| Sunday, 5th March 2023, 9:28 am

അവരും വിരാട് കോഹ്‌ലിയെ കൊതിപ്പിച്ച് കടന്നുകളഞ്ഞു; ആ നാണക്കേട് ഇപ്പോഴും ആര്‍.സി.ബിക്ക് സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഫ്രാഞ്ചൈസി ലീഗിലെ നാണക്കേടിന്റെ അപമാനഭാരം തങ്ങളുടെ തലയില്‍ നിന്നും ഒഴിയുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍ ഒരുനിമിഷം ചിന്തിച്ചെങ്കിലും അതുണ്ടായില്ല. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ടീം സ്‌കോര്‍ എന്ന അണ്‍ വാണ്ടഡ് റെക്കോഡ് ഇപ്പോഴും ആര്‍.സി.ബിയുടെ പേരില്‍ തന്നെ തുടരുകയാണ്.

കഴിഞ്ഞ ദിവസം വനിതാ ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സ് ആ മോശം റെക്കോഡ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒരുവേള 23 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ ഗുജറാത്ത് കൂപ്പുകുത്തിയപ്പോള്‍ ആര്‍.സി.ബി ആരാധകര്‍ ആശ്വസിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഡി. ഹേമലതയുടെ ഇന്നിങ്‌സിന്റെ ബലത്തില്‍ അവര്‍ 64 എന്ന സ്‌കോറിലെത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – ഗുജറാത്ത് ജയന്റ്‌സ് മത്സരത്തില്‍ ജയന്റ്‌സിന് നേരിടേണ്ടി വന്നത് ഏറ്റവും വലിയ ബാറ്റിങ് തകര്‍ച്ചയായിരുന്നു. ബെത് മൂണി, ആഷ്‌ലീഗ് ഗാര്‍ഡ്‌നര്‍, ഹര്‍ലീന്‍ ഡിയോള്‍ തുടങ്ങി ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റേഴ്‌സ് പലരും ടീമിനൊപ്പമുണ്ടായിട്ടും ടീമിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

മൂണി, ഡിയോള്‍, ഗാര്‍ഡ്‌നര്‍ ഉള്‍പ്പെടെ നാല് പേരാണ് പൂജ്യത്തിന് പുറത്തായത്. ടീമില്‍ രണ്ടക്കം കണ്ടതാകട്ടെ ആകെ രണ്ട് പേരും.

മുംബൈയുടെ മികച്ച ബൗളിങ്ങിന് മുമ്പില്‍ ഗുജറാത്തിന് ഉത്തരമില്ലാതാവുകയായിരുന്നു. 3.1 ഓവറില്‍ 11 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സായ്ക ഇഷാഖും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അമേല കേര്‍, നാറ്റ് സ്‌കിവര്‍ എന്നിവരും മുംബൈ നിരയില്‍ മികച്ചുനിന്നു.

2017ലാണ് ഐ.പി.എല്ലിലെ ഏറ്റവും മോശം ടീം സ്‌കോര്‍ പിറന്നത്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ റോയല്‍സ് നേടിയ 58 റണ്‍സ് എന്ന സ്‌കോര്‍ മറികടന്നുകൊണ്ടായിരുന്നു ആര്‍.സി.ബി മോശം ടീം സ്‌കോറിന്റെ പട്ടികയില്‍ ഒന്നാമതെത്തിയത്.

ഐ.പി.എല്ലിന്റെ പത്താം എഡിഷനില്‍ ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് വിരാടും സംഘവും മോശം സ്‌കോര്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെ.കെ.ആര്‍. 131 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

132 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 9.4 ഓവറില്‍ വെറും 49 റണ്‍സിന് പത്ത് വിക്കറ്റും വലിച്ചെറിയുകയായിരുന്നു. ടീമിലെ ഒരാള്‍ പോലും രണ്ടക്കം കണ്ടിരുന്നില്ല. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഗോള്‍ഡന്‍ ഡക്കായ മത്സരത്തില്‍ ഒമ്പത് റണ്‍സ് നേടിയ കേദാര്‍ ജാദവായിരുന്നു ടോപ് സ്‌കോറര്‍.

നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, ക്രിസ് വോക്‌സ്, കോളി ഡി ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കി. ഇതോടെയാണ് ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറിലേക്ക് ബെംഗളൂരു എത്തിയത്.

Content Highlight: RCB still holds the record for worst team total in IPL

We use cookies to give you the best possible experience. Learn more