പ്ലേ ഓഫിനുള്ള വിളിയും കാത്തിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ഇനിയെല്ലാം മുംബൈ – ദല്‍ഹി മത്സരത്തിന്റെ വിധിക്കായാണ് ബെംഗളൂരു കാത്തിരിക്കുന്നത്.
പ്ലേ ഓഫില്‍ നിന്നും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ മുംബൈ ഇന്ത്യന്‍സ് റിഷബ് പന്തിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ആര്‍.സി.ബിക്ക് പോയിന്റ് പട്ടികയില്‍ നാലാമതെത്താനും പ്ലേ ഓഫിലേക്കെത്താനും സാധിക്കും.
പ്ലേ ഓഫിന്റെ വിളി കാത്തിരിക്കുന്നതിനിടെ പ്ലേ ബോള്‍ഡ് ടീമിന് സന്തോഷമുള്ള വാര്‍ത്തയാണ് ആരാധകര്‍ സമ്മാനിച്ചിരിക്കുന്നത്. ടീമിന് വേണ്ടി ഗിന്നസ് റെക്കോഡ് തന്നെയാണ് ടീമിലെ പന്ത്രണ്ടാമന്‍മാര്‍ നേടിക്കൊടുത്തത്.
ഒരു മണിക്കൂറില്‍ വിക്കറ്റിനിടെയിലെ ഓട്ടത്തിലൂടെ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയതിന്റെ റെക്കോഡാണ് ആരാധകര്‍ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ജയമഹല്‍ പാലസില്‍ വെച്ച് സംഘടിപ്പിച്ച #12thManTakeover ന് ഇടയാണ് ആരാധകര്‍ നേട്ടം സ്വന്തമാക്കിയത്.
187 ആര്‍.സി.ബി ആരാധകര്‍ ചേര്‍ന്ന് 823 റണ്‍സാണ് ഒരു മണിക്കൂര്‍ സമയം കൊണ്ട് വിക്കറ്റിനിടയിലൂടെ ഓടി നേടിയത്. ഇന്ത്യന്‍ കായിക താരങ്ങളായ ദ്യുതി ചന്ദിന്റേയും രൂപീന്ദര്‍ പാല്‍ സിംഗിന്റേയും സാന്നിധ്യത്തിലായിരുന്നു ആരാധകരുടെ റെക്കോഡ് നേട്ടം.
പ്യൂമയായിരുന്നു പരിപാടിക്ക് നേതൃത്വം നല്‍കിയത്.
‘ആരാധകര്‍ക്കായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും അവരെ കായികലോകവുമായി ബന്ധിപ്പിക്കുന്നതിലും പ്യൂമ എന്നും വിശ്വസിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളെ സേവിക്കുന്നതില്‍ പ്യൂമ എന്നും പ്രതിജ്ഞാബദ്ധരാണ്.
ഇത്തരത്തില്‍ ഒരു ലോകറെക്കോഡ് സ്ഥാപിക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ കൂട്ടമായി എത്തിയത് ഏറെ സന്തോഷം നല്‍കുന്നു. ഇവര്‍ ചേര്‍ന്ന് അന്തരീക്ഷം ആവേശഭരിതമാക്കി. ഇവരെ ഒരൊറ്റ പ്ലാറ്റഫോമിലേക്കെത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,’ പ്യൂമ ഇന്ത്യന്‍ ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ഗാംഗുലി പറഞ്ഞു.
അതേസമയം, പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ്. ദല്‍ഹി ക്യാപ്പിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ജയിച്ചാല്‍ മാത്രമേ ആര്‍.സി.ബിക്ക് പ്ലേ ഓഫിലേക്ക് കയറാന്‍ സാധിക്കൂ. അഥവാ ദല്‍ഹിയാണ് ജയിക്കുന്നതെങ്കില്‍ ആദ്യ കിരീടം എന്ന സ്വപ്‌നം ബാക്കിയാക്കി ബെംഗളൂരുവിന് മടങ്ങേണ്ടി വരും.
Content Highlight: RCB’s fans Gets Into The Guinness Book Of World Record For Achieving Unique Feat