ആര്‍.സി.ബി.യുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നാലെ 'കൊരങ്ങന്റെ പൂണ്ടുവിളയാട്ടം';
Sports News
ആര്‍.സി.ബി.യുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പിന്നാലെ 'കൊരങ്ങന്റെ പൂണ്ടുവിളയാട്ടം';
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st January 2023, 1:29 pm

ഐ.പി.എല്‍ സൂപ്പര്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. യൂസര്‍ നെയിം ബോര്‍ഡ് ഏയ്പ് യാച്ച് ക്ലബ്ബ് (Bored Ape Yatch Club) എന്ന് മാറ്റുകയും എന്‍.എഫ്.ടിയുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

പേജിന്റെ ബയോ ‘ഇതില്‍ അംഗമാകാന്‍ ഓപ്പണ്‍ സീയില്‍ നിന്നും ഒരു മ്യൂട്ടന്റ് ഏയ്പ്പിനെയോ ബോര്‍ഡ് ഏയ്പ്പിനെയോ വാങ്ങുക. ക്രിയേറ്റഡ് ബൈ @yugalabs’ എന്നാക്കി മാറ്റിയിട്ടുമുണ്ട്.

 

 

ആര്‍.സി.ബി ഇതിനോടകം പങ്കുവെച്ച ഒറ്റ ട്വീറ്റ് പോലും ഡിലീറ്റ് ചെയ്തിട്ടില്ല എന്നതും ഹാക്കിങ്ങിനെ സംബന്ധിച്ചുള്ള അപ്‌ഡേറ്റുകളൊന്നും അവരുടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പങ്കുവെച്ചിട്ടില്ല എന്നതുമാണ് ഇതിലെ പ്രധാന വസ്തുത.

എന്നാല്‍ തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന വസ്തുത ആര്‍.സി.ബി സ്ഥിരീകരിച്ചിട്ടുണ്ട്.

‘ആര്‍.സി.ബിയുടെ ട്വിറ്റര്‍ അക്കൗണ്ട് 2023 ജനുവരി 21ന് പുലര്‍ച്ചെ നാലോടെ ഹാക്ക് ചെയ്യപ്പെട്ടതായി മനസിലാക്കുന്നു. ആ നിമിഷം മുതല്‍ അക്കൗണ്ട് ആക്‌സസ് ചെയ്യാനുള്ള എല്ലാ മാര്‍ഗങ്ങളും ഇല്ലാതായിരിക്കുകയാണ്. ട്വിറ്റര്‍ നിര്‍ദേശിച്ച എല്ലാ തരം സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല.

ഞങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വരുന്ന ട്വീറ്റുകളെയോ റീ ട്വീറ്റുകളെയോ ഒരിക്കലും ഞങ്ങള്‍ പിന്തുണക്കുന്നില്ല. നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തിന് ഖേദം പ്രകടിപ്പിക്കുന്നു. പ്രശ്‌നം പരിഹരിക്കാനും അക്കൗണ്ട് തിരിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഉടന്‍ തിരിച്ചെത്തും,’ ഔദ്യോഗിക പ്രസ്താവനയില്‍ ആര്‍.സി.ബി പറയുന്നു.

ഇതാദ്യമായല്ല ആര്‍.സി.ബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്.

2021ല്‍ ഒരു ക്രിപ്‌റ്റോകറന്‍സി സൈറ്റ് പേജ് ഹാക്ക് ചെയ്യുകയും പേര് ‘എലോണ്‍ മക്‌സ് (Elon Muks)’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.

ഈ പേജ് വഴി ആളുകളോട് ബിറ്റ് കോയിന്‍ വാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഫ്രാഞ്ചൈസി താത്കാലികമായി ആ പേജ്. ഇതിന് പിന്നാലെ ആരാധകര്‍ക്കും മറ്റാളുകള്‍ക്കും ഉണ്ടായ അസൗകര്യത്തില്‍ ടീം ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

 

Content highlight: RCB’s twitter account hacked