| Saturday, 17th December 2022, 8:40 am

സ്വന്തം പേരിലുള്ള റെക്കോഡ് തകരുന്നത് കണ്ട് റോയല്‍ ചാലഞ്ചേഴ്‌സ് ചിരിക്കുന്നത് ഇതാദ്യമായിരിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ബിഗ് ബാഷ് ലീഗില്‍ നടന്ന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്-സിഡ്‌നി തണ്ടര്‍ മത്സരത്തില്‍ കളി ജയിച്ച സ്‌ട്രൈക്കേഴ്‌സിനെക്കാളേറെ സന്തോഷിക്കുന്നത് വിരാട് കോഹ്‌ലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തന്നെയായിരിക്കും. തങ്ങളുടെ പേരിലുള്ള ഒരു റെക്കോഡിന് പുതിയ അവകാശികളെത്തിയതിന് തന്നെയാകും ആര്‍.സി.ബി സന്തോഷിക്കുന്നത്.

ഫ്രാഞ്ചൈസി ടി-20 ലീഗുകളിലെ ഏറ്റവും മോശം സ്‌കോര്‍ ഇത്രയും നാള്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പേരിലായിരുന്നു. 2017ല്‍ കൊല്‍ക്കത്തെക്കെതിരായ മത്സരത്തില്‍ ആര്‍.സി.ബി നേടിയ 49 റണ്‍സായിരുന്നു മോശം സ്‌കോര്‍.

എന്നാല്‍ കഴിഞ്ഞ ദിവസം ബി.ബി.എല്ലില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് 124 റണ്‍സിന് വിജയിച്ചതോടെ ആര്‍.സി.ബിയുടെ പേരിലുള്ള മോശം റെക്കോഡിന് പുതിയ അവകാശികളുമെത്തി.

സ്‌ട്രൈക്കേഴ്‌സ് ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ തണ്ടര്‍ വെറും 15 റണ്‍സിന് ഓള്‍ ഔട്ടായി. പത്താം നമ്പറിലിറങ്ങി നാല് റണ്‍സ് നേടിയ ബ്രെന്‍ഡന്‍ ഡഗറ്റാണ് തണ്ടര്‍ നിരയിലെ ടോപ് സ്‌കോറര്‍.

ഇതിന് പിന്നാലെ ആര്‍.സി.ബി മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സ്ട്രൈക്കേഴ്സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 139 റണ്‍സായിരുന്നു നേടിയത്.

ക്രിസ് ലിന്നിന്റെയും കോളിന്‍ ഗ്രാന്‍ഡ്ഹോമിന്റെയും പ്രകടനമായിരുന്നു സ്ട്രൈക്കേഴ്സിന് തെറ്റില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ലിന്‍ 27 പന്തില്‍ നിന്നും 36 റണ്‍സും ഗ്രാന്‍ഡ്ഹോം 24 പന്തില്‍ നിന്നും 33 റണ്‍സും നേടി.

നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാന്‍ താരം ഫസലാഖ് ഫാറൂഖിയാണ് സ്ട്രൈക്കേഴ്സിനെ എറിഞ്ഞുവീഴ്ത്തിയത്.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ തണ്ടറിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ മത്സരത്തില്‍ സില്‍വര്‍ ഡക്കായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു ജില്‍ക്സ് ഈ മത്സരത്തിലും അതാവര്‍ത്തിച്ചു. മാറ്റ് ഷോര്‍ട്ടിന്റെ പന്തില്‍ ഹാരി ആദം ഹോസേക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു താരത്തിന്റെ മടക്കം. തുടര്‍ന്ന് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു.

കളിച്ച രണ്ട് കളിയില്‍ രണ്ടും ജയിച്ച സ്ട്രൈക്കേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഒരു ജയവും ഒരു തോല്‍വിയുമായി നാലാം സ്ഥാനത്താണ് തണ്ടര്‍.

നാളെ (ഡിസംബര്‍ 18) മെല്‍ബണ്‍ റെനഗെഡ്സിനെതിരെയാണ് തണ്ടറിന്റെ അടുത്ത മത്സരം.

Content Highlight: RCB memes goes viral after Sydney Thunder all out for 15

We use cookies to give you the best possible experience. Learn more