ന്യൂഡല്‍ഹി: നോട്ട് നിരോധന തീരുമാനത്തെ കുറിച്ച് പ്രധാനമന്ത്രി, ധനമന്ത്രിയുടെയോ സാമ്പത്തിക ഉപദേഷ്ടാവിന്റെയോ അഭിപ്രായം ആരാഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്.
വിവാരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയിലാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്കിന്റെ മറുപടി. ചോദ്യം വിവാരാവകാശ നിയമ പരിധിയില്‍ പെടുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍.ബി.ഐ മറുപടി പറയാന്‍ വിസമ്മതിച്ചത്.
ജലന്ദറില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിംഗ് കിത്‌നയാണ് പ്രധാനമന്ത്രി കഴിഞ്ഞ നവംബര്‍ 8ന് പ്രഖ്യാപിച്ച നോട്ട് നിരോധന തീരുമാനത്തെ കുറിച്ച് വിവരാവകാശ നിയമപ്രകാരം റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് നല്‍കാനാവുന്ന വിവരങ്ങളെല്ലാം വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മറ്റുള്ള വിവരങ്ങളൊന്നും നല്‍കാനാവില്ലെന്നും ആര്‍.ബി.ഐ അറിയിക്കുകയായിരുന്നു.
ഇതേ കാര്യത്തെപ്പറ്റി വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസനയച്ച അപേക്ഷയും നിരസിച്ചിരുന്നു. നോട്ട് നിരോധനം പ്രധാനമന്ത്രിയെടുത്ത സ്വന്തം തീരുമാനമായിരുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.
നേരത്തെ വിവരാവകാശനിയമപ്രകാരമുള്ള അന്വേഷണത്തിനുള്ള മറുപടിയായി നോട്ട് നിരോധനത്തിന്റെ കാരണം പരസ്യമാക്കാനാവില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നുമായിരുന്നു ആര്‍.ബി.ഐയുടെ വിശദീകരണം.
അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ പൂര്‍ണമായി വിപണിയിലെത്തുന്നതിന് എത്രസമയമെടുക്കുമെന്ന ചോദ്യത്തിനും ആര്‍.ബി.ഐ മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍ ഇതിനു പിന്നാലെ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം റിസര്‍വ് ബാങ്കിന്റെ പ്രത്യേക ബോര്‍ഡ് അംഗീകരിച്ചത് പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് വെറും മുന്ന് മണിക്കൂര്‍ മുന്‍പ് മാത്രമാണെന്ന് ആര്‍.ബി.ഐ വെളിപ്പെടുത്തിയിരുന്നു.
നോട്ട് നിരോധന തീരുമാനത്തിന്റെ സമയം സംബന്ധിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബര്‍ 8ന് വൈകിട്ട് എട്ടുമണിക്കാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.
അതേസമയം രാജ്യത്തെ എല്ലാ തട്ടിലുമുള്ള ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നോട്ട് നിരോധന തീരുമാനത്തിന് നവംബര്‍ 8 വൈകിട്ട് 5.30നാണ് തങ്ങള്‍ അംഗീകാരം നല്‍കിയതെന്നായിരുന്നു ന്ന് റിസര്‍വ് ബാങ്ക് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയത്.