മുംബൈ: കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇവോയിന്‍ മോര്‍ഗനെതിരെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിനെതിരായ മത്സരത്തില്‍ ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രബര്‍ത്തിയ്ക്ക് തുടര്‍ച്ചയായി ഓവര്‍ നല്‍കാത്തതിനെതിരെയാണ് ഗംഭീര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ആര്‍.സി.ബി ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ വിരാട് കോഹ്‌ലി, രജത് പടീദാര്‍ എന്നിവരെ വരുണ്‍ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് ഏഴാമത്തെ ഓവറിലാണ് വരുണിന് മോര്‍ഗന്‍ പന്തേല്‍പ്പിച്ചത്.
‘എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശവും വിചിത്രവുമായ ക്യാപ്റ്റന്‍സി ഇതായിരിക്കാം. ഒരാള്‍ ഒരോവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തുന്നു. പക്ഷെ അയാള്‍ പിന്നീട് പന്തെറിയുന്നത് ഏഴാം ഓവറിലാണ്. തുടര്‍ച്ചയായി ഓവര്‍ നല്‍കി ആ മത്സരം അനുകൂലമാക്കുകയല്ലേ വേണ്ടത്’, ഗംഭീര്‍ പറഞ്ഞു.
ഇത്തരമൊരു മണ്ടന്‍ തീരുമാനമെടുത്തത് ഇന്ത്യന്‍ ക്യാപ്റ്റനാകാതിരുന്നത് നന്നായെന്നും ഗംഭീര്‍ പറഞ്ഞു.
കൊല്‍ക്കത്തക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി 204 റണ്‍സാണ് പടുത്തുയര്‍ത്തിയത്. അര്‍ധസെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ്വെല്ലും എബി ഡിവില്ലിയേഴ്സുമാണ് ആര്‍.സി.ബിക്കായി തിളങ്ങിയത്.
മാക്സ്വെല്ലാണ് ആര്‍.സി.ബിയുടെ ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട താരം മൂന്നു സിക്സും ഒമ്പത് ഫോറുമടക്കം 78 റണ്‍സെടുത്തു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഡിവില്ലിയേഴ്സ് വെറും 34 പന്തുകളില്‍ നിന്ന് മൂന്ന് സിക്സും ഒമ്പത് ഫോറുമടക്കം 76 റണ്‍സോടെ പുറത്താകാതെ നിന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക