| Thursday, 30th March 2023, 9:09 pm

നെറുകുംതലക്ക് അടി കിട്ടിയ അവസ്ഥയില്‍ വിരാട്; തലയില്‍ കൈവെച്ച് ആര്‍.സി.ബി; നഷ്ടമായത് ഒന്നല്ല രണ്ടല്ല മൂന്ന് പേരെ

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണിലെങ്കിലും കപ്പെടുക്കണമെന്ന വാശിയിലാണ് ആര്‍.സി.ബി കളത്തിലിറങ്ങുന്നത്. ഓരോ വര്‍ഷവും ആരാധകര്‍ മുടങ്ങാതെ ഈ സാലാ കപ്പ് നംദേ എന്ന് പറയുന്നുണ്ടെങ്കിലും ആ പറച്ചില്‍ മാത്രമാണ് ഓരോ സീസണിലും നടക്കുന്നത്.

2008ല്‍ ടൂര്‍ണമെന്റ് ആരംഭിച്ച് 15 സീസണ്‍ പിന്നിട്ടപ്പോള്‍ ഒരു തവണ പോലും കിരീടം നേടാന്‍ സാധിക്കാത്ത മൂന്ന് ടീമുകളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ദല്‍ഹി ക്യാപ്പിറ്റല്‍സും (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) പഞ്ചാബ് കിങ്‌സും (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ആണ് മറ്റ് രണ്ട് ടീമുകള്‍.

ഈ സീസണിലെങ്കിലും കിരീട വരള്‍ച്ചക്ക് അറുതി വരുത്തണമെന്ന് ആഗ്രഹിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിന് ടൂര്‍ണമെന്റിന് മുമ്പ് തന്നെ വമ്പന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മൂന്ന് സൂപ്പര്‍ താരങ്ങളുടെ അഭാവമാണ് ടീമിനെ ആശങ്കയിലാഴ്ത്തുന്നത്.

ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ്, ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ശ്രീലങ്കന്‍ മാജിക്കല്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക എന്നിവരുടെ അഭാവമാണ് ആര്‍.സി.ബി ക്യാമ്പില്‍ ആശങ്കയുണര്‍ത്തുന്നത്.

പരിക്ക് കാരണമാണ് ഹേസല്‍വുഡും മാക്‌സ്‌വെല്ലും വിട്ടുനില്‍ക്കുന്നതെങ്കില്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പര കാരണമാണ് ഹസരങ്ക ടീമിന്റെ ഭാഗമാകാത്തത്. മൂന്ന് താരങ്ങള്‍ക്കും ആദ്യ മത്സരം നഷ്ടപ്പെടുമെന്നുറപ്പാണ്.

ഹേസല്‍വുഡിന് ആദ്യ ചില മത്സരങ്ങള്‍ പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ കാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്നും പ്രമുഖ മാധ്യമമായ ക്രിക്കറ്റ് അഡിക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ താരത്തിന് ടീമിനൊപ്പം ചേരാന്‍ സാധിക്കൂ. ഇതെപ്പോഴായിരിക്കുമെന്ന് കൃത്യമായ ധാരണയില്ലെങ്കിലും വൈകാതെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നിന്നായിരിക്കും മാക്‌സ്‌വെല്‍ വിട്ടുനില്‍ക്കുക. താരം പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ എട്ട് വരെയാണ് ശ്രീലങ്കയുടെ ന്യൂസിലാന്‍ഡ് പര്യടനമുള്ളത്. ഹസരങ്ക പൂര്‍ണമായും പര്യടനത്തിന്റെ ഭാഗമാവുകയാണെങ്കില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. അങ്ങനെയെങ്കില്‍ ഏപ്രില്‍ പത്തിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടക്കുന്ന മത്സരത്തിലാകും ഹസരങ്ക ആര്‍.സി.ബിക്കായി പന്തെറിയുക.

സൂപ്പര്‍ താരം രജത് പാടിദാറിന്റെ പരിക്കും ആര്‍.സി.ബിയുടെ മുമ്പില്‍ ചോദ്യ ചിഹ്നമായി തുടരുന്നുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്‌ക്വാഡ്: വിരാട് കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡു പ്ലെസിസ് മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, രജത് പാടീദാര്‍, അനുജ് റാവത്ത്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍,  സുയാഷ് ശര്‍മ, പ്രഭുദസ് കൗള്‍, ഡേവിഡ് വില്ലി, റീസ് ടോപ്ലി, ഹിമാന്‍ഷു ശര്‍മ, മനോജ് ഭണ്ഡാഗെ, രജന്‍ കുമാര്‍, അവിനാഷ് സിങ്, സോനു യാദവ്, മൈക്കല്‍ ബ്രേസ്വെല്‍.

Contet Highlight: RCB is struggling due to injury of superstars

We use cookies to give you the best possible experience. Learn more