ക്ഷേത്രങ്ങളിലെ സ്വര്‍ണം: വില്‍പ്പനയല്ല കണക്കെടുപ്പാണ് ഉദ്ദേശമെന്ന് റിസര്‍വ് ബാങ്ക്
India
ക്ഷേത്രങ്ങളിലെ സ്വര്‍ണം: വില്‍പ്പനയല്ല കണക്കെടുപ്പാണ് ഉദ്ദേശമെന്ന് റിസര്‍വ് ബാങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2013, 1:01 pm

[]ന്യൂദല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ കണക്ക് കാണിക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്കാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. []

സ്വര്‍ണം വാങ്ങാനല്ല കണക്കെടുപ്പാണ് ലക്ഷ്യമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ കത്ത് ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം വെളിപ്പെടുത്തി. മാനേജിങ് കമ്മിറ്റി കത്ത് പരിഗണിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ കണക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെ.എന്‍ ബാലഗോപാല്‍ എം.പി ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കേണ്ടെന്നും ഇതെല്ലാം ക്ഷേത്രാവകാശമെന്നും ബി.ജെ.പി വ്യക്തമാക്കി.

ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേതമടക്കമുള്ള രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ വിവരങ്ങള്‍ റിസര്‍വ്വ ബാങ്ക് ഓഫ് ഇന്ത്യ ശേഖരിക്കുന്നതായി ഇന്നലെയാണ് വാര്‍ത്ത വന്നത്.

ഇത് സംബന്ധിച്ച് രാജ്യത്തെ ഏഴോളം വരുന്ന പ്രമുഖ ക്ഷേത്ര ഭാരവാഹികള്‍ക്ക് ആര്‍.ബി.ഐ കത്തയച്ചിട്ടുണ്ട്.

രൂപയുടെ വിലയിടിയുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഉരുത്തിരിയുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണം വില്‍ക്കണമെന്ന് ആര്‍.ബി.ഐ അറിയിച്ചതായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണം വാങ്ങാനല്ല കണക്കെടുപ്പ് മാത്രമാണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.

തിരുപ്പതി ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം, തിരുവന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ശ്ര സിദ്ധിവിനായക്, വൈക്ഷ്‌ണോദേവി ക്ഷേത്രം എന്നീ ക്ഷേത്ര ഭാരവാഹികള്‍ക്കാണ് ആര്‍.ബി.ഐ കത്തയച്ചിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ വന്‍ തോതില്‍ സ്വര്‍ണ്ണശേഖരമുണ്ടെന്ന് കണക്കിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ നീക്കം. ഇരുപതിനായിരം ടണ്‍ സ്വര്‍ണ്ണം വിവിധ ക്ഷേത്രങ്ങളിലായി ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

നിലവിലെ സ്വര്‍ണ്ണ വില അനുസരിച്ച് ഇത് 66170000000000 രൂപ വരും. സ്വര്‍ണത്തിന്റെ വ്യക്തമായ വിശദാംശങ്ങള്‍ ക്ഷേത്രങ്ങള്‍ നല്‍കണമെന്ന് അര്‍.ബി.ഐയുടെ കത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.