അങ്ങനെ ആ ജേഴ്‌സിയുടെ ലെഗസിയും അവസാനിച്ചു... ഐ.പി.എല്ലിലെ ഭാഗ്യ ജേഴ്‌സികളും പരാജയപ്പെടുമ്പോള്‍
IPL
അങ്ങനെ ആ ജേഴ്‌സിയുടെ ലെഗസിയും അവസാനിച്ചു... ഐ.പി.എല്ലിലെ ഭാഗ്യ ജേഴ്‌സികളും പരാജയപ്പെടുമ്പോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd May 2023, 10:02 am

ഐ.പി.എല്‍ 2023 അതിന്റെ അവസാന ഘട്ടത്തിലേക്കെത്തുകയാണ്. ഫൈനല്‍ അടക്കം വെറും നാല് മത്സരങ്ങള്‍ മാത്രമാണ് ഈ സീസണില്‍ ഇനി ബാക്കിയുള്ളത്.

പ്ലേ ഓഫ് മത്സരങ്ങളുടെ ചിത്രവും പൂര്‍ത്തിയായി കഴിഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സ് ടേബിള്‍ ടോപ്പേഴ്‌സായി ഒന്നാമതെത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാമതും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാതായും പ്ലേ ഓഫ് ഉറപ്പിച്ചു. ഏറെ സസ്‌പെന്‍സിനൊടുവില്‍ മുംബൈ ഇന്ത്യന്‍സാണ് അവസാനം പ്ലേ ഓഫില്‍ കയറിപ്പറ്റിയത്.

ചെന്നൈയിലെ ചെപ്പോക്കില്‍ വെച്ച് നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇതില്‍ വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും. തോല്‍ക്കുന്ന ടീമിന് ഫൈനല്‍ കളിക്കാന്‍ മറ്റൊരു അവസരവും ലഭിക്കും.

മെയ് 26ന് ഗുജറാത്തില്‍ വെച്ച് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആദ്യ എലിമിനേറ്ററിലെ (മുംബൈ vs ലഖ്‌നൗ) വിജയികളുമായി ഇവര്‍ ഏറ്റുമുട്ടുകയും ജയിക്കുന്നവര്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്യും.

 

കഴിഞ്ഞ ദിവസം നടന്ന ആര്‍.സി.ബി – ജി.ടി മത്സരത്തില്‍ ടൈറ്റന്‍സ് വിജയിച്ചതോടെയാണ് കോഹ്‌ലിക്കും സംഘത്തിനും പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പോയത്. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പുറത്താകാനായിരുന്നു ടീമിന്റെ വിധി.

ആര്‍.സി.ബി പുറത്തായതോടെ ടീമിന്റെ ഗ്രീന്‍ ജേഴ്‌സിയുടെ സ്ട്രീക് കൂടിയാണ് ഇല്ലാതായത്. ഗോ ഗ്രീന്‍ ഇനിഷ്യറ്റീവിന്റെ ഭാഗമായി 2011ലാണ് ടീം പച്ച ജേഴ്‌സി അവതരിപ്പിച്ചത്. ഓരോ സീസണിലും ഒരിക്കല്‍ ടീം ഈ ജേഴ്‌സി ധരിച്ചാണ് കളത്തിലിറങ്ങുക.

ഈ ജേഴ്‌സി ടീമിനെ കാര്യമായി തുണച്ചില്ലെങ്കിലും ഇതണിഞ്ഞ് ലീഗ് ഘട്ടത്തില്‍ വിജയിക്കുമ്പേഴെല്ലാം ടീം പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. ഇതുകൊണ്ടുതന്നെ പച്ച ജേഴ്‌സിയണിഞ്ഞ് ആര്‍.സി.ബി വിജയിക്കാന്‍ വേണ്ടി ആരാധകര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു.

