ഐ.പി.എല്‍ 2023ലെ 32ാം മത്സരത്തില്‍ വിജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം.
ആര്‍.സി.ബി ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ 182 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സ് വേണമെന്നിരിക്കെ 12 റണ്‍സ് മാത്രമാണ് റോയല്‍സ് നേടിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തേക്കാളുപരി ഗ്രീന്‍ ഇനിഷ്യേറ്റീവ് ജേഴ്‌സിയില്‍ വിജയം കുറിച്ചതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. 2011 മുതല്‍ ഗ്രീന്‍ ജേഴ്‌സിയില്‍ വിജയിച്ചപ്പോഴെല്ലാം തന്നെ റോയല്‍ ചലഞ്ചേഴ്‌സ് പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. അത് ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
— Royal Challengers Bangalore (@RCBTweets) April 23, 2023
2011ലാണ് റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ ഗ്രീന്‍ ജേഴ്‌സി അവതരിപ്പിക്കുന്നത്. ഗോ ഗ്രീന്‍ ഇനിഷ്യേറ്റീവിന്റെ ഭാഗമായി സീസണില്‍ ഒരു മത്സരം പച്ച ജേഴ്‌സിയില്‍ കളിക്കുമെന്നാണ് ടീം അറിയിച്ചത്.
അന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരളയായിരുന്നു ആര്‍.സി.ബിയുടെ എതിരാളികള്‍. ഗെയ്ല്‍ സ്റ്റോമില്‍ ആര്‍.സി.ബി മത്സരം വിജയിച്ചപ്പോള്‍ ഫൈനല്‍ വരെയാണ് ടീം മാര്‍ച്ച് ചെയ്തത്. എന്നാല്‍ ഫൈനലില്‍ ധോണിപ്പടയോട് തോല്‍ക്കാനായിരുന്നു ആര്‍.സി.ബിയുടെ വിധി.
തുടര്‍ന്നുള്ള സീസണുകളില്‍ എപ്പോഴെല്ലാം ഗ്രീന്‍ ജേഴ്‌സ് ആര്‍.സി.ബി കളത്തിലെത്തിയോ ആ മത്സരത്തിലെല്ലാം തോല്‍വിയായിരുന്നു ഫലം. എന്നാല്‍ ഈ പതിവ് തെറ്റിയത് 2016ലാണ്.
വിരാടിന്റെ സംഹാരശേഷിയുടെ പേരില്‍ പ്രശസ്തമായ ഐ.പി.എല്‍ 2016ല്‍ കോഹ്‌ലിയുടെയും ഡി വില്ലിയേഴ്‌സിന്റെയും സെഞ്ച്വറിയുടെ കരുത്തില്‍ ഗുജറാത്ത് ലയണ്‍സിനെ തറപറ്റിച്ചാണ് ആര്‍.സി.ബി ഗ്രീന്‍ ജേഴ്‌സിയില്‍ വിജയിച്ചുകയറിയത്. 144 റണ്‍സിനാണ് ആര്‍.സി.ബി മത്സരം സ്വന്തമാക്കിയത്.
വീണ്ടും പച്ച ജേഴ്‌സിയില്‍ അഞ്ച് സീസണുകളില്‍ തോറ്റ ആര്‍.സി.ബി കഴിഞ്ഞ വര്‍ഷമാണ് വീണ്ടും വിജയിച്ചത്. വാനിന്ദു ഹസരങ്ക അഴിഞ്ഞാടിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെയായിരുന്നു ആര്‍.സി.ബി പരാജയപ്പെടുത്തിയത്. ഈ വിജയത്തിന് പിന്നാലെ പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യാനും ടീമിനായി.
ഗോ ഗ്രീന്‍ ജേഴ്‌സിയില്‍ ബെംഗളൂരു മറ്റൊരു മത്സരം കൂടി വിജയിച്ചിരിക്കുകയാണ്. നേരത്തെ നടന്ന മൂന്ന് മത്സരത്തിലേതെന്ന പോലെ പടുകൂറ്റന്‍ വിജയമല്ല സ്വന്തമാക്കിയതെങ്കില്‍ കൂടിയും രാജസ്ഥാനെതിരായ വിജയം ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുകയാണ്. ഗ്രീന്‍ ജേഴ്‌സിയുടെ ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ മറ്റൊരു പ്ലേ ഓഫിലേക്കും ഒരുപക്ഷേ ആദ്യ കിരീടത്തിലേക്കുമായിരിക്കും ബെംഗളൂരു കുതിക്കുന്നത്.
ഈ വിജയത്തിന് പിന്നാലെ നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും നാല് വിജയവുമായി എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ആര്‍.സി.ബി. മത്സരം തോറ്റെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ഒന്നാമത് തുടരുകയാണ്.
Content Highlight: RCB registers yet another victory in Green Jersey