[]ന്യൂദല്‍ഹി: വായ്പയെടുക്കാന്‍ പരമാവധി ശ്രദ്ധപുലര്‍ത്തണമെന്ന് പൊതുജനങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെയും സംസ്ഥാന ആഭ്യന്തരവകുപ്പിന്റെയും മുന്നറിയിപ്പ്.
ബ്ലേഡ് മാഫിയകളെയും അനധികൃത പണമിടപാട് സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ജനറല്‍ മാനേജരും നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കാന്‍ തീരുമാനിച്ചത്.
രജിസ്റ്റര്‍ ചെയ്യാത്ത വായ്പ സംഘങ്ങള്‍, പണം പലിശയ്ക്ക് കൊടുക്കുന്ന അനൗദ്യോഗിക സ്‌ത്രോതസുകള്‍ എന്നിവയില്‍ നിന്ന് വായ്പയെടുക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിലോ കേരള മണി ലെന്‍ഡേഴ്‌സ് ആക്ട് അനുസരിച്ചോ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് മാത്രമേ വായ്പ എടുക്കാവൂ എന്നും സംസ്ഥാന ആഭ്യന്തര വകുപ്പും റിസര്‍വ് ബാങ്കും നിര്‍ദേശിക്കുന്നു.
വാര്‍ഷിക പലിശ നിരക്ക് എത്രയാണെന്ന് പരിശോധിച്ച് അത് വളരെ ഉയര്‍ന്നതല്ലെന്ന് ഉറപ്പ് വരുത്തണം. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ അവരുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും പ്രദര്‍ശിപ്പിച്ചിരിക്കണം. റിസര്‍വ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ ഈ സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭ്യമാണ്. കുറഞ്ഞ പലിശനിരക്ക്, അതിവേഗ വായ്പകള്‍ തുടങ്ങിയ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും ആര്‍.ബി.ഐ മുന്നറിയിപ്പ് നല്‍കുന്നു.