2011ലാണ് ടീം ആദ്യമായി ഈ ജേഴ്‌സി ധരിക്കുന്നത്. അന്ന് കൊച്ചി ടസ്‌കേഴ്‌സിനെതിരെ വിജയിച്ചപ്പോള്‍ ടേബിള്‍ ടോപ്പേഴ്‌സായി ഫൈനല്‍വരെയാണ് ടീം എത്തിയത്.

ശേഷം നാല് സീസണിലെ തുടര്‍ച്ചയായ തോല്‍വിക്ക് ശേഷം 2016ല്‍ ടീം വീണ്ടും പച്ച ജേഴ്‌സിയില്‍ വിജയിച്ചു. അന്ന് ഗുജറാത്ത് ലയണ്‍സിനെതിരെ 144 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് കോഹ്‌ലി – എ.ബി. ഡി ഡുവേയിലൂടെ ബെംഗളൂരു സ്വന്തമാക്കിയത്. ആ സീസണിലും ഫൈനലിലെ ഒരു ടീമായി ആര്‍.സി.ബി മാറി.

തുടര്‍ന്ന് അഞ്ച് സീസണുകളില്‍ ഈ ജേഴ്സിയില്‍ ആര്‍.സി.ബി തോറ്റപ്പോള്‍ ഐ.പി.എല്ലിന്റെ 15ാം എഡിഷനില്‍ സണ്‍റൈസേഴ്സിനെ പരാജയപ്പെടുത്തി. അന്ന് പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാനോട് തോറ്റ് പുറത്തായി.

എന്നാല്‍ ഈ സീസണില്‍ ആര്‍.സി.ബിയുടെ സ്ട്രീക്കിന് വിരാമമാവുകയായിരുന്നു. ഈ സീസണില്‍ ഗ്രീന്‍ ജേഴ്‌സിയണിഞ്ഞ് ലീഗ് ഘട്ട മത്സരത്തില്‍ വിജയിച്ചെങ്കിലും ടീമിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പോയി.

ഈ സീസണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് വിരാടും സംഘവും ഗ്രീന്‍ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയതും വിജയിച്ചതും.

ആര്‍.സി.ബിയുടെ ഗ്രീന്‍ ജേഴ്‌സിയെന്ന പോലെ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റെയ്ന്‍ബോ ജേഴ്‌സിയുടെ സ്ട്രീക്കും ഈ സീസണില്‍ അവസാനിച്ചിരുന്നു. 2020യില്‍ പുറത്തിറക്കിയ ഇന്ത്യയുടെ വൈവിധ്യങ്ങളെ കുറിക്കുന്ന ഈ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയപ്പോഴെല്ലാം തന്നെ ക്യാപ്പിറ്റല്‍സ് വിജയിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ ചെന്നൈയോട് തോറ്റതോടെ ആ വിന്നിങ് സ്ട്രീക്കിനും വിരാമമായി.

ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പ് വരെ നൂറ് ശതമാനമായിരുന്നു റെയ്ന്‍ബോ ജേഴ്സിയില്‍ ക്യാപ്പിറ്റല്‍സിന്റെ വിജയശതമാനം. എന്നാല്‍ ഈ തോല്‍വിക്ക് പിന്നാലെ അത് 75 ആയി കുറഞ്ഞു.

2020ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആയിരുന്നു ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍. ആ മത്സരത്തില്‍ 59 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമായിരുന്നു ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. 2021ല്‍ മുംബൈ ഇന്ത്യന്‍സിനോടും 2021ല്‍ നൈറ്റ് റൈഡേഴ്‌സിനോടും ദല്‍ഹി റെയ്ന്‍ബോ ജേഴ്സിയില്‍ ഏറ്റുമുട്ടുകയും വിജയിക്കുകയും ചെയ്തിരുന്നു. നാല് വിക്കറ്റിനായിരുന്നു ദല്‍ഹി ഈ രണ്ട് മത്സരങ്ങളും പിടിച്ചടക്കിയത്.

 

Content Highlight: RCB’s green jersey streak has ended