[] ന്യൂദല്‍ഹി: പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഠ്ജുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍.സി ലഹോട്ടി. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന അശോക് കുമാര്‍ അഴിമതിക്കാരനാണെന്ന് കഠ്്ജു അറിയിച്ചിരുന്നില്ലെന്ന് ലഹോട്ടി പറഞ്ഞു.
ആരോപണ വിധേയനായ ജഡ്ജിയെ നിയമിക്കാന്‍ യു.പി.എ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ആരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരാളുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടില്ലെന്നും ലഹോട്ടി വിശദീകരിച്ചു.
ജഡ്ജിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം തടയാന്‍ കഠ്്ജുവിന് നിര്‍ദേശിക്കാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ ലഹോട്ടി ആദ്യമായി പ്രതികരിച്ചത്.
മദ്രാസ് ഹൈക്കോടതിയിലെ അഴിമതിക്കാരനായ ജഡ്ജിയെക്കുറിച്ച് രഹസ്യാന്വേഷണം നടത്തണമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ലഹോട്ടിയോട് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയ ലഹോട്ടി ജഡ്ജിയെ സംരക്ഷിച്ചുവെന്നുമായിരുന്നു മാര്‍ക്കണ്ഡേയ കഠ്്ജുവിന്റെ വെളിപ്പെടുത്തല്‍.