| Sunday, 16th July 2023, 9:32 pm

വീണ്ടും അഴിച്ചുപണി; കോച്ചിങ് സ്റ്റാഫുകളെ പുറത്താക്കാന്‍ ഒരുങ്ങി ആര്‍.സി.ബി

സ്പോര്‍ട്സ് ഡെസ്‌ക്

മൈക്ക് ഹെസ്സനെയും സഞ്ജയ് ബംഗാറിനെയും ആര്‍.സി.ബി കോച്ചിങ് സ്റ്റാഫില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ ഏഴ് ജയവും അത്രയും തന്നെ തോല്‍വിയുമായി ആറാമതായിട്ടായിരുന്നു ആര്‍.സി.ബി ഫിനിഷ് ചെയ്തത്.

ട്രോഫിയുടെ ക്ഷാമം അവസാനിപ്പിക്കാനാണ് ഫ്രാഞ്ചൈസി തങ്ങളുടെ കോച്ചിങ് സ്റ്റാഫിനെ മാറ്റാന്‍ ഒരുങ്ങുന്നതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 16 സീസണുകളില്‍, ഒരു ഐ.പി.എല്‍ കിരീടം പോലും ആര്‍.സി.ബിക്ക് നേടാനാകാത്തത് ഏറെക്കാലമായി ചര്‍ച്ചാ വിഷയമാണ്. അവര്‍ ഒരുപാട് തവണ അവരുടെ കോച്ചിങ് സ്റ്റാഫിനെ മാറ്റി, പക്ഷേ ഒന്നും പോസിറ്റീവ് ആയി മാറിയില്ലായിരുന്നു.

വര്‍ഷങ്ങളായി ആര്‍.സി.ബിയുടെ ഭാഗമാണ് ഹെസ്സനും ബംഗാറും. അതേസമയം, ബൗളിങ് കോച്ച് ആദം ഗ്രിഫിത്തിനെ മാനേജ്‌മെന്റ് ഒഴിവാക്കുമോ എന്ന് ഉറപ്പില്ല. ബംഗാറും ഹെസ്സനും കഴിഞ്ഞ അഞ്ച് വര്‍ഷമായി ആര്‍.സി.ബി ടീമിന്റെ ഭാഗമായിരുന്നു. ഹെസ്സന്‍ ക്രിക്കറ്റ് ഡയറക്ടറായിരുന്നു, ബംഗാര്‍ മുഖ്യ പരിശീലകനും.

എന്നാലും ഫ്രാഞ്ചൈസി രണ്ട് പേരേയും ഒഴിവാക്കി ഗ്രൂപ്പിനുള്ളില്‍ പുതിയ ആശയങ്ങളും പുതിയ കോച്ചിങ് ശൈലികളും കൊണ്ടുവരാന്‍ കഴിയുന്ന ആളുകളെ ടീമിനോടൊപ്പം എത്തിക്കാനാണ് ശ്രമിക്കുന്നത്. വര്‍ഷങ്ങളായി ഒരു കിരീടം പോലും നേടാനാകാത്ത ആര്‍.സി.ബിയുടെ ആരാധകര്‍ക്ക് കഴിഞ്ഞ സീസണിലും നിരാശ തന്നെയായിരുന്നു ഫലം.

ഇരുവരുടെയും കീഴില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ ആര്‍.സി.ബിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ നാല് സീസണില്‍ ഏറ്റവും കൂടുതല്‍ വിജയം കരസ്ഥമാക്കിയ ടീം ആര്‍.സി.ബിയാണ്. 32 വിജയങ്ങളാണ് ആര്‍.സി.ബി കഴിഞ്ഞ നാല് സീസണിലായി നേടിയത്. മൂന്ന് പ്ലേ ഓഫുകളുമായി അവിടെയും മുന്നില്‍ ആര്‍.സി.ബി തന്നെയാണ്. പക്ഷെ ആരാധകര്‍ പറയുന്നത് പോലെ ഭാഗ്യം എന്ന ഘടകം ആര്‍.സി.ബിക്ക് ഒരിക്കലും ഇല്ലായിരുന്നു.

ആര്‍.സി.ബി ഇന്ത്യക്കാരനെയാണോ വിദേശ പരിശീലകനെയാണോ നിയമിക്കുകയെന്നത് ഇതുവരെയും വ്യക്തമല്ല. അതേസമയം, മറ്റ് ഫ്രാഞ്ചൈസികളുടെ കോച്ചിങ് സ്റ്റാഫിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ഹെഡ് കോച്ച് ആന്‍ഡി ഫ്ളവറുമായി വേര്‍പിരിഞ്ഞിരുന്നു, പുതിയ സീസണിന് മുന്നോടിയായി മുന്‍ ഓസീസ് താരവും കോച്ചുമായ ജസ്റ്റിന്‍ ലാംഗറിനെ അദ്ദേഹത്തിന്റെ സ്ഥാനത്ത് എല്‍.എസ്.ജി തെരഞ്ഞെടുത്തു. അടുത്ത സീസണ്‍ മുതല്‍ ലാംഗര്‍ ചുമതലയേല്‍ക്കും. ഗൗതം ഗംഭീറിനെ അവരുടെ മെന്ററായി ലക്നൗ നിലനിര്‍ത്തിയിട്ടുണ്ട്, ഗംഭീറിന്റെ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് ലാംഗറിനെ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗംഭീര്‍ കെ.കെ.ആറില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും എല്‍.എസ്.ജിയുടെ പുതിയ നീക്കത്തോടെ അത്തരം റിപ്പോര്‍ട്ടുകളെല്ലാം അപ്രസക്തമായി.

Content Highlight: Rcb to remove Mike hesson and Sanjay Bangar

We use cookies to give you the best possible experience. Learn more