| Monday, 16th March 2020, 5:34 pm

യെസ് ബാങ്കിന് പ്രഖ്യാപിച്ച മൊറട്ടോറിയം പിന്‍വലിക്കുന്നു; നിക്ഷേപകരുടെ പണം സുരക്ഷിതമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യെസ് ബാങ്കിന് പ്രഖ്യാപിച്ച മൊറട്ടോറിയം മാര്‍ച്ച് 18ന് ഒഴിവാക്കുമെന്ന് അറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബാങ്കില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതമാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

യെസ് ബാങ്കിന്റെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാരും കേന്ദ്ര ബാങ്കും എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യെസ് ബാങ്കിന് ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുണ്ടെങ്കില്‍ ആര്‍.ബി.ഐ പണമായി നല്‍കി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തെ തിങ്കളാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ തള്ളി. സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയായിരിക്കും അടുത്ത കൊവിഡുമായി ബന്ധപ്പെട്ട അവലോകനത്തിന് ശേഷമുള്ള യോഗത്തില്‍ ഈ കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

യെസ് ബാങ്കിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് അഞ്ചിനായിരുന്നു യെസ് ബാങ്കിന് ആര്‍.ബി.ഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതോടെ ബാങ്കില്‍ നിന്നും പരമാവധി പിന്‍വലിക്കാവുന്ന തുക 50,000 രൂപയാക്കി ചുരുക്കിയിരുന്നു.

മാര്‍ച്ച് അഞ്ചിന് വൈകുന്നേരം ഏര്‍പ്പെടുത്തിയ മൊറൊട്ടോറിയം ഏപ്രില്‍ മൂന്നു വരെ നിലനില്‍ക്കുമെന്നായിരുന്നു ആദ്യം ആര്‍.ബി.ഐ വ്യക്തമാക്കിയത്.

അതേസമയം ക്രിമിനല്‍ വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സി.ബി.ഐ യെസ് ബാങ്ക് സ്ഥാപകന്‍ റാണാകപൂറിനെതിരെ കേസെടുത്തിരുന്നു. റാണാകപൂറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും റെയ്ഡ് നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more