ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ആര്‍. അശ്വിനെ ടീമിലെത്തിക്കാന്‍ ലക്ഷ്യമിട്ട് ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്. ഐ.പി.എല്‍ ആരംഭിച്ചത് മുതലുള്ള കിരീട വരള്‍ച്ച അശ്വിനെ ടീമിലെത്തിച്ച് മാറ്റിയെടുക്കാനാണ് ആര്‍.സി.ബി ക്യാംപ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അശ്വിന്റെ പരിചയ സമ്പത്തും കളിമികവും തന്നെയാണ് ആര്‍.സി.ബി അദ്ദേഹത്തെ നോട്ടമിടാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്. ഐ.പി.എല്ലില്‍ 167 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 145 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഒരുപക്ഷേ അശ്വിന്‍ ടീമിലെത്തിയാല്‍ വിരാട് ഉപേക്ഷിച്ച നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അശ്വിനും ചഹലും ഒന്നിക്കുന്ന സ്പിന്‍ ദ്വയം ഏതൊരു ടീമിനേയും കറക്കിവീഴ്ത്താന്‍ പോന്നതാണെന്ന ബോധ്യവും ടീം മാനേജ്‌മെന്റിനെ അശ്വിനിലേക്കെത്തിക്കും എന്നാണ് കരുതുന്നത്.
നാല് ടീമുകള്‍ക്ക് വേണ്ടിയാണ് അശ്വിന്‍ ഐ.പി.എല്ലില്‍ പന്തെറിഞ്ഞിട്ടുള്ളത്. മഹേന്ദ്ര സിംഗ് ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയായിരുന്നു താരം ഐ.പി.എല്ലില്‍ അരങ്ങേറിയത്.
പിന്നീട് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനും പഞ്ചാബ് കിംഗ്‌സിനും ദല്‍ഹി ക്യാപിറ്റല്‍സിനും വേണ്ടി അശ്വിന്‍ പന്തെറിഞ്ഞിട്ടുണ്ട്.
തമിഴ്‌നാട് പ്രീമിയര്‍ ലീഗ് എന്ന ടി.എന്‍.പി.എല്ലിലേയും പകരം വെക്കാനില്ലാത്ത താരമാണ് അശ്വിന്‍. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് വേണ്ടി മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ താരം കാഴ്ച വെച്ചത്.
അതോടൊപ്പം ഒരുപാട് റെക്കോഡുകളും അശ്വിന്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. അവയില്‍ പലതും ഇന്ത്യയിലെ മറ്റ് ബൗളേഴ്‌സിന് ഇതുവരെ എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ലാത്തതുമാണ്.