| Thursday, 18th May 2023, 3:45 pm

ചെണ്ടകള്‍ കാരണം അവസാനം പന്തെറിയാന്‍ വിരാട്? ആല്‍ബി മോര്‍ക്കലിന്റെ അടി മറന്നോ എന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനുള്ള നിര്‍ണായക മത്സരത്തിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇറങ്ങുന്നത്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ഫാഫും സംഘവും ഇറങ്ങുന്നത്.

ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ സണ്‍റൈസേഴ്‌സിന് തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ തല്ലിക്കെടുത്താന്‍ സാധിക്കുമെന്നതിനാല്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ടീമുകളുടെ പ്ലേ ഓഫിലേക്കുള്ള പ്രവേശനവും ഇന്നത്തെ മത്സരത്തിന്റെ ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കുമെന്നതിനാല്‍ ഏറെ ആവേശത്തോടെയോടെയാണ് ആരാധകര്‍ ഇന്നത്തെ മത്സരത്തെ നോക്കിക്കാണുന്നത്.

മത്സരത്തിന് മുന്നോടിയായി ആര്‍.സി.ബി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്. നെറ്റ്‌സില്‍ പന്തെറിയുന്ന വിരാടിനെ ചിത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് പങ്കുവെച്ചിരിക്കുന്നത്.

ഇതോടെ ആരാധകരെല്ലാം തന്നെ ഏറെ ആവേശത്തിലാണ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ വിരാട് പന്തെറിയുന്നുണ്ടോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ താന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ സഞ്ജുവും സംഘവും 40 റണ്‍സിന് ഓള്‍ ഔട്ടായേനേ എന്ന വിരാടിന്റെ തമാശപൂര്‍വമുള്ള വാക്കുകള്‍ക്ക് പിന്നാലെയാണ് താരം ബൗളിങ് പ്രാക്ടീസ് ചെയ്യുന്ന ചിത്രവും എത്തിയതെന്നതാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്.

ബാറ്റിങ്ങിലെ ആര്‍.സി.ബിയുടെ ശക്തി ഒരിക്കല്‍പ്പോലും അവര്‍ക്ക് ബൗളിങ്ങില്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ടീമിന്റെ കെ.ജി.എഫ് ത്രയം കഷ്ടപ്പെട്ട് അടിച്ചെടുക്കുന്ന മികച്ച സ്‌കോറുകളെല്ലാം തന്നെ എളുപ്പത്തില്‍ വഴങ്ങുന്ന ബൗളര്‍മാരാണ് ആര്‍.സി.ബിക്കുള്ളത്. ടീമിന്റെ ഈ ദുരവസ്ഥയെ ആരാധകരും വിമര്‍ശിക്കുന്നുണ്ട്.

ഈ അവസ്ഥയില്‍ വിരാട് സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ പന്തുമായി നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഈ ചിത്രത്തിന് പിന്നാലെ വിരാടിനെതിരെ ട്രോളുകളും ഉയരുന്നുണ്ട്. പന്തെറിയാനെത്തുമ്പോള്‍ ആല്‍ബി മോര്‍ക്കലിനെ ഓര്‍ക്കുന്നത് നന്നാവും എന്നാണ് ആരാധകര്‍ പറയുന്നത്.

2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ വിരാട് കോഹ്‌ലി പന്തെറിയാനെത്തിയിരുന്നു. മത്സരത്തില്‍ രണ്ട് ഓവര്‍ പന്തെറിഞ്ഞ വിരാട് 36 റണ്‍സാണ് വിട്ടുനല്‍കിയത്. ഇതില്‍ 28 റണ്‍സും ഒറ്റ ഓവറിലാണ് വഴങ്ങേണ്ടി വന്നത്.

ചെന്നൈ ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് സൂപ്പര്‍ താരം ആല്‍ബി മോര്‍ക്കല്‍ വിരാടിനെ കണക്കറ്റ് പ്രഹരിച്ചത്.

സൂപ്പര്‍ കിങ്‌സിന് വിജയിക്കാന്‍ 12 പന്തില്‍ നിന്നും 43 റണ്‍സ് വേണ്ടപ്പോഴായിരുന്നു വിരാട് പന്തുമായെത്തിയത്. ആ 19ാം ഓവറില്‍ മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 28 റണ്‍സാണ് പിറന്നത്.

മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയിച്ചിരുന്നു. ആര്‍.സി.ബി ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം ചെന്നൈ അവസാന പന്തില്‍ മറികടക്കുകായിരുന്നു.

അതേസമയം, നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആര്‍.സി.ബി. സണ്‍റൈസേഴ്‌സിനെതിരെ വിജയിക്കാന്‍ സാധിക്കുകയാണെങ്കില്‍ മുംബൈയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറാനും ഫാഫിനും സംഘത്തിനുമാകും.

Content highlight: RCB shared a picture of Virat bowling in the nets

Latest Stories

We use cookies to give you the best possible experience. Learn more