പ്ലേ ഓഫ് ലക്ഷ്യമിട്ടുകൊണ്ട് മുംബെ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലേക്കിറങ്ങുകയാണ്. വിജയിക്കുന്ന ടീമിന് പ്ലേ ഓഫിലേക്ക് ഒരടി കൂടി വെക്കാന്‍ സാധിക്കും എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.
നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സും നാലാം സ്ഥാനത്തുള്ള സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തില്‍ തീ പാറുമെന്നാണ് അരാധകര്‍ കരുതുന്നത്. ഇരുടീമിന്റെയും ബാറ്റിങ് നിര തമ്മിലുള്ള മത്സരമാകും എകാനയില്‍ സംഭവിക്കാന്‍ പോകുന്നത്.
ഈ മത്സരം കേവലം മുംബൈ ഇന്ത്യന്‍സിന്റെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെയും വിധി മാത്രമല്ല കുറിക്കുക. പോയിന്റ് പട്ടികയില്‍ അഞ്ച്, ആറ്, ഏഴ് സ്ഥാനത്തുള്ള ടീമുകളുടെ, പ്രത്യേകിച്ച് അഞ്ചാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സാധ്യതകളെയും സമവാക്യങ്ങളെയും മുംബൈ – ലഖ്‌നൗ മത്സരഫലം കീഴ്‌മേല്‍ മറിച്ചേക്കാം.
മുംബൈക്കെതിരായ മത്സരത്തില്‍ ലഖ്‌നൗവിന്റെ പരാജയമാണ് ബെംഗളൂരുവിന്റെ മുന്നേറ്റത്തിന് തുണയാവുക. അതുകൊണ്ടുതന്നെ ദൈവത്തിന്റെ പോരാളികളുടെ വിജയം തന്നെയായിരിക്കും ആര്‍.സി.ബി ആരാധകരും ആഗ്രഹിക്കുന്നത്.
ഇതാദ്യമായല്ല റോയല്‍ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ കയറാന്‍ മുംബൈയുടെ വിജയം അനിവാര്യമാണെന്നിരിക്കെ തങ്ങളുടെ പ്രൊഫൈല്‍ പിക്ചര്‍ ചുവപ്പില്‍ നിന്നും നീലയിലേക്ക് മാറ്റിയായിരുന്നു ആര്‍.സി.ബി പിന്തുണ അറിയിച്ചത്. #RedTurnsBlue എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു ബെംഗളൂരു പ്രൊഫൈല്‍ മാറ്റിയത്.
ആ മത്സരത്തില്‍ രോഹിത്തും സംഘവും ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയതോടെയാണ് ആര്‍.സി.ബിക്ക് പ്ലേ ഓഫിലെക്കുള്ള വാതില്‍ തുറന്നത്.
ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റിന് 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇഷാന്‍ കിഷന്റെയും ഡെവാള്‍ഡ് ബ്രെവിസിന്റെയും ടിം ഡേവിഡിന്റെയും ഇന്നിങ്സിന്റെ ബലത്തില്‍ അഞ്ച് പന്തും അഞ്ച് വിക്കറ്റും കയ്യിലിരിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.