാലാം സ്ഥാനത്തേക്കുള്ള കനത്ത പോരാട്ടമാണ് ഇനി നടക്കാന്‍ ഉള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് സാധ്യത പട്ടികയില്‍ ഉള്ളത്. മെയ് 18ന് റോയല്‍ ചലഞ്ചേഴ്‌സിന്റെ തട്ടകമായ ചിന്നസ്വാമിയില്‍ വെച്ചാണ് നിര്‍ണായക മത്സരം നടക്കാനിരിക്കുന്നത്.

മത്സരത്തില്‍ ആദ്യം റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈയെ 18 റണ്‍സിന് തോല്‍പ്പിക്കണം. ആദ്യം ബോള്‍ എറിയുകയാണെങ്കില്‍ 18.1 ഓവറില്‍ ചെന്നൈയെ തകര്‍ക്കണം. എന്നാല്‍ മാത്രമേ റോയല്‍ ചലഞ്ചേഴ്‌സിന് പ്ലേഓഫിലേക്ക് എത്താന്‍ സാധിക്കൂ.

തുടക്കത്തില്‍ 7 മത്സരങ്ങളില്‍ പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. രാജസ്ഥാന്‍ തുടര്‍ച്ചയായ നാല് കളികള്‍ പരാജയപ്പെട്ടപ്പോള്‍ ബെംഗളൂരു തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളാണ് വിജയിച്ചു കയറിയത്. എന്തുകൊണ്ടും പ്ലേ ഓഫിലെത്താന്‍ ബെംഗളൂരു യോഗ്യരാണ്.

എന്നാല്‍ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നത് ചെന്നൈയോട് തങ്ങള്‍ ഏറ്റുമുട്ടുന്നത് സ്വന്തം തട്ടകത്തിലാണെന്ന ഊര്‍ജ്ജമാണ്. കാലങ്ങളായുള്ള ടീമിന്റെ സ്വപ്നങ്ങള്‍ക്ക് ചിന്നസ്വാമിയില്‍ ചിറക് വിരിക്കാന്‍ സാധിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരും പറയുന്നത്. സ്വന്തം ആരാധകരുടെ മുന്നില്‍ എന്ത് വിലകൊടുത്തും വിജയം സ്വന്തമാക്കാനാണ് ബെംഗളൂരുവും ലക്ഷ്യമിടുന്നത്.

Content Highlight: RCB Will Win Against CSK In M. Chinnaswami Stadium

We use cookies to give you the best possible experience. Learn more