| Friday, 29th March 2024, 5:27 pm

'എതിര്‍ ടീമിനൊപ്പം അവനെ കണ്ടാല്‍ വിരാട് എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് ഒരു പിടിയുമില്ല'; കളിക്ക് മുമ്പേ തീ പാറും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ ഏറ്റവും ശക്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിനാണ് ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്നത്. ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനുങ്ങുകയാണ്.

ഈ മത്സരത്തേക്കാളേറെ ആരാധകര്‍ കാത്തിരിക്കുന്നത് വിരാട് – ഗംഭീര്‍ ഫേസ് ഓഫിനാണ്. 2013ല്‍ കളിക്കളത്തില്‍ സംഭവിച്ച ചൂടേറിയ പോരാട്ടത്തിന്റെ മറ്റൊരു തലം ചിന്നസ്വാമിയില്‍ കാണാന്‍ സാധിച്ചേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററാണ് നിലവില്‍ ഗൗതം ഗംഭീര്‍.

2023ലും വിരാടും ഗംഭീറും പരസ്പരം കൊരുത്തിരുന്നു. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായിരുന്നു ഗംഭീര്‍. ഇരു ടീമിന്റെയും ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കിടെയാണ് ഗംഭീറും വിരാടും തമ്മില്‍ ചൂടേറിയ വാക്കുതര്‍ക്കമുണ്ടായത്.

ഇപ്പോള്‍ ബെംഗളൂരു – കൊല്‍ക്കത്ത മത്സരത്തിനിടെ കൊല്‍ക്കത്ത ഡഗ് ഔട്ടില്‍ ഗൗതം ഗംഭീറിനെ കാണുമ്പോള്‍ വിരാട് എങ്ങനെ പ്രതികരിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വരുണ്‍ ആരോണ്‍ വിരാട് – ഗംഭീര്‍ പോരാട്ടത്തെ കുറിച്ച് പറഞ്ഞത്.

‘എനിക്ക് പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ല. പക്ഷേ ഗൗതം ഗംഭീര്‍ ബെംഗളൂരു ഡഗ് ഔട്ടിന് സമീപത്തുണ്ടാകുമ്പോള്‍, കളിക്കളത്തിന് പുറത്തെ വാശിയേറിയ പോരാട്ടത്തിനാണ് ഞാന്‍ കാത്തിരിക്കുന്നത്.

വിരാടിന്റെ മത്സരബുദ്ധി കണക്കിലെടുക്കുമ്പോള്‍ തന്റെ മുന്‍ ടീം മേറ്റുമായി മുഖാമുഖം വന്നാല്‍ എന്ത് സംഭവിക്കുമെന്നും എങ്ങനെ പ്രതികരിക്കുമെന്നും പ്രവചിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്,’ വരുണ്‍ ആരോണ്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കെ.കെ.ആര്‍ സീസണിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

അതേസമയം, ഓപ്പണിങ് മാച്ചില്‍ പരാജയപ്പെടുകയും ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ വിജയിക്കുകയും ചെയ്താണ് ബെംഗളൂരു കെ.കെ.ആറിനെ തങ്ങളുടെ തട്ടകത്തില്‍ കാത്തിരിക്കുന്നത്.

Content highlight: RCB vs KKR: Varun Aaron about Virat Kohli and Gautam Gambhir

We use cookies to give you the best possible experience. Learn more