| Wednesday, 25th May 2022, 11:45 pm

ആര്‍.സി.ബിയില്‍ വിരാട് കോഹ്‌ലി പോലും ഇവന് മുമ്പില്‍ മാറി നില്‍ക്കണം, ഒന്നും രണ്ടുമല്ല, എണ്ണം പറഞ്ഞ ആറ് റെക്കോഡുമായി രജത് പാടിദാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ യുവതാരം രജത് പാടിദാറിന്റെ ഉജ്ജ്വല പ്രകടനത്തിനാണ് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിച്ചത്.

മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ നിലംപൊത്തിയപ്പോള്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കേണ്ട ചുമതല സ്വയമേറ്റെടുത്തായിരുന്നു പാടിദാര്‍ ആര്‍.സി.ബി ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത്.

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പത്ത് പന്തില്‍ നിന്നും ഒമ്പത് റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. തമ്മില്‍ ഭേദം വിരാട് കോഹ്‌ലിയായിരുന്നു. 24 പന്തില്‍ നിന്നും 25 റണ്‍സുമായി ആവേശ് ഖാന്റെ പന്തില്‍ മൊഹസീന്‍ ഖാന്‍ ക്യാച്ച് നല്‍കിയായിരുന്നു വിരാട് കൂടാരം കയറിയത്.

പിന്നാലെയെത്തിയ വെറ്ററന്‍ ദിനേഷ് കാര്‍ത്തിക്കിനൊപ്പം ചേര്‍ന്നായിരുന്നു രജത് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തത്. 54 പന്തില്‍ നിന്നും 112 റണ്‍സുമായി പാടിദാറും 23 പന്തില്‍ നിന്നും 37 റണ്‍സുമായി പുറത്താവാതെ നിന്നു.

ഈ ഒറ്റ ഇന്നിംഗ്‌സുകൊണ്ട് ഒരു കൂട്ടം റെക്കോഡുകളാണ് പാടിദാര്‍ സ്വന്തമാക്കിയത്. ഇതില്‍ പലതും ടീമിനെ സംബന്ധിച്ചും ഐ.പി.എല്ലിനെ സംബന്ധിച്ചും ആദ്യമാണ്.

ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന ആദ്യ അണ്‍ക്യാപ്ഡ് താരവും, ആര്‍.സി.ബിക്ക് വേണ്ടി പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരവുമാണ് പാടിദാര്‍.

ഇതിനൊപ്പം തന്നെ ക്രിക്കറ്റ് ലെജന്‍ഡുകള്‍ ഉള്‍പ്പെടുന്ന എലീറ്റ് പട്ടികയിലും രജത് ഇടം നേടിയിട്ടുണ്ട്. ഐ.പി.എല്‍ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത് മാത്രം താരമായ പാടിദാര്‍, വിരേന്ദര്‍ സേവാഗ് വാട്‌സണ്‍ എന്നവര്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ഇടം പിടിച്ചിരിക്കുന്നത്.

വിരേന്ദര്‍ സേവാഗ്, ഷെയ്ന്‍ വാട്‌സണ്‍, വൃദ്ധിമാന്‍ സാഹ, മുരളി വിജയ് എന്നിവരാണ് ഐ.പി.എല്ലിന്റെ പ്ലേ ഓഫില്‍ സെഞ്ച്വറി നേടിയ മറ്റ് താരങ്ങള്‍. ഇവരില്‍ വേഗത്തില്‍ സെഞ്ച്വറി തികച്ചത് പാടിദാറാണ്. 49 പന്തില്‍ നിന്നുമായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

ഐ.പി.എല്‍ പ്ലേ ഓഫില്‍ ഏറ്റവും വേഗം സെഞ്ച്വറി നേടിയ താരങ്ങള്‍

രജത് പാടിദാര്‍ – 49 b

വൃദ്ധിമാന്‍ സാഹ – 49 b

വിരേന്ദര്‍ സേവാഗ് – 50 b

മുരളി വിജയ് – 51 b

ഷെയ്ന്‍ വാട്‌സണ്‍ – 51 b

ഐ.പി.എല്‍ പ്ലേ ഓറിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ സ്‌കോറും പാടിദാറിന്റെ പേരിലാണ്.

പ്ലേ ഓഫിലെ ഉയര്‍ന്ന സ്‌കോറുകള്‍

വിരേന്ദര്‍ സേവാഗ് – 122 vs ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (2014)

ഷെയ്ന്‍ വാട്‌സണ്‍ – 117* vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (2018)

വൃദ്ധിമാന്‍ സാഹ – 115* vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (2014)

മുരളി വിജയ് – 113 vs ദല്‍ഹി ഡെയര്‍ഡെവിള്‍സ് (2013)

രജത് പാടിദാര്‍ – 112* vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (2022)

Content highlights: RCB’s young sensation Rajat Patidar registers 6 big records

We use cookies to give you the best possible experience. Learn more