ഒരു ജേഴ്‌സിയുടെ കഥ കഴിഞ്ഞു, മറ്റേ ജേഴ്‌സിയുടെ അവസ്ഥ ഇന്നറിയാം
IPL
ഒരു ജേഴ്‌സിയുടെ കഥ കഴിഞ്ഞു, മറ്റേ ജേഴ്‌സിയുടെ അവസ്ഥ ഇന്നറിയാം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st May 2023, 8:50 am

ഐ.പി.എല്‍ 2023ല്‍ പ്ലേ ഓഫില്‍ പ്രവേശിക്കുന്ന നാലാമത് ടീം ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് ടീം ഇതിനോടകം തന്നെ പ്ലേ ഓഫില്‍ പ്രവേശിച്ചപ്പോള്‍ ശേഷിക്കുന്ന സ്ഥാനത്തിനായി കണ്ണുവെക്കുന്നതും മൂന്ന് ടീമുകള്‍ തന്നെയാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായി കാത്തിരിക്കുന്നത്. ഇതില്‍ ആര്‍.സി.ബിക്കും മുംബൈക്കുമാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. നിലവില്‍ മൂന്ന് ടീമിനും 14 പോയിന്റ് ആണുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ ബെംഗളൂരുവിന് പ്ലേ ഓഫില്‍ പ്രവേശിക്കാം. ആര്‍.സി.ബിയുടെ നെറ്റ് റണ്‍ റേറ്റ് മറികടക്കുന്ന വമ്പന്‍ മാര്‍ജിനിലെ വിജയമാണ് മുംബൈയെ തുണക്കുക. ഇവര്‍ രണ്ട് പേരും അവസാന മത്സരത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ തുറന്നേക്കും.

ഒരുപക്ഷേ റോയല്‍ ചലഞ്ചേഴ്‌സിന് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ടീമിന്റെ ഗ്രീന്‍ ജേഴ്‌സിയുടെ ലെഗസിയും അവസാനിച്ചേക്കും. ഗ്രീന്‍ ജേഴ്‌സിയണിഞ്ഞ് വിജയിച്ചപ്പോഴെല്ലാം പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടുണ്ടെന്നതാണ് ആര്‍.സി.ബിയെ സംബന്ധിച്ച് ഈ ജേഴ്‌സിയെ സ്‌പെഷ്യലാക്കുന്നത്.

2011ലാണ് ഗോ ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി ആര്‍.സി.ബി ഗ്രീന്‍ ജേഴ്‌സി അവതരിപ്പിക്കുന്നത്. ഈ ജേഴ്‌സി ധരിച്ച ഭൂരിഭാഗം മത്സരത്തിലും തിരിച്ചടിയായിരുന്നു ടീമിന് ലഭിച്ചതെങ്കില്‍ വീണുകിട്ടിയ വിജയം അവരെ പ്ലേ ഓഫിലെത്തിച്ചിരുന്നു.

ജേഴ്‌സി പുറത്തിറക്കിയ 2011ല്‍ കൊച്ചി ടസ്‌കേഴ്‌സിനോട് വിജയിച്ചപ്പോള്‍ ഫൈനല്‍ വരെയായിരുന്നു ആര്‍.സി.ബിയെത്തിയത്. അന്ന് ഫൈനലില്‍ ചെന്നൈയോട് തോല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് നാല് സീസണുകളില്‍ ഗ്രീന്‍ ജേഴ്‌സിയണിഞ്ഞ് തോറ്റപ്പോള്‍ 2016ലാണ് ടീം ആ പതിവ് തെറ്റിച്ചത്. ഗുജറാത്ത് ലയണ്‍സിനെ 144 റണ്‍സിന് തറപറ്റിച്ചപ്പോള്‍ വിരാടിനെയും സംഘത്തെയും കാത്തിരുന്നത് ഫൈനല്‍ ബെര്‍ത്തായിരുന്നു. അന്ന് ഡേവിഡ് വാര്‍ണറും സംഘവുമായിരുന്നു ആര്‍.സി.ബിയെ കരയിച്ചത്.

 

തുടര്‍ന്ന് അഞ്ച് സീസണുകളില്‍ ഈ ജേഴ്‌സിയില്‍ ആര്‍.സി.ബി തോറ്റപ്പോള്‍ ഐ.പി.എല്ലിന്റെ 15ാം എഡിഷനില്‍ സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തി. അന്ന് പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും രണ്ടാം എലിമിനേറ്ററില്‍ രാജസ്ഥാനോട് തോറ്റ് പുറത്തായി.

ഐ.പി.എല്‍ 2023ല്‍ ഗ്രീന്‍ ജേഴ്‌സിയണിഞ്ഞപ്പോള്‍ വിജയം ഫാഫിനും സംഘത്തിനും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ തങ്ങളെ പുറത്താക്കിയ രാജസ്ഥാനെ എട്ട് റണ്‍സിന് തോല്‍പിച്ചാണ് ആര്‍.സി.ബി ഇത്തവണ വിജയിച്ചത്.

ഗ്രീന്‍ ജേഴ്‌സിയില്‍ വിജയിച്ചപ്പോഴെല്ലാം പ്ലേ ഓഫ് കളിച്ച റോയല്‍ ചലഞ്ചേഴ്‌സിന്റെ ആ പതിവ് ആവര്‍ത്തിക്കുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിന് സാധിച്ചില്ലെങ്കില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റെയ്ന്‍ബോ ജേഴ്‌സിയുടെ വിധിയെന്ന പോലെ ഗ്രീന്‍ ഇനിഷ്യേറ്റീവ് ജേഴ്‌സിയുടെ ലക്കും അവസാനിച്ചേക്കും.

 

 

Content Highlight: RCB’s green jersey and the playoffs