കഴിഞ്ഞ മത്സരത്തില്‍ വിജയിച്ച് പ്ലേ ഓഫിലേക്ക് കയറാനുള്ള സുവര്‍ണാവസരമായിരുന്നു റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു കളഞ്ഞുകുളിച്ചത്. പഞ്ചാബ് കിംഗ്‌സിനോട് കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങിയായിരുന്നു ആര്‍.സി.ബി ഒരിക്കല്‍ കൂടി കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലായത്.
മത്സരം പഞ്ചാബിന് അനുകൂലമായി വണ്‍സൈഡായിരുന്നുവെങ്കിലും പല മികച്ച മൊമന്റുകളും ഇരു ടീമുകളും ആരാധകര്‍ക്ക് സമ്മാനിച്ചിരുന്നു. ആവേശമുയര്‍ത്തിയ സിക്‌സറുകളും വിക്കറ്റുകളും മികച്ച ഫീല്‍ഡിംഗും എല്ലാം കഴിഞ്ഞ മത്സരത്തില്‍ ഉണ്ടായിരുന്നു.
അത്തരത്തില്‍ ഒരു മൊമന്റായിരുന്നു രജത് പാടിദാര്‍ ഹര്‍പ്രീത് ബ്രാറിനെ സിക്‌സറിന് പറത്തിയപ്പോള്‍ സ്‌റ്റേഡിയത്തിലുണ്ടായത്.
മത്സരത്തിന്റെ പത്താം ഓവറിലായിരുന്നു സംഭവം. ബെംഗളൂരുവിന് ജയിക്കാന്‍ 69 പന്തില്‍ നിന്നും 137 റണ്‍സ് വേണ്ടിയിരിക്കെ പാടിദാര്‍ ബ്രാറിന്റെ പന്തില്‍ മാസ്മരികമായ ഒരു സിക്‌സറടിക്കുകയായിരുന്നു.
സ്റ്റേഡിയത്തിലെ എല്ലാവരും ആവേശത്താല്‍ മതിമറന്നപ്പോള്‍ ഒരാള്‍ക്ക് അത്ര ആവേശമൊന്നും ഉണ്ടായിരുന്നില്ല. പാടിദാറിന്റെ ഷോട്ട് പാവപ്പെട്ട ഒരു ആരാധകന്റെ തലയിലായിരുന്നു ചെന്ന് പതിച്ചത്, അയാളാവട്ടെ തലയില്‍ കൈവെച്ച് ഇരിക്കുകയായിരുന്നു.
പ്രായം ചെന്ന ആ ആരാധകന്റെ കൂടെയുള്ള ആള്‍ അദ്ദേഹത്തിന്റെ തല ഉഴിഞ്ഞ് നല്‍കുന്നതും കാണാമായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേമസമയം, കഴിഞ്ഞ ദിവസത്തെ പഞ്ചാബ് കിംഗ്സ് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തില്‍ 54 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയായിരുന്നു ബെംഗളൂരുവിനെ കാത്തിരുന്നത്. പ്ലേ ഓഫ് പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ആര്‍.സി.ബിയുടെ തലക്കേറ്റ അടിയായിരുന്നു കിംഗ്സിനോടേറ്റ തോല്‍വി.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആര്‍.സി.ബിയെ ബെയസ്ട്രോയും ലിംവിംഗ്സ്ണും കണക്കിന് തല്ലി വിടുകയായിരുന്നു. ഇരുവരുടേയും അര്‍ധശതകത്തിന്റെ ബലത്തില്‍ 209 റണ്‍സാണ് പഞ്ചാബ് നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ചാലഞ്ചേഴ്സ് 155 റണ്‍സിന് തങ്ങളുടെ പോരാട്ടവും വിലപ്പെട്ട രണ്ട് പോയിന്റും അടിയറ വെക്കുകയായിരുിന്നു.
അടുത്ത മത്സരത്തില്‍ ആധികാരികമായി ജയിച്ചില്ലായെങ്കില്‍ ബെംഗളൂരുവിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ മറ്റു ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. പോയിന്റ് പട്ടികയില്‍ അഞ്ചാമതുള്ള ദല്‍ഹി ക്യാപ്പിറ്റല്‍സും ആറാം സ്ഥാനത്തേക്കുയര്‍ന്ന പഞ്ചാബ് കിംഗ്‌സും പ്ലേ ഓഫിലേക്ക് ഓടിത്തുടങ്ങിയിട്ടുണ്ട്.
നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫ് ഉറപ്പാക്കിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും രാജസ്ഥാന്‍ റോയല്‍സും രണ്ടും മൂന്നും സ്ഥാനത്തുണ്ടെങ്കിലും പ്ലേ ഓഫില്‍ ഇടം നേടിയിട്ടില്ല.