|

ജയിച്ചിട്ടും നാണക്കേടായല്ലൊ ബെംഗളൂരു; പേടിക്കണ്ടേ, പഞ്ചാബും നിങ്ങള്‍ക്കൊപ്പമുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മൂന്നാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിനാണ് ബെംഗളൂരു തകര്‍ത്തത്.

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 16 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ വിജയിച്ചെങ്കിലും വമ്പന്‍ നാണക്കേടിന്റെ റെക്കോഡിലേക്കാണ് ആര്‍.സി.ബി വീണ്ടും തുഴഞ്ഞു പോകുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 200 റണ്‍സ് വഴങ്ങിയ ടീമാകാനാണ് ബെംഗളൂരിന്റെ വിധി. എന്നാല്‍ ഈ നേട്ടത്തില്‍ ബെംഗളൂരു ഒറ്റക്കല്ല, കൂടെ പഞ്ചാബ് കിങ്‌സും പങ്കുചേരുന്നുണ്ട്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 200 റണ്‍സ് വഴങ്ങിയ ടീം, എണ്ണം

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 28*

പഞ്ചാബ് കിങ്‌സ് – 28

വില്‍ ജാക്സിന്റെ സെഞ്ച്വറിയുടേയും വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലുമാണ് റോയല്‍ ചലഞ്ചേഴ്സ് വിജയിച്ചത്.

44 പന്തില്‍ 70 റണ്‍സ് നേടി കോഹ്‌ലി ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറു ഫോറുകളും മൂന്ന് സിക്സുകളും ആണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുടെ ബാറ്റില്‍ നിന്നും പിറന്നത്. 159 സ്‌ട്രൈക്ക്‌റേറ്റിലാണ് താരം ബാറ്റ് വീശിയത്. 2024 സീസണില്‍ താരം 500 റണ്‍സ് സ്വന്തമാക്കി റണ്‍സ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്.

വിരാടിന് പുറമെ 41 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിക്കൊണ്ടായിരുന്നു വില്‍ ജാക്സിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും പത്ത് കൂറ്റന്‍ സിക്സുകളും ആണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. 243.90 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ ബെംഗളൂരു 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം മാത്രം നേടി ആറ് പോയ്‌ന്റോടെ അവസാനമാണ്. പഞ്ചാബ് ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം സ്വന്തമാക്കി എട്ടാം സ്ഥാനത്താണ്.

Content highlight: RCB In Unwanted Record Achievement