| Friday, 1st November 2024, 8:32 am

ധോണിക്ക് അവനെ വിട്ടുകൊടുക്കില്ല, വിരാട് ഒരു സിഗ്നല്‍ തന്നിട്ടുണ്ട്, വളരെ വലിയ സിഗ്നല്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ഓരോ ടീമുകളും മെഗാ ലേലത്തിന് മുന്നോടിയായി തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചത്. മിക്ക ടീമുകളും തങ്ങളുടെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ക്യാപ്റ്റന്‍മാരെയടക്കം ലേലത്തിലേക്ക് ഇറക്കിവിട്ട ടീമുകളുമുണ്ടായിരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരാണ് ക്യാപ്റ്റന്‍മാരെ നിലനിര്‍ത്താതെ വിട്ട ടീമുകള്‍.

കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ക്കായി മെഗാ ലേലത്തില്‍ ഉയര്‍ന്ന ബിഡ്ഡിങ് തന്നെ നടന്നേക്കും. മൂവരുടെയും താരമൂല്യം അത്രത്തോളമാണ്. ശ്രേയസ് അയ്യരെ ലക്ഷ്യമിട്ട് മുന്‍ ടീം ദല്‍ഹി ക്യാപ്പിറ്റല്‍സ് രംഗത്തുണ്ട്. വെറും രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയ പഞ്ചാബാകട്ടെ പന്തടക്കമുള്ള താരങ്ങളെ ലക്ഷ്യമിടുന്നുണ്ട്.

എന്നാല്‍ റിഷബ് പന്തിനെ ലക്ഷ്യമിടുന്നവരില്‍ പ്രധാനികള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. എം.എസ്. ധോണിയുടെ പിന്‍ഗാമിയായാണ് സി.എസ്.കെ പന്തിനെ നോക്കിക്കാണുന്നത്. താരം ചെപ്പോക്കിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

എന്നാല്‍ റിഷബ് പന്തിനെ തങ്ങളും ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പന്തിനെ മാത്രമല്ല, തങ്ങളുടെ മുന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിനെയും ആര്‍.സി.ബി ലക്ഷ്യമിടുന്നുണ്ട്.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള അവസാന ടെസ്റ്റിനെ കുറിച്ചുള്ള പോസ്റ്ററിലാണ് ആര്‍.സി.ബി ഇരുവരെയും ലക്ഷ്യമിടുന്നതായ സൂചനകള്‍ നല്‍കിയത്.

ഈ പോസ്റ്ററില്‍ വിരാടിനൊപ്പം രാഹുലിന്റെയും പന്തിന്റെയും ചിത്രം മാത്രമാണ് ആര്‍.സി.ബി ഉള്‍പ്പെടുത്തിയത് എന്നതാണ് ആരാധകരെ ഒരേസമയം കണ്‍ഫ്യൂഷനിലും ആവേശത്തിലുമാഴ്ത്തുന്നത്. ഇരുവരെയും ലേലത്തില്‍ തങ്ങള്‍ സ്വന്തമാക്കുമെന്ന സൂചനകളാണ് ടീം നല്‍കുന്നത്.

ഈ പോസ്റ്ററിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് താരങ്ങളെയും സ്വന്തമാക്കാനും തങ്ങളുടെ മനസ് വ്യക്തമായി അറിയാമെന്നുമെല്ലാം ആരാധകര്‍ പറയുന്നു.

അതേസമയം, മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട് പരമ്പര അടിയറവ് പറഞ്ഞ ഇന്ത്യക്ക് മുഖം രക്ഷിക്കാനെങ്കിലും അവസാന ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മാച്ചിന് വേദിയാകുന്നത്.

ഈ മത്സരത്തിനായി റാങ്ക് ടേണര്‍ പിച്ചാണ് ഇന്ത്യയൊരുക്കുന്നത്. ആദ്യ ദിവസം മുതല്‍ സ്പിന്നര്‍മാരെ സഹായിക്കുന്നതാണ് ഇത്തരം പിച്ചുകളുടെ പ്രത്യേകത.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളൊരുക്കിയിട്ടും മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. എന്നാല്‍ ആര്‍. അശ്വിന് മികച്ച ട്രാക്ക് റെക്കോഡുള്ള സ്റ്റേഡിയമെന്ന നിലയിലാണ് വാംഖഡെയില്‍ സ്പിന്‍ ട്രാക്ക് ഒരുക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനമെടുത്തിരിക്കുന്നത്.

സ്പിന്നിനൊപ്പം പേസിനെയും പിച്ച് തുണയ്ക്കും. പിച്ചിലെ ചുവന്ന മണ്ണിന്റെ സാന്നിധ്യം പേസര്‍മാര്‍ക്ക് ബൗണ്‍സ് കണ്ടെത്താന്‍ സഹായകരമാകും.

പൂനെയില്‍ ഇരു ടീമിന്റെയും പേസര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആകെ വീണ 40 വിക്കറ്റില്‍ 39ഉം സ്പിന്നര്‍മാരാണ് പിഴുതെറിഞ്ഞത്. ആദ്യ ഇന്നിങ്സില്‍ ടിം സൗത്തിക്ക് വിക്കറ്റ് നല്‍കി ഇന്ത്യന്‍ നായകനാണ് വ്യത്യസ്തനായത്.

Content Highlight: RCB’s new poster spreads speculations about KL Rahul and Rishabh Pant’s possible home coming

We use cookies to give you the best possible experience. Learn more